വൈലോപ്പിള്ളി ശ്രീധരമേനോന്റെ സമാഹരിക്കപ്പെടാത്ത രചനകളാണ് ‘അപ്രകാശിത രചനകള്‍’ എന്ന പുസ്തകം. ഒരു ചെറുകഥയും കുറെ കവിതകളും ലേഖനങ്ങളും അവതാരികകളും അടങ്ങുന്ന സമാഹാരം.
ആയിരത്തറുപത്തിനാലിലെ പൊന്നിന്‍ ചിങ്ങമാസം പിറന്നതോടു കൂടി, തേവര്‍കാവുതറവാടു ഭാഗിക്കാന്‍ പോകുന്ന കാര്യം നാട്ടിലൊക്കെ പാട്ടായി. കരപ്രമാണികളും കാരണവന്മാരും കൂടിയാലോചിച്ചു. നരച്ച തലകള്‍ കണക്കു നോക്കി. പൊന്നുവിളയുന്ന പാടങ്ങളും പുകഴ്ചയുള്ള പുരയിടങ്ങളും അവനവന്റെ ശാഖയിലേക്കു വകഞ്ഞുവെക്കുവാന്‍ അമ്മാമന്മാര്‍ പഠിച്ച വിദ്യ പതിനെട്ടും പ്രയോഗിച്ചു. എല്ലാം പകുത്തു തിട്ടപ്പെടുത്തി. പാക്കുതേങ്ങാപോലും പങ്കുവെച്ചു. പ്രമാണങ്ങളില്‍ ചിലതു ‘മൂപ്പില’ പൂഴ്ത്തിവെച്ചതിനെക്കുറിച്ചൊരു പരാതി അടുക്കളയില്‍ നിന്നുണ്ടായി, നടപ്പുരയിലെത്തി, സംബന്ധക്കാര്‍വഴി നാടെങ്ങും പരന്നതു കാരണവരും കേട്ടുവെങ്കിലും കേട്ടഭാവം നടിച്ചില്ല. വഴക്കും വക്കാണവും വാശിയും പരിഭവവും പിറുപിറുപ്പും കരച്ചിലും പതിവുപോലെയുണ്ടായി. കുട്ടികള്‍ സന്ധ്യയ്ക്കു നാമം ചൊല്ലാന്‍തന്നെ മറന്നുപോയി. കാരണവന്മാരുടെ കുടുംബകാര്യം ‘കഷ്ണിക്കലും’ അങ്ങനെ നടന്നു.
പുര പൊളിച്ചു പങ്കുവയ്ക്കണമെന്നായപ്പോഴാണ് സാരവത്തായ അഭിപ്രായവ്യത്യാസമുണ്ടായത്. പല്ലുപോയ മൂത്ത കാരണവര്‍ നാണുമ്മാമന്‍, തറവാട്ടിനു കല്ലിട്ട കാലത്തു പല്ലു മുളയ്ക്കാത്ത കൊച്ചു നാണുവായിരുന്നു. അത്രയ്ക്കു പഴക്കമുണ്ട്, ആ പുരയ്ക്ക്. നിലവറയുടെ അടിത്തട്ടില്‍ പ്രതാപശാലികളായ പണ്ടത്തെ കാരണവന്മാര്‍ നിക്ഷേപിച്ചിട്ടുള്ള ‘പൊന്നിന്‍പൂക്കുലയും പൊന്നിന്‍ചേനയും പൊന്നടയ്ക്കാക്കുലയും’ ഒരു കണ്ണു കണ്ടിട്ടില്ലാത്തവരാണ് ആ വീട്ടുകാരെങ്കിലും വീട്ടുകാരും നാട്ടുകാരും അതിനെക്കുറിച്ചു പലവുരു കേട്ടിട്ടുള്ളവരാണ്. ”നിലവറയില്‍ നിക്ഷേപമുണ്ട്; അതാണ് തേവര്‍കാവുകാര്‍ക്കിത്ര ഐശ്വര്യം,” എന്ന് ‘കുശുകുശു’ക്കാത്ത മുത്തശ്ശിമാര്‍ അയല്‍പക്കത്തെങ്ങുമില്ല. തേവര്‍കാവിലെ കാരണവന്മാരും തറവാട്ടമ്മമാരും ഇതിനെക്കുറിച്ചു പണ്ടേ ചിന്തിച്ചിട്ടുണ്ട്. തല നരച്ച തറവാട്ടമ്മ കാതിന്‍വള്ളി രണ്ടും ആട്ടിക്കൊണ്ട്, ”കൊതിച്ചാല്‍പ്പോരാ!” എന്നു പലരോടും മുഖത്തടിച്ചതുപോലെ പറഞ്ഞിട്ടുണ്ടുതാനും. നിലവറയിലെ നിധിയെപ്പറ്റി, കാഴ്ചകുറഞ്ഞുതുടങ്ങിയ കുഞ്ഞിക്കാളിയമ്മ ഒരു സ്വപ്നംതന്നെ കണ്ടിട്ടുണ്ടത്രേ. ”വെളക്കു കൊളുത്തിവെച്ചമാതിരിയിരിക്കുണൂ പിള്ളേ! കനകം വെളഞ്ഞു കെടക്ക്ണ്; നമ്മുടെ ഭഗവതീം ഇരിപ്പുണ്ടു നടുക്ക്?”
