അറബ് രാജ്യങ്ങളില്‍ പുസ്തക വായന പ്രോത്സാഹിപ്പിക്കാനായി തുടക്കമിട്ട അറബ് റീഡിങ് ചലഞ്ചിന് ദുബായില്‍ സമാപനമായി. ഇതോടനുബന്ധിച്ച് നടന്ന വായനാ മത്സരത്തില്‍ അള്‍ജീരിയന്‍ സ്വദേശിയായ ഏഴു വയസുകാരന്‍ മുഹമ്മദ് ഫറാ ഒന്നര ലക്ഷം ഡോളറിന്റെ (ഏകദേശം ഒരു കോടി രൂപ) കാഷ് അവാര്‍ഡിന് അര്‍ഹനായി. ഫലസ്തീനിലെ താലാ അല്‍ അമല്‍ സ്‌കൂളിനെ റീഡിങ് ചലഞ്ചിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുത്തു. 10 ലക്ഷം യുഎസ് ഡോളറാണ് സമ്മാന തുക.
ഒരു വര്‍ഷം നീണ്ടു നിന്ന റീഡിങ് ചലഞ്ചില്‍, വിവിധ രാജ്യങ്ങളിലെ 35 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ബുര്‍ജ് ഖലീഫക്ക് സമീപം ദുബായ് ഓപ്പറ ഹൗസിലാണ് പരിപാടി അരങ്ങേറിയത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു.
വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളില്‍ നിന്ന് 18 പേരെയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ മൂന്നു പേരെ അവാര്‍ഡ് ചടങ്ങിലേക്ക് ക്ഷണിച്ചു. ഇവരിലെ വിജയിയാണ് മുഹമ്മദ് ഫറാ.
2015 സെപ്റ്റംബറിലാണ് അറബ് റീഡിങ് ചലഞ്ച് പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് 21 രാജ്യങ്ങളിലെ, 30,000 സ്‌കൂളുകളിലെ, 35 ലക്ഷത്തിലധികം കുട്ടികള്‍ക്ക്, അഞ്ചു കോടി പുസ്തകങ്ങള്‍ നല്‍കി. ഒരു കോടി 10 ലക്ഷം ദിര്‍ഹത്തിന്റെ ക്യാഷ് അവാര്‍ഡാണ് ഈ പദ്ധതിയ്ക്കായി ചെലവഴിച്ചത്.
The post അറബ് റീഡിങ് ചലഞ്ച് സമാപിച്ചു appeared first on DC Books.