ബെസ്റ്റ് സെല്ലറായി തുടരുന്ന കെ ആര്‍ മീരയുടെ ആരാച്ചാര്‍, ഇതിനോടകം പല ചര്‍ച്ചകള്‍ക്കും മികച്ച അംഗീകാരങ്ങള്‍ക്കും പാത്രമായിട്ടുണ്ട്. എന്തിന് ഇക്കഴിഞ്ഞ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ പോലും ആരാച്ചാരിന് മുന്‍ഗണന ലഭിച്ചിരുന്നു. ഇതുവരെ ആരും തിരഞ്ഞെടുക്കാതിരുന്ന പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ പുസ്തകത്തെ വായനക്കാര്‍ ഇന്നും നെഞ്ചോട് ചേര്‍ക്കുന്നു..അതിനു തെളിവാണ് ദിവ്യ ജോസ് എന്ന വായനക്കാരി എഴുതിയ വായനാക്കുറിപ്പ്.
”ബംഗാളിന്റെ ആത്മകഥ.. അങ്ങനെ വിശേഷിപ്പിക്കാനാണ് മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത്. എന്നാലും ആ വിശേഷണം വളരെ ലോപിച്ചു പോയല്ലോ എന്ന് ശരി വയ്ക്കുന്ന രീതിയില്‍ ഓരോ കഥാപാത്രങ്ങളും മുന്നില്‍ വന്നു നിന്ന് വീണ്ടും വീണ്ടും കഥകളുടെ കെട്ടഴിച്ചു കൊണ്ടേയിരുന്നു.
രണ്ടായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള കഥകള്‍…ചേതന ഗൃദ്ധാ മല്ലിക് എന്ന ഇരുപത്തി രണ്ടുകാരിയുടെ ചിന്തകളിലൂടെ വായനക്കാരെ ഇന്ത്യയുടെ ചരിത്രത്തിലൂടെ കൈ പിടിച്ചു കൊണ്ട്പോകുന്നതോടൊപ്പം…വര്‍ത്തമാന കാലത്തെ വളരെ പ്രസക്തമായ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളും നോവലില്‍ അനാവരണം ചെയ്യപ്പെടുന്നു.
മരണവും മണ്ണും പ്രണയവും കൂടിക്കുഴഞ്ഞു കിടക്കുന്ന നോവലിലൂടനീളം, മീരയുടെ ഭാഷയുടെ അസാമാന്യ കൈയടക്കവും ആഖ്യാന രീതികളും അത്ഭുതപ്പെടുത്തുന്നത് തന്നെ എന്ന് പറയാതിരിക്കാന്‍ വയ്യ. ഗൃദ്ധാ മല്ലിക് എന്ന ആരാച്ചാര്‍ കുടുംബപരമ്പരയുടെ അനുഭവ സമ്പത്തിന്റെ വെട്ടത്തിലൂടെ ക്രിസ്തു വിനും 400 വര്‍ഷം മുന്‍പ് തുടങ്ങുന്ന,ചരിത്രത്തിന്റെ പറയപ്പെടാത്ത കഥകളിലേക്കാണ് കഥാകാരി വിരല്‍ ചൂണ്ടുന്നത്. ആരാച്ചാര്‍ പദവി ഒരു നിയോഗമായി കാണുന്ന വംശപരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയായ ചേതന എന്ന യുവതി ആരാച്ചാര്‍ എന്ന പദവി ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നതോടെ തുടങ്ങുന്ന സംഭവ വികാസങ്ങള്‍ ആണ് ഉള്ളടക്കം. ഭ്രൂണാവസ്ഥയില്‍ പോലും ലക്ഷണമൊത്ത കുടുക്കുണ്ടാക്കാന്‍ അറിയാവുന്നവള്‍ എന്നാണ് ചേതന …അവളെപ്പറ്റി പറയുന്നത്. ഗംഗാതീരത്തുള്ള ഒരു ശ്മശാനവും അതിലേക്കു നീളുന്ന ഒരു റോഡരികിലെ ആരാച്ചാരുടെ വീടും ഒരു ക്യാന്‍വാസിലെ എന്ന പോലെ വായനക്കാരന്റെ മനസ്സില്‍ വരച്ചിടാന്‍ മീരയുടെ ആഖ്യാനശൈലി കാരണമായിട്ടുണ്ട്.
