ഡോ.മിനി പ്രസാദ്
ഭ്രാന്ത് അഥവാ ഉന്മാദം സ്ത്രീക്ക് ഒരു മോചനവും സ്വാതന്ത്ര്യവും നല്‍കുന്നു എന്ന പ്രഖ്യാപനത്തോടെ മലയാള സാഹിത്യത്തിലേക്ക് ഒരു നോവല്‍ കടന്നുവന്നിരിക്കുന്നു. സഹീറാ തങ്ങള്‍ വിശുദ്ധ സഖിമാര്‍ എന്ന പേരിലെഴുതിയ ആ നോവലിലൂടെ പേരിടാത്ത തന്റെ നായികയിലൂടെ, ഉന്മാദത്തിന്റെ ലോകങ്ങളെ, ഉന്മാദിയുടെ ചിന്തകളെ പരിചയപ്പെടുത്തുന്നു. ഒപ്പം ഒരുവള്‍ എങ്ങനെ ഉന്മാദിനിയാവുന്ന എന്നും പറഞ്ഞുതരുന്നു. നോവല്‍ ആരംഭിക്കുമ്പോള്‍ത്തന്നെ ഈ തുറന്നുപറച്ചില്‍ അനേകം കാര്യങ്ങള്‍ തനിക്ക് ലോകത്തെ അറിയിക്കാനുണ്ട് എന്നതിനാലാണെന്ന് നായിക പറയുന്നുണ്ട്. ഒരു ഭ്രാന്താലയമുറ്റത്ത് ഊരും പേരും തിരിച്ചറിയാത്ത അനേകം മനുഷ്യക്കോലങ്ങളുണ്ട്. ഇവിടെ എത്തിയ അന്നുമുതല്‍ ഞാനും എങ്ങനെയോ എന്റെ പേരു മറന്നുപോയി. എന്നിട്ടും ഇതെഴുതുന്നത് വെറുമൊരു പേരിലെന്തിരിക്കുന്നു എന്നു സ്വയം ബോദ്ധ്യപ്പെട്ടുകഴിഞ്ഞ സത്യം ലോകത്തെക്കൂടി അറിയിക്കാനാണ്. ഈ ഉദ്ദേശത്തോടെയാണ് പറഞ്ഞു തുടങ്ങുന്നതെങ്കിലും ഭ്രാന്ത് എന്ന അവസ്ഥ താന്‍ തീര്‍ച്ചയായും ആസ്വദിക്കുന്നു എന്നും അതിന്റെ കാരണങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്യുന്നു.
ഒരു ഭ്രാന്തിപ്പെണ്ണിന്റെ കണ്ണിന് സൂചിമുനയോളം മൂര്‍ച്ചയും അത്രതന്നെ ഒഴിവും കിട്ടിയാല്‍ മതി ആരെയും എവിടെയും മാറിനിന്നു നോക്കാം. ഒരാള്‍ക്കും പരാതി പറയാനാവില്ല. ഏറിയപക്ഷം അവള്‍ക്കു തലയ്ക്കു സ്ഥിരമില്ലാത്തതല്ലേ എന്നാശ്വസിച്ച് മാറിപ്പോകും.
പിറന്നുവീണ പിഞ്ചോമനയെ പ്രാപിക്കുന്നവനും ഭ്രാന്തിയെ അടുപ്പിക്കാന്‍ അല്‍പ്പം പേടിക്കും. ഒരു ഘട്ടം കഴിഞ്ഞാല്‍ സുഖം കൊണ്ട് നിക്കാന്‍ വയ്യേ… എന്നവള്‍ അലറുമോ എന്ന് അവന്‍ ഭയക്കുന്നു. തലക്കടിച്ച് കൊല്ലാന്‍ ഇത്രയേറെ സ്വാതന്ത്ര്യമുള്ള മറ്റ് ഏത് അവസ്ഥ? നിയമം പോലും അവളുടെ കൂടെ.
