എ.ഡി ഒമ്പതാം ശതകത്തോടു കൂടിയാണ് കേരളം രാഷ്ട്രീയമായും സാംസ്‌കാരികമായും ഭാഷാപരവുമായ ഉയര്‍ച്ച നേടുന്നതെങ്കിലും കേരളത്തിന്റെ ഖ്യാതി വിദേശ രാജ്യങ്ങളില്‍ അതിനുമുന്‍പേ എത്തിയിരുന്നു. പ്രാചീനകാലം മുതല്‍ തന്നെ കേരളം ലോകവാണിജ്യഭൂപടത്തില്‍ ഇടം നേടിയിരുന്നു. കേരളത്തിന്റ ഭൂപ്രകൃതിയും സുഗന്ധ വ്യഞ്ജനങ്ങളുടെ സാന്നിധ്യവുമാണ് ഇതിനു കാരണമായിരുന്ന ഘടകം. കേരളചരിത്രത്തെയും സംസ്‌കാരത്തെയും അവയുമായി ബന്ധപ്പെട്ട മഹദ്‌വ്യക്തിത്വങ്ങളെയും പരിചയപ്പെടുത്തുന്ന പുസ്തകമാണ് പ്രൊഫ. എ ശ്രീധരമേനോന്‍ രചിച്ച കേരളചരിത്ര ശില്പികള്‍.
കേരളം നാം ഇന്നു കാണുന്ന നാടാകുന്നതിന് പ്രധാന പങ്ക് വഹിച്ച ഭരണാധികാരികള്‍, കലാസാഹിത്യ രംഗങ്ങളിലെ പ്രധാനികള്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച വ്യക്തികളെയും അതോടൊപ്പം തന്നെ പ്രധാന സംഭവങ്ങളെയും ശ്രീധരമേനോന്‍ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു.
കേരളചരിത്രത്തിലെ പ്രധാന വ്യക്തിത്വങ്ങളെ അവതരിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ ചരിത്രവും പറഞ്ഞുപോകുന്ന രചനാരീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. കേരളചരിത്രത്തില്‍ സംഘ കാലഘട്ടത്തിലെ ചേരന്‍ ചെങ്കുട്ടുവന്റെ സ്ഥാനമെന്തായിരുന്നു എന്നു പറയുമ്പോള്‍ത്തന്നെ സംഘകാല ഭരണസംവിധാനവും സാമൂഹിക ക്രമവും അവതരിപ്പിക്കുന്നു. ഏഴിമലയിലെ നന്നന്‍, സെന്റ് തോമസ്, ശങ്കരാചാര്യര്‍, ചേരമാന്‍ പെരുമാള്‍, കുലശേഖര ആള്‍വാര്‍, വാസ്‌കോ ഡ ഗാമ, കുഞ്ഞാലി മരയ്ക്കാര്‍, തുഞ്ചത്തെഴുത്തച്ഛന്‍, ശൈക്ക് സൈനുദ്ദീന്‍, കൊട്ടാരക്കരത്തമ്പുരാന്‍, വാന്‍ റീഡ്, മാര്‍ത്താണ്ഡ വര്‍മ്മ, കുഞ്ചന്‍ നമ്പ്യാര്‍, ശക്തന്‍ തമ്പുരാന്‍, ടിപ്പു സുല്‍ത്താന്‍, പഴശ്ശിരാജ, വേലുത്തമ്പി ദളവ, സ്വാതി തിരുനാള്‍. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, രാജാ രവിവര്‍മ്മ, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു, ശ്രീചിത്തിര തിരുനാള്‍, സര്‍ റോബര്‍ട്ട് ബ്രിസ്‌റ്റോ. തുടങ്ങി ആധുനികകേരളത്തിന്റെ പിറവിക്ക് ഊടും പാവും നെയ്തവരുടെ ചരിത്രം ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു.
സംഘകാല ഭരണ സംവിധാനവും സാമൂഹികക്രമവും, കേരളത്തിലെ ആര്യന്‍മാരുടെ അധിനിവേശം, ജൈന- ബുദ്ധ മതങ്ങളുടെ വളര്‍ച്ച, വടക്കന്‍ പാട്ടുകഥകള്‍, മാമാങ്കം, കൂനന്‍കുരിശ് വിപ്ലവം, കേരളത്തിന്റെ സാംസ്‌കാരിക പുരോഗതിയുടെ ചരിത്രം, തിരുവിതാംകൂറിന്റെ ചരിത്രം ഇവയൊക്കെ പറയുന്ന ഈ പുസ്തകം കേരളചരിത്ര പഠനത്തിലെ അമൂല്യമായ കൃതിയാണ്.
ആഴത്തിലുള്ള ചരിത്രപഠനത്തിന് സഹായിക്കുന്ന കേരള ചരിത്രശില്പികള്‍ കേരള ചരിത്രപഠനത്തില്‍ ഒഴിച്ചുകൂടാനാവാത്ത മികച്ച ഒരു പുസ്തകമാണ്. 1988ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പിറങ്ങുന്നത് 2007ലാണ്. പുസ്തകത്തിന്റെ അഞ്ചാമത് ഡി സി പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
കേരളചരിത്രം, ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളില്‍), കേരളവും സ്വാതന്ത്ര്യ സമരവും, സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും, പുന്നപ്രവയലാറും കേരള ചരിത്രവും, ദി ലെഗസി ഓഫ് കേരള, കേരള ഹിസ്റ്ററി ആന്റ് മേക്കേഴ്‌സ്, കേരള രാഷ്ട്രീയ ചരിത്രം, കേരളവും സ്വാതന്ത്ര്യസമരവും തുടങ്ങിയവ അടക്കം ഇരുപത്തഞ്ചിലേറെ കൃതികള്‍ പ്രൊഫ എ ശ്രീധരമേനോന്‍ രചിച്ചിട്ടുണ്ട്.
The post കേരള ചരിത്രം നാടിനെ രൂപപ്പെടുത്തിയവരിലൂടെ appeared first on DC Books.