മരണം എന്ന പ്രധാന കഥാപാത്രം നോവലിലുടനീളം മേധാവിത്വം പുലര്‍ത്തുന്നു.ദിവസവും നീളുന്ന ശവവണ്ടികളുടെ ഘോഷയാത്രയെക്കുറിച്ചുള്ള വിവരണങ്ങള്‍. അത് തന്നെയാണ് ഈ നോവലിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത. ഓരോരോ കാലങ്ങളിലും ജീവിച്ചിരുന്ന പൂര്‍വ്വികരുടെ ഓര്‍മകളിലൂടെ അതാതു കാലങ്ങളിലെ സാമൂഹിക രാഷ്ട്രീയ കാര്യങ്ങളോടൊപ്പം….പ്രണയവും മതവും യുദ്ധങ്ങളും പട്ടിണിയും ദാരിദ്ര്യവും പറഞ്ഞു പോകുന്ന നോവല്‍ പുതിയ ഒരു തരം വായനാനുഭവം നല്‍കി വായനക്കാരനെ വിസ്മയിപ്പിക്കുന്നു. ഭൂത കാലത്തില്‍ നിന്നും വേര്‍പിരിച്ചെടുക്കാനാകാത്ത വര്‍ത്തമാന കാലം …..വല്ലാത്ത ഒരു അവസ്ഥ വിശേഷമായി പ്രതിഫലിക്കുന്നുണ്ട്. ഭാവിയിലേക്കുള്ള ഒരു തുറന്ന വീക്ഷണവും കൂടിയാണ് മീര തുറന്നു വക്കുന്നത്. യതീന്ദ്രനാഥ് ബാനര്‍ജി എന്ന ചെറുപ്പക്കാരനെ തൂക്കി കൊല്ലുക എന്നതായിരുന്നു ആരാച്ചാര്‍ വേഷം അണിയേണ്ട, പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഇരുപത്തിരണ്ടുകാരി ചേതന മല്ലിക് ഏറ്റടുത്ത ദൗത്യം. വാര്‍ത്ത മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റു പിടിക്കുന്നതോടെ ആരാച്ചാര്‍ കുടുംബത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ആണ് നോവലില്‍ ഉടനീളം പ്രതിഫലിക്കുന്നത്’.ലോകത്തിലെ ആദ്യത്തെ വനിതാ ആരാച്ചാര്‍’ എന്ന തലക്കെട്ടോടെ ഏറ്റവും കൂടുതല്‍ റേറ്റിംഗിനു വേണ്ടി മത്സരിക്കുന്ന മാധ്യമങ്ങളുടെ വിവിധ കൈകടത്തലുകളും ഉടനീളം കാണാം
ഈ വീട്ടിലേക്കു ഒരു വാര്‍ത്ത ചാനല്‍ പ്രവര്‍ത്തകനായ സഞ്ജീവ് കുമാര്‍ മിത്ര എത്തുന്നതോടെ ചേതനയുടെ മനസിലെ പ്രണയവും വിടരുകയായിരുന്നു. വധശിക്ഷ നിര്‍ത്തലാക്കണമോ വേണ്ടയോ എന്ന് കഥാപാത്രങ്ങളിലൂടെ മീര ചര്‍ച്ച ചെയ്യുന്നു. ആകാംക്ഷാഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ വായനക്കാരും ഈ ഉത്തരം തേടി അലയുന്നുണ്ട്. ഒരു സ്ത്രീപക്ഷ വീക്ഷണം നോവലിലുടനീളം പുലരുന്നുണ്ട്. ചരിത്രത്തിലെ പല സ്ത്രീ കഥാപാത്രങ്ങളും സാഹചര്യങ്ങള്‍ക്കനുസരിച്ചു ചേതനയുടെ ഓര്‍മ്മകളിലൂടെ വന്നു പോകുന്നു. പ്രൊതിമാതി ,ഖാവന ത്രൈലോക്യദേവി, ഉത്പലവര്‍ണ്ണ , ബീഗം റുഖയ, ചിന്‍മയീ ദേവി, പിംഗളകേശിനി, അന്നപൂര്‍ണ..അങ്ങനെയങ്ങനെ ഒരുപാടു കഥാപാത്രങ്ങള്‍ കഥകള്‍ പറയുന്നു.പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും…വരള്‍ച്ചയുടെയും ,വഞ്ചിക്കപ്പെടുന്നതിന്റെയും ഒക്കെ കഥകള്‍..! ഗംഗയും ഹൂഗ്ലിയും പശ്ചാത്തലത്തിലൂടെ ഒഴുകുന്നു…ടാഗോറിന്റെ സംഗീതം ഉടനീളം മധുരം പൊഴിക്കുന്നു..