അതുകൊണ്ടുതന്നെ ഭ്രാന്തമായിരിക്കുക എന്ന അവസ്ഥ ഞാന്‍ ആസ്വദിക്കുന്നു. ഈ വാക്കുകളില്‍ത്തന്നെ ആ സ്വാതന്ത്ര്യത്തിന്റെ വലിയ ലോകം കടന്നുവരുന്നു. മനസ്സിലും ശരീരത്തിലും അവര്‍ ആസ്വദിക്കുന്നതും എത്രയോ കാലം തന്നില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ടതുമായ ആ ലോകത്തെ ആസ്വദിക്കുകയും ചെയ്യുന്നു. ഇത് ലോകം മുഴുവനും അങ്ങനെ സ്വീകരിക്കുകയില്ലെന്നും അവര്‍ക്കറിയാം. കാരണം ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉന്മാദാവസ്ഥയിലെത്താന്‍ കൊതിക്കാത്തവര്‍ക്ക് ഈ കുറിപ്പ് അരോചകമാവും എന്നും അവര്‍ മുന്‍കൂട്ടി പറയുന്നുണ്ട്. പൊതുസമൂഹം ഉന്മാദിനികളായ സ്ത്രീകളെ ഭയത്തോടും അവജ്ഞയോടും നോക്കുന്നത് അക്കാലത്ത് അവര്‍ ചെയ്ത ചില പ്രവര്‍ത്തികളുടെ അടിസ്ഥാനത്തിലാവും. എന്തുകൊണ്ടാണ് ഒരു സ്ത്രീയുടെ മനസ്സിന്റെ താളം തെറ്റുന്നതെന്നോ ആരാണ് അതിനു കാരണക്കാരെന്നോ ആരും അന്വേഷിക്കാറില്ല. കാരണം എന്തും സഹിക്കാനുള്ള കഴിവും എന്തിനെയും അടക്കിപ്പിടിക്കാനുള്ള പരിശീലനവും ഏതുകാലത്തും ഒരു സ്ത്രീ നേടിയെടുക്കണം. അത്തരം ആര്‍ജ്ജിത അറിവുകള്‍ അവള്‍ തലമുറകളിലേക്ക് പകരുകയും വേണം. ഇതാണ് നമ്മുടെ സമൂഹം; പിതൃ ആധിപത്യസമൂഹം ആഗ്രഹിക്കുന്നതും ഇച്ഛിക്കുന്നതും.
ഈ കഥപറച്ചിലുകാരി, ഉന്മാദിനി, ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ബിരുദാനന്തരബിരുദധാരിയായിരുന്നു. വീട്ടുകാര്‍ കണ്ടെത്തിയ വരന്‍ സുന്ദരനായിരുന്നു. സമ്പന്നനായിരുന്നു. നാട്ടില്‍ പൊതുവെ സമ്മതനുമായിരുന്നു. ഒരു വിവാഹത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഇതിനുമപ്പുറം നമ്മള്‍ എന്താണന്വേഷിക്കുന്നത്. വിവാഹത്തിനുശേഷം അയാളവളെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു. അത് തന്റെ അവകാശം എന്ന നിലയിലാണ് ഓരോ ദിവസവും ഈ കയ്യേറ്റങ്ങള്‍ നടന്നത്. പ്രസവം വളരെ അടുത്തായിപ്പോവുന്നത് വിദ്യാസമ്പന്നയായിരിക്കെ അവള്‍ക്ക് ഭൂഷണമല്ല എന്ന വിധത്തില്‍ പലരും സംസാരിച്ചിരുന്നു. അവള്‍ പക്ഷേ, തികച്ചും നിസ്സഹായയായിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും യാതൊരു സ്വയം നിര്‍ണ്ണയാവകാശങ്ങളും ഇല്ലാത്ത എത്രയോ സ്ത്രീകളുടെ പ്രതിനിധി മാത്രമാണ് അവള്‍. ഈ കുറിപ്പുകളിലുടനീളം സഹതാപവും സങ്കടവും തോന്നുന്നവിധം അവള്‍ക്കേല്‍ക്കുന്ന ശാരീരിക പീഡനങ്ങളുടെ വിവരങ്ങളുണ്ട്. ആദിമധ്യാന്തപ്പൊരുത്തം ഇവയ്ക്ക് അവകാശപ്പെടരുത് എന്ന് അവര്‍ ആദ്യമേ പറയുന്നുണ്ടെങ്കിലും ഇവയ്ക്ക് ഒരു പൊരുത്തം സ്വയമേ വന്നപോകുന്നു. കാരണം ഇതൊരു സ്ത്രീയുടെ ഹൃദയഭേദകമായ നിലവിളിയാണ്. സ്വയം വരുമാനവും വിദ്യാഭ്യാസവും ഉണ്ടായിട്ടും അവളെന്തേ ഇതാരോടും പറഞ്ഞില്ല എന്ന് സാധാരണപോലെ നമുക്ക് ചോദിക്കാം. പക്ഷെ, കഴിയില്ല. ഒന്നാമത് ഇത്തരം കാര്യങ്ങള്‍ മറ്റാരോടെങ്കിലും പറയാനുള്ള സങ്കോചം തന്നെ.