എന്നു മുത്തശ്ശി കണ്ട കിനാവു മരുമക്കള്‍ വിസ്തരിച്ചു കേട്ടിട്ടു കൊല്ലം രണ്ടായില്ല. അപ്പോഴാണ് പുരയുടെ അടിത്തറ പൊളിച്ചു പങ്കുവയ്ക്കണമെന്നു പഴവന്മാര്‍ കലശല്‍ കൂട്ടിയത്.
പഴയ പുരയുടെ അടിത്തറ പൊളിക്കുന്ന കാര്യത്തില്‍ തടുത്തു പറയാനോ, ചെറുത്തുനില്ക്കാനോ ആരുമുണ്ടായില്ല. സന്തതിയും ‘പരാധീന്യവും’ സാമാന്യത്തിലധികമുള്ള ഇച്ചിക്കാവമ്മയ്ക്കാണ് തറവാടും പറമ്പുകളും മറ്റനുഭവങ്ങളും നീക്കിവെച്ചത്. ആണും തൂണുമായി അവര്‍ക്ക് ‘രാമന്‍’ ഒരു മകനേ ഉള്ളൂ. രാമന്‍മേനോനു കുടുംബത്തിലിരുപ്പു കുറവാകകൊണ്ടു കാര്യങ്ങളുടെ തരംതിരിവു കഷ്ടിയാണ്. പൂര്‍വ്വികന്മാരുടെ പതിവനുസരിച്ച് നാടൊട്ടുക്കു നാഗയക്ഷികളെയും ചുടലപ്രേതങ്ങളെയും ആവാഹിച്ചും ആണി തറച്ചും നടക്കുന്ന അയാള്‍ക്കു കാരണവന്മാരുടെ നരച്ച തലയില്‍ മുളച്ചുണ്ടാവുന്ന തട്ടിപ്പിനോടെതിരിടുവാന്‍ തക്ക തന്റേടമോ തോന്ന്യാസമോ ഇല്ല. പെണ്ണുങ്ങള്‍ക്കാണെങ്കില്‍ നേരിട്ടു കാര്യം പറയുവാന്‍നെഞ്ഞിനു പൂടയില്ല. പോരാഞ്ഞിട്ടു പുര പൊളിച്ചു പങ്കുവെക്കുന്ന കനകത്തില്‍ ഒരോഹരി ഉരുപ്പടിയായി കൈയില്‍ കിടയ്ക്കാനുള്ള സുവര്‍ണ്ണാവസരം ഇതുതന്നെ എന്നു തീര്‍ച്ചയാക്കിയിട്ടായിരിക്കാം, സംബന്ധക്കാരായ ബ്രാഹ്മണര്‍–അഞ്ചുമുറിപ്പീടികപ്പട്ടന്മാര്‍–‘കാരണവാള്‍ ശൊല്ലുംപടി’ കേള്‍ക്കുവാന്‍ പിരിമുറുക്കിക്കൊടുത്തു. ഇച്ചിക്കാവമ്മയുടെ പരിഭവം കേള്‍ക്കുവാന്‍ അടുക്കളയിലെ അരിക്കലം മാത്രമേ ഉണ്ടായുള്ളൂ. എന്നു മാത്രമല്ല, ഭാഗിച്ചുപോകുന്ന കുഞ്ഞിക്കാളിയമ്മയും കോതയമ്മയും അനുജത്തിയോട് ഇങ്ങനെ ഓതിക്കൊടുത്തു, ”ഇച്ചിക്കാവേ! പെര പൊളിച്ചു പണിയണതാണ് നിനക്കും കുട്ടികള്‍ക്കും ശ്രേയസ്സ്. പെരയുടെ കണക്കില്‍ പെഴേണ്ട്. അല്ലെങ്കിലിങ്ങിനെയൊക്കെ വരണോ? കണിയാനെക്കേട്ടു നോക്കീട്ടും അങ്ങനെയല്ലേ കണ്ടത്?” ഇതോടുകൂടി ഇച്ചിക്കാവമ്മയുടെ നാവടങ്ങി. ഇവരെത്തട്ടിച്ചു താന്‍ കുളത്തില്‍ താഴ്ത്തിയിട്ടുള്ള വാര്‍പ്പിന്റെ കാര്യമോര്‍ത്ത് അവര്‍ തെല്ലൊന്നു സമാശ്വസിച്ചു.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
The post ‘നിലവറയിലെ നിക്ഷേപം’: വൈലോപ്പിള്ളി എഴുതിയ കഥ first appeared on DC Books.