ഇടനാഴിയില്‍ ഇരുവശത്തും കടും ചുവപ്പു ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ വിടര്‍ത്തി ചിരിച്ചു കൈകള്‍ ഇടുപ്പില്‍ കുത്തി മുലപ്പാലൊഴുകുന്ന മാറിടങ്ങള്‍ അനാവൃതമാക്കി വില്‍പനക്കായി സ്വയം നില്‍ക്കുന്ന സോനാഗച്ചിയിലെ പെണ്‍വേഷങ്ങളും അവരുടെ കഥകളും വന്നുപോകുന്നുണ്ട്..’ഭൂമിയില്‍ മരണത്തേക്കാള്‍ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ…’ ചേതനയുടെ പ്രണയത്തിന്റെ തീവ്രത അവള്‍ ഓരോ വാക്കിലും പ്രകടിപ്പിക്കുന്നുണ്ട്. സ്‌നേഹിക്കുന്ന പുരുഷന്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ ഉണങ്ങുന്നില്ല.
ഹൃദയത്തിന്റെ ഒരു പകുതി കൊണ്ട് അവനെ സ്‌നേഹിക്കാനും…മറു പകുതികൊണ്ടു അവന്റെ സ്‌നേഹശൂന്യതയെ നേരിടാനും ഉള്ള കരുത്ത് ഒരു പെണ്ണ് നേടിയെടുക്കുന്നതിന് അവള്‍ കടന്നു പോകുന്ന ആത്മസംഘര്‍ഷങ്ങള്‍ ഒരു പെണ്ണിന് മാത്രം സാധ്യമാകുന്ന ഉള്‍ക്കരുത്തോടെ മീര ആവിഷ്‌കരിച്ചിരിക്കുന്നു.
ഒരു സ്ത്രീപക്ഷ നോവല്‍ എന്ന് വിമര്‍ശിക്കുന്നവരെ പോലും അമ്പരപ്പിക്കുന്ന, ഒരു പെണ്ണിന്റെ കരുത്താര്‍ജിക്കല്‍ നോവലിന്റെ ഒഴുക്കിനൊടൊപ്പം വായനക്കാരനെ അത്ഭുതപരതന്ത്രനായി പിടിച്ചിരുത്തും എന്ന് നിസംശയം പറയാം.
തൂക്കിലേറേണ്ടവനും ആരാച്ചാരും തമ്മിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങള്‍..ശ്വാസമടക്കിയിരുന്നു തന്നെ വായിച്ചു പോകും. 2012 ല്‍ പുറത്തിറങ്ങിയ ആരാച്ചാര്‍…2013 ല്‍ ഓടക്കുഴല്‍ അവാര്‍ഡും..2014 ല്‍ വയലാര്‍ അവാര്‍ഡും നേടിയതിനുപുറമെ സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായിട്ടുണ്ട്. ജെ.ദേവിക പരിഭാഷപ്പെടുത്തിയ ‘ഹാങ് വുമണ്‍’ 2014 ല്‍ പുറത്തിറങ്ങിയിട്ടുണ്ട്. മീരയുടെ പ്രതിഭയുടെ കൈയൊപ്പുള്ള ഒരു ബൃഹത് നോവലാണിത്. ബംഗാളിന്റെ പശ് ചാത്തലത്തില്‍ വിരിഞ്ഞ ഒരു മനോഹര നോവല്‍. ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയിലെ 2016 ലെ പതിപ്പില്‍ ‘സമകാലീനസാഹിത്യം’ എന്ന വിഭാഗത്തില്‍ പരിചയപ്പെടുത്താന്‍ ഡി.സി .ബുക്ക് പ്രസിദ്ധീകരിച്ച ചെയ്ത മീരയുടെ ആരാച്ചാരും തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഈ കൃതിയുടെ മാറ്റു കൂട്ടുന്നു.
The post മീരയുടെ ആരാച്ചാര്‍ ബംഗാളിന്റെ ആത്മകഥ appeared first on DC Books.