നമ്മുടെ ആവലാതികളും പ്രശ്‌നങ്ങളുമെല്ലാം നമ്മുടെ ഉള്ളില്‍ത്തന്നെ ഒതുങ്ങണമെന്നാണ് അമ്മ ഉപദേശിച്ചിരുന്നതും. അങ്ങനെ പറഞ്ഞുകൊടുക്കാനുള്ള കാരണവും അവര്‍ പറഞ്ഞു. ‘ മറ്റുള്ളവര്‍ അതു കേട്ടാല്‍ ചിരിക്കും, പരിഹസിക്കും. അതുമല്ലെങ്കില്‍ നിഗൂഢമായി സന്തോഷിക്കും.’ ഈ വാക്കുകള്‍ ഇത്രയും കാലത്തെ ജീവിതത്തിന്റെ അനുഭവജ്ഞാനങ്ങളില്‍നിന്ന് ആ അമ്മ നേടിയെടുത്തതാവാം. ഇത്തരം ഉപദേശങ്ങള്‍ കേട്ടുവളരുന്ന ഒരു പെണ്‍കുട്ടി എങ്ങനെയാണ് തന്റെ നൊമ്പരങ്ങളോ എന്തെങ്കിലും വിഷമതകളോ മറ്റുള്ളവരോട് പറയുന്നത്? അതെങ്ങനെ ഉള്ളില്‍ ഒതുക്കി ഒരാള്‍ എങ്ങനെയാണ് ഉന്മാദിനിയാവുന്നതെന്നാണ് അവരുടെ അനുഭവം തെളിയിക്കുന്നത്. രണ്ട് പ്രസവങ്ങള്‍ അടുത്തടുത്താവുന്നത് തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന തോന്നലില്‍നിന്നാണ് അവള്‍ ഗര്‍ഭനിരോധനമാര്‍ഗ്ഗം ഭര്‍ത്താവിന്റെ അനുമതിയില്ലാതെ സ്വീകരിക്കുന്നതും അത് വലിയ വിനയായിത്തീരുന്നതും.
അവസാനം ഉന്മാദത്തിന്റെ ഏതോ ഒരു തലത്തില്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച് തളര്‍ത്തി അവള്‍ ആ ജീവിതത്തില്‍നിന്നും രക്ഷപ്പെടുന്നു. ഭ്രാന്തിന്റെ ആനുകൂല്യത്തില്‍ ശിക്ഷയില്‍നിന്ന് ഇളവ് നേടുന്നു. ഹാര്‍മണിയില്‍ എത്തിച്ചേരുന്ന അവള്‍ക്ക് സ്‌നേഹം നല്‍കാനും ശരീരം ലൈംഗികോപകരണം മാത്രമല്ല എന്ന തോന്നല്‍ നല്‍കാനും ഡോ.റോയ്, മസീഹ് മാലിബ് എന്ന ചിത്രകാരന്‍, ഷോക്ക് ട്രീറ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റായ ഏകാല്‍ശ് എന്ന വിചിത്ര പേരുകാരന്‍ എന്നിവരുണ്ടായിരുന്നു. സ്‌നേഹപൂര്‍ണ്ണമായ തലോടലിലൂടെ അവളെ ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ പദവിയിലേക്ക് വളര്‍ത്താന്‍ അവര്‍ക്കായി, ബാംഗ്ലൂരില്‍ പീഡനങ്ങള്‍ക്ക് ഇരയായ അനേകം ആള്‍ക്കാരെ, പ്രത്യേകിച്ച് ചെറിയ കുട്ടികളെ കാണുമ്പോള്‍ തന്റെ അനുഭവങ്ങള്‍ നിസാരമാണെന്നവള്‍ തിരിച്ചറിയുന്നുണ്ട്. ഒരുകാര്യം നമ്മെ അതിശയിപ്പിക്കുന്നത് ഭ്രാന്തില്‍നിന്ന് മോചനം നേടിയിട്ടും ഒരിക്കലും അവര്‍ തന്റെ ഭര്‍ത്താവിനെപ്പറ്റി ഒന്നും പറയുന്നില്ല എന്നതാണ്.
