‘പെരുമഴക്കാലം കഴിഞ്ഞ കണ്‍തീരത്തു വിടരുവാനുണ്ടെന്റെ രാപ്പുലര്‍ച്ചെമ്പകം’ എന്ന ആത്മവിശ്വാസത്തിന്റെ പുലരിച്ചുവപ്പണ് യുവകവയിത്രി ആര്യാഗോപിയുടെ കവിതകളുടെ അടിസ്ഥാനം. ‘മൃത്യുപുസ്തകത്താളില്‍ കുറിക്കുക നൃത്തതാളത്തിനില്ല മുറിപ്പെടല്‍’ എന്ന യുവത്വത്തിന്റെ വീറും വാശിയും കരുത്തേകുന്ന കവിതകളാണ് ആര്യയുടെ മൂന്നാമത്തെ കവിതാസമാഹാരമായ പകലാണിവള്‍ എന്ന കൃതിയെയും ചൈതന്യവത്തും സത്യസന്ധവും ആക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ത്തമാനകാലത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായി ഈ കവിതകള്‍ മാറുന്നു.
പുതിയതും പൂപ്പല്‍ പിടിക്കാത്തതുമായ ഭാഷയില്‍ അറിയപ്പെടാത്ത വളവുകളിലും തിരിവുകളിലും വെളിച്ചം നിറച്ചുകൊണ്ട് കവിതയുടെ ദീപശിഖയേന്തി മുന്നൊട്ടുപോകുകയാണ് ആര്യയെന്ന് അവതാരികയില്‍ കവയിത്രി വിജയലക്ഷ്മി അഭിപ്രായപ്പെടുന്നു. ഐതിഹ്യവും ചരിത്രവും സഹനത്തിന്റെയും സമരത്തിന്റെയും മിന്നലാട്ടങ്ങളായി അതിന്റെ വഴിയില്‍ പതിയിരിക്കുന്നു. പതിയെ ലയിച്ചു ചേരുന്നു. ചൈതന്യപൂര്‍ണ്ണമായ ഒരു സമാഹാരമാണ് പകലാണിവള്‍ എന്നും വിജയലക്ഷ്മി അഭിപ്രായപ്പെടുന്നു.
പകലാണിവള്‍, കടലോളം കടല്‍, ശിഷ്യജാതം, തിരുമുറിവുകള്‍, മുറിയാാത്ത യാത്രകള്‍, നടനപ്രപഞ്ചം തുടങ്ങി 45 കവിതകളുടെ സമാഹാരമാണ് പകലാണിവള്‍. കാവ്യനിയതിയുടെ സംഘര്‍ഷത്തിലും സമാധാനത്തിലും പ്രവാഹത്തിലും ഈ കവിതകളും അലിഞ്ഞുചേരുമെന്ന വിശ്വാസത്തോടെയാണ് പുസ്തകം കൈരളിക്ക് സമര്‍പ്പിക്കുന്നതെന്ന് ആര്യാഗോപി പറയുന്നു.
കവിയും ഗാനരചയിതാവുമായ പി.കെ.ഗോപിയുടെ മകളായ ആര്യാഗോപിക്ക് കക്കാട് അവാര്‍ഡ്, പൂന്താനം സമ്മാനം, അങ്കണം അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങി മുപ്പതോളം സാഹിത്യബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് അവര്‍.
The post ആത്മവിശ്വാസത്തിന്റെ പുലരിച്ചുവപ്പുള്ള കവിതകള്‍ appeared first on DC Books.