കൊച്ചി: പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കവിതാസമാഹാരത്തിന് നല്‍കിയതില്‍ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്. ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഹൈന്ദവ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്താനും അപമാനിക്കാനുമാണ് പുരസ്‌കാരം നല്‍കുന്നതെന്നായിരുന്നു ആരോപണം. മഹാഭാരതത്തെയും ഭഗവത് ഗീതയേയും ഭാഗവതത്തെയും പ്രചരിപ്പിക്കുന്നതിനുകൂടി ചെലവഴിക്കേണ്ട കാണിക്കയിലെ പണം ഭഗവാന്റെ ലീലകളെ അപഹാസ്യമായി വരച്ചുകാട്ടുന്നതിനു പ്രോത്സാഹനമായി ചെലവഴിക്കുന്ന ദേവസ്വം ബോര്‍ഡ് രാജിവയ്ക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.
അതേസമയം പുരസ്‌കാരത്തെച്ചൊല്ലി സംഘപരിവാര്‍ അനുകൂല സംഘടനയായ തപസ്യ കലാസാഹിത്യ വേദിയിലും അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്. പുരസ്‌കാരം നല്‍കിയത് പൂന്താനത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു തപസ്യയുടെ പ്രസ്താവന. എന്നാല്‍ സംഘടനയുടെ പ്രസ്താവനയില്‍ വിയോജിച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീശൈലം ഉണ്ണികൃഷ്ണന്‍ രംഗത്തുവന്നു. ശ്യാമമാധവം മുഴുവന്‍ വായിച്ചിട്ടും അതില്‍ കൃഷ്ണനിന്ദ കാണാനായില്ലെന്നും കൃഷ്ണനെ കൂടുതല്‍ സ്‌നേഹിക്കാനാണ് തോന്നിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.