തന്നോടു കാണിച്ച ക്രൂരതയേക്കാള്‍ അയാളെ അറപ്പോടും വെറുപ്പോടും സ്വീകരിക്കാന്‍ കാരണം കമലയായിരുന്നു. വളരെ കുഞ്ഞുപ്രായത്തില്‍ ദാരിദ്ര്യത്തിന്റെ ആധിക്യത്താല്‍ അവിടെ എത്തിപ്പെട്ട ഒരു പെണ്‍കുട്ടി. കാഡ്ബറീസ് കൊടുത്ത് വശപ്പെടുത്തി അയാള്‍ അവളെ കുഞ്ഞുപ്രായത്തില്‍ത്തന്നെ അതിക്രൂരമായി ചൂഷണം ചെയ്യുന്നു. അത് അയാള്‍ ഭാര്യയുള്ളപ്പോഴും തുടരുകയും തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ചേച്ചിയുടെ അരികില്‍ വെച്ച് ഈ ജീവിതം ഇങ്ങനെ തുടരാന്‍ വയ്യ എന്ന കാരണത്താലാണ് അവള്‍ അവിടെനിന്നും പോയത്. പിന്നീട് സ്വന്തം അപ്പനും ആങ്ങളമാരും ചേര്‍ന്നുതന്നെ അവളെ വില്‍ക്കുന്നു. അവളും ഹാര്‍മണിയില്‍ത്തന്നെ എത്തിച്ചേരുന്നു.
ഈ നോവലിന് ഇത്തരം വേദനാജനകമായൊരു തലം മാത്രമല്ല ഉള്ളത്. അതിനപ്പുറത്ത് ശരീരത്തിനും മനസ്സിനും ഏല്‍ക്കുന്ന ആഘാതങ്ങളില്‍നിന്ന് മോചനം നേടാനുള്ള അനേകം മാര്‍ഗ്ഗങ്ങള്‍ അത് പരിചയപ്പെടുത്തുന്നു. ലൈംഗിക വ്യാപാരത്തിന്റെ വലിയ റാക്കറ്റുകള്‍ പെണ്‍ശരീരം ഒരു കയ്യേറ്റഭൂമിയായി കണക്കാക്കുന്ന ലോകത്തിന്റെ ഭാഗമാണ് നാമൊക്കെ എന്ന് വിളിച്ചുപറയുന്നു. അവയില്‍ നിന്നൊക്കെ രക്ഷിച്ച് ഈ പെണ്‍കുട്ടികളെയും സ്ത്രീകളെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ സമൂഹമധ്യത്തില്‍ എത്രയോ അരക്ഷിതരാണെന്നും പറഞ്ഞുതരുന്നു. എയ്ഡ്‌സ് ബാധിതയായ അനുജാ കല്യാണി എന്ന പെണ്‍കുട്ടിയുടെ നിശിതമായ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ഉത്തരമില്ലാതെ നിര്‍ത്തുന്നു. അവളുടെ ജീവന്‍പോയ ശരീരത്തില്‍ നിന്നുപോലും എയ്ഡ്‌സ് പകരുമോ എന്ന ഭയം സൂക്ഷിക്കുന്ന സമൂഹത്തെ കാണുമ്പോള്‍ അവള്‍ക്ക് എയ്ഡ്‌സ് കൊടുത്തതാര് എന്ന് നാം രോഷത്തോടെ ചോദിച്ചുപോവുന്നു. ഭര്‍ത്താവ് മരിച്ചുപോയപ്പോള്‍ അയാളുടെ അനുജനെ വിവാഹം കഴിക്കാന്‍ വീട്ടുകാരാല്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു അന്‍സിയുണ്ട്. ഈ കഥാലോകത്ത് അജ്മലിന്റെ ഭാര്യയും അതിന് സമ്മതം മൂളിയതോടെയാണ് ഞാന്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ആന്‍സി പറയുന്നുണ്ട്.
