യുദ്ധഭീകരതയുടെയും കൊലവിളികളുടെയും ശബ്ദത്താല്‍ വിറങ്ങലിച്ച ഫലസ്തീന്‍ ജനതയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ നേവലാണ് പി.കെ.പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം. ഇന്നേവരെ മലയാള നോവല്‍ ചര്‍ച്ചചെയ്യാത്ത വിഷയത്തെ പി.കെ.പാറക്കടവ് തന്റെ ശബ്ദസുന്ദരമായ വാക്കുളാല്‍ മനോഹരമാക്കി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവലിനെക്കുറിച്ച് മലയാളത്തിലെ മറ്റൊരു കഥാകാരനായ സേതു നോവലിസ്റ്റിനെ അഭിനന്ദിക്കുന്നതോടൊപ്പം നോവല്‍ പ്രതിനിധാനം ചെയ്യുന്ന വിഷയത്തെപ്പറ്റിയും ആഖ്യാനമികവിനെപറ്റിയും എഴുതുകയുണ്ടായി. മാത്രമല്ല പുസ്തകത്തെ ആസ്പദമാക്കി പലരും ചര്‍ച്ചകളും സംവാദങ്ങളും നടത്തി. ഇപ്പോഴിതാ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.
മണ്ണില്‍ ഒരിടത്ത് ഉറച്ചുനിന്ന് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന രാജ്യമാണ് ഫലസ്തീന്‍. വെടിയുണ്ടകളുടെയും തീബോംബുകളുടെയും ഇടയില്‍ തളിരിടുന്ന, മൃത്യുവിന്റെ കരതലങ്ങളില്‍ സാക്ഷാത്കാരം തേടുന്ന അസാധാരണ പ്രണയത്തിന്റെയും അവസാനിക്കാത്ത പോരാട്ടത്തിന്റയും കഥയാണ് ഇടിമിന്നലുകളുടെ പ്രണയത്തിന്റെ ഇതിവൃത്തം. മരണമില്ലാത്ത കിനാവുകളിലൂടെ നിത്യജീവന്‍തേടുന്ന കഥാപാത്രങ്ങളാണിതിലുള്ളത്. ഫര്‍നാസ്, അലാമിയ എന്നിവരുടെ പ്രണയത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്.
ഫലസ്തീനിയന്‍ പോരാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അസ്വസ്ഥപ്രദേശത്തെ മനുഷ്യാവസ്ഥകളിലേക്കാണ് ഈ ലഘുനോവലിലൂടെ പാറക്കടവ് സഞ്ചരിക്കുന്നത്. ഫലസ്തീന്റെ നിറവും മണവും നിറഞ്ഞുനില്‍ക്കുന്ന നോവലില്‍ ഭാഗ്യനാഥ് വരച്ച്‌ചേര്‍ത്ത ചിത്രങ്ങളും വെടിമുരന്ന് മണക്കുന്ന ജീവിതങ്ങള്‍ എന്ന തലക്കെട്ടോടെ വി എ കബീര്‍ എഴുതിയ അനുബന്ധക്കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കല്‍ബുര്‍ഗിയടക്കമുള്ള എഴുത്തുകാര്‍ വധിക്കപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെയും സാഹിത്യ അക്കാദമിയുടെയും മൗനത്തില്‍ പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെച്ച പി.കെ.പാറക്കടവ് ഇപ്പോള്‍ മാധ്യമം പീരിയോഡിക്കല്‍സിന്റെ എഡിറ്ററാണ്. മുപ്പത്തഞ്ചോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. കഥകള്‍ ഇംഗ്ലിഷ്, ഹിന്ദി, മറാഠി, അറബി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എസ്.കെ.പൊറ്റെക്കാട്ട് അവാര്‍ഡ്, അയനം സി.വി.ശ്രീരാമന്‍ അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ്, ഫൊക്കാനോ അവാര്‍ഡ്, പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
The post അസാധാരണ പ്രണയത്തിന്റെയും അവസാനിക്കാത്ത പോരാട്ടത്തിന്റയും കഥ appeared first on DC Books.