പഴയ വിപ്ലവകാരിയും പുരോഗമന ചിന്താഗതിക്കാരനുമായ രഘു കേന്ദ്ര പൊതുമരാമത്തുവകുപ്പില്‍ ഗുമസ്തനും കൈക്കൂലി വാങ്ങാത്തയാളുമാണ്. എന്നാല്‍ സ്വന്തമായി പണി കഴിപ്പിച്ച വീടിന് നമ്പര്‍ കിട്ടാനായി അയാള്‍ക്ക് ബില്‍ഡിംഗ് ഇന്‍സ്പക്ടര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടിവന്നു. എന്നാല്‍ ആ അധികാരിക്ക് വിചിത്രമായ ഒരു ശിക്ഷ രഘു ഒരുക്കിയിരുന്നു. ഒരു ചട്ടമ്പിസ്സദ്യ!
സാഹിതീയചിന്തയിലെ അംഗീകൃതമായ പല മര്യാദകളെയും കുടഞ്ഞുകളഞ്ഞുകൊണ്ട് ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന 16 കഥകളുടെ സമാഹാരമാണ് ജി.ആര്‍.ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ. ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകകള്‍ തെളിഞ്ഞുകാണാവുന്ന, എന്നാല്‍ സന്ധി ചെയ്യാത്ത, കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ സഞ്ചയമാണ് കൊല്ലപ്പാട്ടി ദയ എന്ന് ഡോ. എസ്.എസ്.ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നു. മലയാള ചെറുകഥയുടെ ആകാരഹ്രസ്വമെങ്കിലും അര്‍ത്ഥദീര്‍ഘമായ ചരിത്രത്തിലെ ഒരു വിച്ഛേദമായി സമാഹാരത്തെ അദ്ദേഹം വിലയിരുത്തുന്നു.
ഭര്‍ത്താവിനെ മക്കള്‍ അറിയാതെ ഒരു എയ്ഡ്‌സ് പാലിയേറ്റീവ് കേന്ദ്രത്തില്‍ മറ്റൊരു രോഗിണിയുടെ പരിചരണത്തില്‍ വിട്ടുകൊടുത്തിട്ട് വല്ലപ്പോഴും സന്ദര്‍ശനം നടത്തുന്ന വിചിത്രയുടെ കഥയാണ് ‘ബാംഗ്ലൂരിലേക്ക് വിചിത്ര ഒറ്റയ്ക്ക്’. അമ്മയ്ക്ക് ഏതോ വിവാഹേതരബന്ധമുണ്ടെന്നും അതിനാല്‍ അച്ഛന്‍ പിണങ്ങിപ്പോയിരിക്കുകയാണെന്നുമാണ് മക്കളുടെ ധാരണ. വിചിത്ര അത് തിരുത്തുന്നില്ല. ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ പോലും അയാളുടെ സല്പേര് നിലനില്‍ക്കണമെന്നാണ് അവളുടെ ആഗ്രഹം.
ഒരു ഹോസ്റ്റല്‍ മുറിയില്‍ താമസിച്ച രണ്ട് യുവാക്കളുടെയും ഒരു യുവതിയുടെയും വിചിത്രമായ പ്രണയകഥയാണ് ‘ഒരു പെണ്ണും ചെറുക്കനും പിന്നെ… ആരാണ് ആ മുറിയില്‍?’. പുരുഷന്മാരില്‍ കരുത്തനായവനെ ഒഴിവാക്കി യുവതി മൈകുണാഞ്ചനായ യുവാവിനെ പ്രണയിക്കുന്നു. എന്നാല്‍ അയാള്‍ക്ക് താല്പര്യം കരുത്തനോടായിരുന്നു. അയാള്‍ക്കുവേണ്ടി പെണ്ണാകാന്‍ പോലും തയ്യാറായിരുന്നു അയാള്‍.
നഗരത്തെ വിറപ്പിച്ച പാലത്തിലാശാന്‍ എന്ന പ്രതിഭാസത്തേക്കുറിച്ച് സാമ്പത്തികമായി വലിയ അന്തരമുള്ള രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണത്തിലൂടെ വികസിക്കുന്ന കഥയാണ് ‘പാലത്തിലാശാന്‍’. അക്രമരാഷ്ട്രീയത്തില്‍ ഇരുഭാഗത്തുനിന്ന് പടവെട്ടിയ രണ്ടുപേര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു തീവണ്ടിയില്‍ ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ വിവരണമാണ് ‘കോടിയേരിയെ കാണാന്‍ പോയ ഒരാള്‍’. രാത്രി വീട്ടില്‍ കയറിയ കള്ളനെ പിടിക്കുന്ന സ്വവര്‍ഗ്ഗാനുരാഗിയായ ഗൃഹനാഥനെയാണ് ‘ഉറങ്ങാതിരിക്കുക! കള്ളനെ പിടിക്കാം’ എന്ന കഥ വരച്ചിടുന്നത്.
ചട്ടമ്പിസ്സദ്യ, കൊല്ലപ്പാട്ടി ദയ, എലിവാണം, വില്ലന്‍, ഓവര്‍ബ്രിഡ്ജിലെ ബവ്‌റേജസ് ക്യൂ തുടങ്ങി ഈ സമാഹാരത്തിലെ കഥകളെല്ലാം തന്നെ വായനയില്‍ അട്ടിമറി ആവശ്യപ്പെടുന്നവയാണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഇന്ദുഗോപന്റെ ആദ്യ കഥാസമാഹാരമാണിത്. ഇന്ദുഗോപന്റേതായി പത്തോളം കൃതികള്‍ ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു കഥാസമാഹാരം ഉണ്ടാവാഞ്ഞതിന്റെ കാരണം വിശദീകരിക്കുന്ന കുറിപ്പും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒരു സൗഹൃദത്തിന്റെ കണ്ണീരോര്‍മ്മകള്‍ നിഴലിക്കുന്ന ആ കുറിപ്പ് അത്യന്തം ഹൃദയസ്പര്‍ശിയായ ഒന്നാണ്.
മണല്‍ജീവികള്‍, ഐസ് 196 ഡിഗ്രി സെല്‍ഷ്യസ്, മുതലലായനി, വെള്ളിമൂങ്ങ, കാളി ഗണ്ഡകി തുടങ്ങി ഒട്ടനവധി നോവലുകളിലൂടെയും അപസര്‍പ്പക നോവലുകളായ പ്രഭാകരന്‍ സീരീസിലുടെയും തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ, കള്ളന് ബാക്കി എഴുതുമ്പോള്‍ എന്നിവയിലൂടെയും രചനയുടെ മാന്ത്രികത അനുഭവേദ്യമാക്കിയ ഇന്ദുഗോപന്‍ കുങ്കുമ നോവല്‍ കഥാ അവാര്‍ഡുകള്‍, അബുദാബി ശക്തി അവാര്‍ഡ്, ആശാന്‍ പ്രൈസ്, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് തുടങ്ങിയവ നേടിയിട്ടുണ്ട്. സിനിമാ തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും പ്രശസ്തനായ ഇന്ദുഗോപന്‍ മലയാളമനോരമ പത്രത്തില്‍ ചീഫ് സബ് എഡിറ്റര്‍ കൂടിയാണ്.
The post ലോകത്തെ തിരുത്തിപ്പണിയാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ appeared first on DC Books.