വിവാഹം എന്ന ബോറന്‍ ഏര്‍പ്പാടില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്നുവിളിച്ചുപറയുന്ന ലോലിബ പുതിയ തലമുറയുടെ പ്രതിനിധിയാണ്, എല്ലാ സ്വാതന്ത്ര്യങ്ങളും അടിയറവെച്ച്, എല്ലാ മോഹങ്ങളും കുഴിച്ചുമൂടി മറ്റൊരാള്‍ക്കായി ജീവിക്കാന്‍ ജീവിക്കാന്‍ താത്പര്യമില്ല എന്ന് പുതിയ തലമുറ പ്രഖ്യാപിക്കുന്നു, ഇതിന്റെകൂടെ കഥാനായികയുടെ ചില വിചാരങ്ങളും ചേര്‍ത്തുവെക്കണം. കമലയുമായുള്ള സംഭാഷണത്തിനുശേഷം അവള്‍ക്കുണ്ടാവുന്ന ചില വിചാരങ്ങള്‍ നമ്മുടെ സമൂഹത്തിലെ ഏത് സ്ത്രീജീവിതത്തെ സംബന്ധിച്ചും പ്രസക്തമായ ചില ചിന്തകളാണ്.’ ഒരു പെണ്ണിന് എന്തിനൊക്കെയാണ് നേരമുള്ളത്? മുറ്റത്തിറങ്ങി ഒരു നേരം ആകാശത്തേക്ക് അവര്‍ നോക്കുന്നുണ്ടാവുമോ? നക്ഷത്രങ്ങളെ നോക്കിചിരിക്കുന്നുണ്ടാവുമോ? നിലാവിനെ, സൂര്യാസ്തമയത്തെ, ആകാശത്തിന്റെ വിവേചിച്ചറിയാനാവാത്ത നിറക്കൂട്ടുകളെ, പൂത്തുവരുന്ന മാമ്പൂമണം അവള്‍ ആസ്വദിച്ച് കാണുമോ ജീവിതത്തില്‍ ഒരിക്കലെങ്കിലും? ഇത്തരം ഇഷ്ടങ്ങളെ ഹോമിക്കാനാവില്ല എന്നതാണ് പുതിയ തലമുറയുടെ നിലപാട്.
വിശുദ്ധ സഖിമാര്‍ എന്ന പേര് നോവലിനെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു. കാരണം, ശരീരത്തിനും മനസ്സിനുമേറ്റ മുറിവുകളില്‍നിന്നും എല്ലാവരെയും രക്ഷിക്കാന്‍ അവര്‍ക്കാവുന്നു. ഉന്മാദിയുടെ കാഴ്ചകളും ഉന്മാദം ഒഴിഞ്ഞുപോയവളുടെ കാഴ്ചകളും നോവലിസ്റ്റ് ഒരേപോലെ അവതരിപ്പിക്കുന്നു. അവളെ നിലവിളിയായി ഒടുങ്ങാന്‍ വിടാതെ കൈപിടിച്ചുയര്‍ത്തി വിശുദ്ധിയിലേക്ക് വഴികാട്ടിയ കരുണയ്ക്ക് എന്നൊരു വാചകം നന്ദിയായി എഴുതിച്ചേര്‍ത്തിരിക്കുന്നതില്‍ നിന്ന് ഈ അനുഭവങ്ങളുടെ പരിചിതത്വം വ്യക്തമാവുന്നു.
കടപ്പാട്: സ്ത്രീശബ്ദം മാസിക