Clik here to view.

Clik here to view.

ദുബായ്: അന്യവത്ക്കരിക്കപ്പെടുന്ന ജനലക്ഷങ്ങള്‍ക്ക് സുരക്ഷിതമായി എങ്ങനെ പലായനം ചെയ്യാം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്ന സ്റ്റഡി ക്ലാസ്സുകള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന കാലം വിദൂരമല്ലെന്ന് കവി മുരുകന്‍ കാട്ടാക്കട. അഭയാര്‍ത്ഥികളുടെ പലായനം ഇറാഖിലും സിറിയയിലും മാത്രം നടക്കുന്ന ദുരന്തമായി ലാഘവത്തോടെ വീക്ഷിക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പ്രശസ്തമായ ‘കണ്ണട’ എന്ന കവിത രചിച്ചിട്ട് 20 വര്‍ഷം തികയുന്ന വേളയില്‍, ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ‘ലുലു-ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലി’നോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മലയാളത്തിന്റെ ജനപ്രിയകവി.
മതം കൊണ്ട് മുറിവേറ്റുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നമ്മള്‍ സ്വപ്നം കണ്ടിരുന്ന അവസ്ഥയിലേയ്ക്കല്ല, മോശം സ്ഥിതിവിശേഷത്തിലാണ് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നത്. അപ്പോഴും നാം നമ്മുടെ ഭാഷയേയും സംസ്‌കാരത്തെയും നന്മകളെയും കൈവിടാതെ നോക്കണം. സമൂഹത്തിന്റെ കണ്ണുകളെ മൂടിയ തിമിരം മാഞ്ഞിട്ടില്ലെന്ന് മാത്രമല്ല, അന്ധകാരം കൂടുതല്‍ കനക്കുകയാണ്.
‘കണ്ണട’ എന്ന കവിത എന്റെ ആദ്യപുത്രിയാണ്. കണ്ണട എഴുതിയപ്പോള്‍ സമൂഹത്തിനുണ്ടായിരുന്ന തിമിരം സമീപകാലത്ത് ഭീഷണമായ ആകാരം കൈവരിച്ചിരിക്കുന്നു. നമ്മുടെ കാലത്തെയും ദേശത്തെയും മൂടുന്ന അന്ധകാരത്തെ സ്വന്തം വാക്കുകളിലൂടെയും ശബ്ദങ്ങളിലൂടെയും എപ്പോഴും ചെറുത്തുകൊണ്ടിരിക്കണം.
രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളില്‍ നിന്ന് തെന്നിമാറാനുള്ള സമീപകാലത്തെ ശ്രമങ്ങള്‍ക്കെതിരെ രാഷ്ട്രീയവിശ്വാസങ്ങള്‍ക്ക് അതീതമായി, തെരുവുകളിലും കലാലയങ്ങളിലും പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ രാജ്യത്തെ യുവാക്കളാണ്. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ താങ്ങും തണലുമായതും സാമൂഹികപ്രതിബദ്ധതയുള്ള യുവസമൂഹം തന്നെയാണ്. അവരെ നമ്മള്‍ ന്യൂജനറേഷന്‍ പിള്ളേരെന്ന് പറഞ്ഞ് പരിഹസിക്കരുത്.
മലയാളി മാത്രമാണ് സമത്വം എന്ന ആശയത്തിലൂന്നി ദേശീയോത്സവം കൊണ്ടാടുന്ന ഏകസമൂഹം. കള്ളവും ചതിയും എള്ളോളമില്ലാത്ത കാലം മലയാളിക്ക് പണ്ടുമുണ്ടായിരുന്നു.
കൂടെ പോരാന്‍ ആഗ്രഹം പ്രകടിപ്പിച്ച ചന്ദ്രികയെ സ്‌നേഹപൂര്‍വ്വം വിലക്കുന്ന ചങ്ങമ്പുഴയുടെ രമണന്‍ എന്ന കവിതയിലെ രമണന്റെ ഔചിത്യബോധവും യഥാര്‍ത്ഥപ്രണയവും പുതിയ കാലത്തെ കാമുകന്മാര്‍ക്ക് ഇല്ലാതെ പോകുന്നതുകൊണ്ടാണ്, പ്രേമാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് തീപ്പൊള്ളലേറ്റ് ജീവന്‍ വെടിയേണ്ടിവരുന്നത്. മക്കളെ ചുമരില്‍ വലിച്ചടിക്കുന്ന അമ്മമാരുള്ള കാലം മുന്നിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നുവെന്നും അതുകൊണ്ട് നാം സൂക്ഷ്മതയോടെ ജീവിക്കണമെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു.
കണ്ണട, ബാഗ്ദാദ്, രേണുക, ഐലന്‍ കുര്‍ദി എന്നിവക്കൊപ്പം, നെല്ലിക്ക, രേണുകയുടെ രണ്ടാം ഭാഗമായ ‘നീ അരികില്‍ ഉണ്ടായിരുന്ന കാലം, രക്തസാക്ഷി, അമ്മ, തുടങ്ങിയ കവിതകളും ചങ്ങമ്പുഴക്കവിതകളും മുരുകന്‍ കാട്ടാക്കട ആലപിച്ചു. ആസ്വാദകരോടൊത്തും അദ്ദേഹം കവിതകള്‍ ചൊല്ലി. കവിതകളെയും രചനാരീതിയെയും സമകാലികവിഷയങ്ങളെയും കുറിച്ച് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ജനപ്രിയകവിയെ കാണാനും കേള്‍ക്കാനും, യു.എ.ഇയുടെ വിവിധഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് എത്തിയിരുന്നത്.
Image may be NSFW.
Clik here to view.
മാധ്യമപ്രവര്‍ത്തകനായ റോയി റാഫേല്‍ പരിപാടിയില്‍ ആമുഖപ്രഭാഷണം നടത്തി. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ മുരുകന്‍ കാട്ടാക്കടയുമായുള്ള സംവാദത്തിന് നേതൃത്വം നല്‍കി. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ കെ.പി. തമ്പാന്‍, ഡി സി ബുക്‌സ് പ്രതിനിധി അനില്‍ ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി 13ന് ആരംഭിച്ച ലുലു -ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവല്‍ ഫെബ്രുവരി 29ന് സമാപിച്ചു.