മഹാഭാരതം ഒരു പാഠമല്ല ഒരു പാരമ്പര്യമാണെന്ന് വ്യക്തമാക്കി പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി.ഇളയിടം. ദീര്‍ഘകാലത്തെ പ്രവാഹത്തിലൂടെ പല രൂപങ്ങളില്‍ പ്രവഹിക്കുകയും പല രൂപങ്ങളിലേക്ക് സംക്രമിക്കുകയും ചെയ്ത ഒരു വിപുല പാരമ്പര്യമാണ് മഹാഭാരതമെന്നും അത് ഏകമാനമായ ഒരു പാഠത്തിന്റെ പേരല്ലെന്നും സുനില്‍ പി.ഇളയിടം വ്യക്തമാക്കുന്നു. ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന മഹാഭാരതം: സാംസ്കാരികചരിത്രം എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് സുനില്‍ പി.ഇളയിടം തന്റെ വാദമുഖങ്ങള്‍ നിരത്തുന്നത്.
സുനില്‍ പി.ഇളയിടത്തിന്റെ വാക്കുകളില്‍നിന്നും
ഇന്ത്യയുടെ പ്രാചീനചരിത്രത്തെ ഇത്രത്തോളം വിപുലമായി സംഗ്രഹിക്കാന്‍ കെല്‍പുള്ള മറ്റൊരു പാഠത്തെ നമുക്ക് കാണാന്‍ കഴിയില്ല. മഹാഭാരതത്തിന്റെ പ്രാരംഭസ്ഥാനം ഏതെന്നു ചോദിച്ചാല്‍ ക്രിസ്തുവിന് മുമ്പ് ഒന്നാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലെവിടെയോ ഉത്തരഭാരതത്തില്‍ കുരുഗോത്രങ്ങള്‍ക്കിടയില്‍ അരങ്ങേറിയ ഒരു സംഘര്‍ഷത്തെ പാടിഫലിപ്പിച്ച ഗാനങ്ങളിലാകണം മഹാഭാരതം ആരംഭിച്ചതാണെന്നാണ് പലരും കരുതുന്നത്. സൂതന്മാരും ആഗതന്മാരും പാടി നടന്ന വീരഗാനങ്ങളില്‍ അത് തുടങ്ങുന്നു. അവിടെ നിന്ന് പലപല രൂപങ്ങളില്‍ ക്രമീകരിക്കപ്പെട്ട് പല പടവുകള്‍ പിന്നിട്ട് ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ആണ് മഹാഭാരതം സമ്പൂര്‍ണ്ണമായ രൂപത്തിലേക്കെത്തുന്നതായി കണക്കാക്കപ്പെടുന്നത്.
അങ്ങനെ നോക്കുമ്പോള്‍ ഒന്നര സഹസ്രാബ്ദത്തോളമുള്ള ഒരു കാലപരിധി മഹാഭാരതത്തിന് പിന്നില്‍ കാണാനാകും. ലോകത്തില്‍ മറ്റൊരു ഗ്രന്ഥത്തിനും ഇത്രമേല്‍ വിപുലമായൊരു ചരിത്രപശ്ചാത്തലം കണ്ടെത്താന്‍ കഴിയില്ല. ഇത്തരമൊരു വ്യാപ്തി നല്‍കുന്ന ജീവിതവൈപുല്യം, ഈ കാലയളവ് ഉണ്ടാക്കിയ ആശയങ്ങളുടെയും ആഖ്യാനങ്ങളുടെയും കടന്നുകയറല്‍, അതുണ്ടാക്കിയ ദാര്‍ശനികവും താത്വികവുമായ സമീപനങ്ങളുടെ പ്രകാശനങ്ങള്‍ ഇതെല്ലാം കൂടിച്ചേര്‍ന്നാണ് നാമിന്ന് കാണുന്ന വലിയൊരു പരപ്പ് മഹാഭാരതത്തിന് കൈവന്നത്.
മഹാഭാരതം ഫലശ്രുതിയില്‍ പറയുന്ന പ്രസിദ്ധമായ വാക്യമാണ് ‘യദി ഹാസ്തി തദന്യത്ര / യന്നേ ഹാസ്തി ന കുത്രചില്‍’ എന്നത്. ഇതിലുള്ളത് നിങ്ങള്‍ക്ക് ലോകത്ത് പലേടത്തും കാണാം. ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല എന്നു മഹാഭാരതം സ്വയം പറയുന്നു. അതൊരു അതിശയോക്തിയോ അലങ്കാരമോ ആയി കണക്കാക്കാവുന്നതേയുള്ളൂ. പക്ഷെ അതിലുള്ള വാസ്തവം ഇതാണ്, ഇത്ര ദീര്‍ഘമായ ഒരു ചരിത്രകാലയളവ് ഒരു ഗ്രന്ഥത്തിന് നല്‍കുന്ന അത്യസാധാരണമായ ഒരു വ്യാപ്തിയുടെ സൂചനയായി കണക്കാക്കാം.
ഇന്ന് മഹാഭാരതം ഒരു ലക്ഷം ശ്ലോകങ്ങളുള്ള ഒരു പാഠമായിരിക്കുന്നു. വീരഗാനങ്ങളുടെയോ പടപ്പാട്ടുകളുടെയോ രൂപത്തിലായിരിക്കാം ആരംഭം. അവിടെനിന്ന് 8000 ശ്ലോകങ്ങളുള്ള ജയം എന്ന രൂപം, 25,000 ശ്ലോകമുള്ള ഭാരതസംഹിത, ഒരു ലക്ഷം ശ്ലോകമുള്ള മഹാഭാരതം തുടങ്ങി പല രൂപങ്ങളുണ്ടായി.
ഇതിനിടയില്‍ ഇന്ത്യയില്‍ നിലവില്‍വന്ന എല്ലാ ആഖ്യാനങ്ങളും അതിന്റെ പാറ്റേണുകളുമായും മഹാഭാരതത്തിന്റെ പാഠത്തില്‍ കൂടിക്കലരുന്നുണ്ട്. അങ്ങനെ ആഖ്യാനങ്ങളുടെ ആഖ്യാനങ്ങളായി, കഥനങ്ങളുടെ കഥനമായി മഹാഭാരതം മനസ്സിലാക്കപ്പെടുന്നുണ്ട്. നൂറ്റാണ്ടുകളിലൂടെ പല രൂപങ്ങളില്‍ അത് സഞ്ചരിക്കുകയും ചെയ്യുന്നു. എ.കെ.രാമാനുജന്‍ മഹാഭാരതത്തെക്കുറിച്ച് സൂചിപ്പിക്കുന്നതുപോലെ ഒരു പാഠമല്ല, ഒരു പാരമ്പര്യമായിട്ടാണ് മഹാഭാരതത്തെ കാണേണ്ടത്. അത് ദീര്‍ഘകാലത്തെ പ്രവാഹത്തിലൂടെ പല രൂപങ്ങളില്‍ പ്രവര്‍ത്തിക്കുകയും പല രൂപങ്ങളില്‍ പ്രവഹിക്കുകയും പല രൂപങ്ങളിലേക്ക് സംക്രമിക്കുകയും ചെയ്ത ഒരു വിപുല പാരമ്പര്യത്തെയാണ് മഹാഭാരതം എന്നു വിളിക്കുന്നത്. അത് ഏകമാനമായ ഒരു പാഠത്തിന്റെ പേരല്ല.
വീഡിയോ കാണുന്നതിനായി സന്ദര്‍ശിക്കുക