ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പൗലോകൊയ്‌ലോയുടെ ചാരസുന്ദരി ഇടംപിടിച്ചു. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള 7000ല്‍ അധികം പ്രസാധകര്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയിലാണ് ചാരസുന്ദരി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പൗലോകൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍ ‘ദ സ്‌പൈ’യുടെ മലയാള പരിഭാഷയാണ് ചാരസുന്ദരി. ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് സൈനികരുടെ തോക്കിന്‍ കുഴലുകളുടെ മുന്‍പില്‍ ഒടുങ്ങിപ്പോയ, സര്‍പ്പസൗന്ദര്യംകൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായി മാറിയ മാതാ ഹരിയുടെ സാഹസിക ജീവിതം വിശ്വസാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ ‘ദ സ്‌പൈ’ എന്ന നോവലിലൂടെ വീണ്ടും പുനര്‍ജനിക്കുകയായിരുന്നു. ദ സ്‌പൈ ഇറങ്ങിയ ഉടന്‍തന്നെ പുസ്തകത്തിന്റെ മലയാള പരിഭാഷ ഡി സി ബുക്‌സ് പുറത്തിറക്കുകയായിരുന്നു. കബനി സിയാണ് വിവര്‍ത്തക.
ഈ പുസ്തകത്തിന് ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിലാണ് ആദ്യമായി മൊഴിമാറ്റമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ദ സ്‌പൈയുടെ ഇംഗ്ലിഷ് പരിഭാഷ നവംബറില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലോക പുസ്തമേളയില്‍ മലയാളത്തിലിറങ്ങിയ ചാരസുന്ദരിക്ക് സ്വീകാര്യത ലഭിച്ചിരിക്കുന്നത്. ‘ദി സ്‌പൈ’ എന്ന തന്റെ പുതിയ നോവലിന്റെ മലയാള പരിഭാഷ ചാരസുന്ദരിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പൗലൊ കൊയ്‌ലോ ഷെയര്‍ ചെയതതും വാര്‍ത്തയായിരുന്നു. ലക്ഷക്കണക്കിന് ഫോളേവേഴ്‌സ് ഉള്ള തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലുമാണ് അദ്ദേഹം പുസ്തകത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ലോകസാഹിത്യത്തിന്റെ ഗതിവിഗതികളെക്കുറിച്ച് കൃത്യമായ ചിത്രം നല്‍കുന്ന ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള ആയിരക്കണക്കിനു പുസ്തകങ്ങളുടെ തര്‍ജ്ജമാവകാശം കൈമാറപ്പെടും. മലയാള പുസ്തകങ്ങളെ ലോകശ്രദ്ധയില്‍ എത്തിക്കുന്നതിനായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല നൂറോളം പുസ്തകങ്ങളെ ഈ വര്‍ഷം ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇവയില്‍ അധികവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചവയാണ്. മലയാളത്തില്‍ നിന്ന് ഡി സി ബുക്‌സും പുസ്തകങ്ങളുടെ ഈ മഹാമേളയില്‍ പങ്കെടുക്കുന്നുണ്ട്.
The post ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയിലും തരംഗമായി ചാരസുന്ദരി appeared first on DC Books.