അമേരിക്കന്‍ കവിയായ ഡാനിയല്‍ ലാഡിന്‍സ്‌കി 20 വര്‍ഷത്തോളം ഇന്ത്യയിലെ മെഹറാബാദില്‍ മെഹര്‍ ബാബയുടെ സന്ന്യാസ സമൂഹത്തോടൊപ്പം താമസിച്ച് പാവങ്ങളെ ചികിത്സിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ മിസ്റ്റിക് കവിതകള്‍ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുമുണ്ട് അദ്ദേഹം. വിവര്‍ത്തനം എന്നതിനപ്പുറം പുനരാഖ്യാനങ്ങളോ വ്യാഖ്യാനങ്ങളോ ആയ ഇവയില്‍ പ്രധാനപ്പെട്ട ഒരു സമാഹാരമാണ് ‘ലൗ പോയെംസ് ഫ്രം ഗോഡ്: 12 സേക്രഡ് വോയിസസ് ഫ്രം ദി ഈസ്റ്റ് റ്റു വെസ്റ്റ്’. ഈശ്വരന്റെ പ്രണയഗീതങ്ങള്‍: കിഴക്കുനിന്നും പടിഞ്ഞാറുനിന്നും 12 പുണ്യസ്വരങ്ങള്‍ എന്നപേരില്‍ ഈ കൃതി ഇപ്പോള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു.
കാലദേശങ്ങള്‍ക്കതീതമായി മിസ്റ്റിക്കുകളുടെ ഈശ്വരസങ്കല്പം എന്നും സ്‌നേഹത്തിന്റേതായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്ന കവിതകളാണ് ഈശ്വരന്റെ പ്രണയഗീതങ്ങള്‍ എന്ന സമാഹാരത്തിലുള്ളതെന്ന് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് കെ ആര്‍ മീര അഭിപ്രായപ്പെടുന്നു. ഈശ്വരന് ഏതെങ്കിലും ഒരു മതമുണ്ടെങ്കില്‍ അത് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മാത്രമാണെന്ന് ഇവ അടിവരയിടുന്നു. അതു തന്നെയാണ് ഇവയുടെ ആത്മീയ പ്രസക്തിയും രാഷ്ട്രീയ പ്രസക്തിയും എന്ന് മീര പറയുന്നു.
റാബിയ ഓഫ് ബസ്‌റ, സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസ്സി, ജലാലുദ്ദീന്‍ റൂമി, മെയിസ്റ്റര്‍ എക്ഹാര്‍ട്ട്, സെന്റ് തോമസ് അക്വിനസ്, ഹഫീസ്, സെന്റ് കാതറിന്‍ ഓഫ് സിയന്ന, കബീര്‍, മീര, സെന്റ് തെരേസ ഓഫ് അവില, സെന്റ് ജോണ്‍ ഓഫ് ദി ക്രോസ്സ്, തുക്കാറാം എന്നീ മിസ്റ്റിക്കുകളുടെ 120 തിരഞ്ഞെടുത്ത കവിതകളാണ് ഈശ്വരന്റെ പ്രണയഗീതങ്ങള്‍: കിഴക്കുനിന്നും പടിഞ്ഞാറുനിന്നും 12 പുണ്യസ്വരങ്ങള്‍ എന്ന പുസ്തകത്തില്‍ ഉള്ളത്.
2003ല്‍ ഐ എ എസ് ലഭിച്ച് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ സേവനമനുഷ്ഠിക്കുന്ന മിനിസ്തി എസ് ആണ് ഈശ്വരന്റെ പ്രണയഗീതങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. ഇംഗ്ലിഷില്‍ 8 പുസ്തകങ്ങള്‍ മിനിസ്തിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
The post കിഴക്കുനിന്നും പടിഞ്ഞാറുനിന്നും 12 പുണ്യസ്വരങ്ങള്‍ appeared first on DC Books.