Clik here to view.

Image may be NSFW.
Clik here to view.
എഴുത്തിന്റെ ലോകത്ത് അമ്പതാണ്ടുകള്‍ പിന്നിട്ട മലയാളിയുടെ പ്രിയ കഥാകാരന്‍ സി.വി ബാലകൃഷ്ണന് ഏറെ വായനക്കാരെ സമ്മാനിച്ച കൃതിയാണ് ആയുസ്സിന്റെ പുസ്തകം. ധ്യാനാത്മകമായ, ധ്വനന ശേഷിയുള്ള വാക്കുകളിലൂടെ എഴുത്തിന്റെ പ്രമേയത്തെയും ഘടനയെത്തന്നെയും ഉല്ലംഘിക്കുന്ന ഭാഷയുടെ ഉത്സവമേളം സി. വി ബാലകൃഷണന്റെ രചനകളില്‍ ദര്‍ശിക്കാം. ജീവിതത്തിന്റെയും പ്രപഞ്ചവസ്തുക്കളുടെയും അഗോചര സാന്നിധ്യങ്ങളെക്കൂടി ഉള്‍ക്കൊള്ളാന്‍ ശേഷി നേടുമ്പോഴാണ് എഴുത്തുകാരന്റെ ഭാഷ അയാളുടെ എഴുത്തിനു മുകളില്‍ പുതിയൊരു ആകാശം സൃഷ്ടിക്കുന്നത്. അത്തരമൊരു ആകാശം ബാലകൃഷ്ണന്റെ രചനകളില്‍ മഴവില്‍ വിരിയിച്ചു നില്പുണ്ട്. ആയുസ്സിന്റെ പുസ്തകം എന്ന നോവലിന്റെ രചനയുടെ 40-ാം വര്‍ഷമാണിത്. 1983-ല്‍ ഒരു വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച നോവല്‍ 1984-ലാണ് ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.
Image may be NSFW.
Clik here to view.മധ്യതിരുവിതാംകൂറില്‍നിന്നുള്ള ക്രിസ്ത്യാനികളായ കുടിയേറ്റക്കാരുടെ മലബാറിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയാണ് ആയുസ്സിന്റെ പുസ്തകം രചിച്ചിരിക്കുന്നത്. ആദ്യാവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയുമാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്. അതീവലളിതവും സുതാര്യവുമായ ഒരു ഘടനയ്ക്കകത്ത് പ്രമേയപരവും ആഖ്യാനപരവുമായ ഒട്ടനവധി സങ്കീര്‍ണ്ണ ശ്രേണികളെ നിബന്ധിച്ച് സൃഷ്ടിക്കപ്പെട്ട അസാധാരണമായ ഒരു ശില്പമാണ് ഈ നോവലിന്റേത്. ആത്യന്തികമായി അത് കൗമാര-യൗവ്വനങ്ങളുടെ പുസ്തകമാണ്. എഴുത്തുകാരന്റെ ഏകാന്തമായ ബാല്യവും കൗമാരവും ഓര്‍മ്മിച്ചുകൊണ്ട് അശരണരായ കുട്ടികള്‍ക്ക് സമര്‍പ്പിക്കപ്പെട്ട ഈ പുസ്തകം വലിയൊരളവില്‍ കേരളത്തിലെ എല്ലാ കുട്ടികളെയും യുവതീയുവാക്കളെയും അഭിസംബോധന ചെയ്യുന്നുണ്ട്. ഭൗതിക ജീവിതസാഹചര്യങ്ങള്‍ എത്രമേല്‍ മാറിമറിഞ്ഞാലും എല്ലാ കാലത്തുമുള്ള കുട്ടികളുടെ ആകുലതകളെ വസ്തുനിഷ്ഠമായും ആര്‍ജ്ജവത്തോടെയും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ ഏകാന്തതയും അരക്ഷിതത്വവും ലൈംഗികമായ പാപബോധവും ഇത്രമേല്‍ ഹൃദയപരമാര്‍ത്ഥതയോടെ ആവിഷ്‌ക്കരിക്കുന്ന ഒരു കൃതി മലയാളത്തില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. ഒരു മലയോര ഗ്രാമത്തിന്റെ പരിമത പശ്ചാത്തലത്തിന് പുറത്ത് ഭൂമിയിലെ എല്ലാ കുട്ടികളുടെയും ആധികള്‍ക്കുള്ള സത്യവാങ്മൂലമായി സാര്‍വ്വലൗകികമായ സാംഗത്യം നേടാന്‍ ഈ യോഹന്നാന്‍ ചരിതം കരുത്തു നേടുന്നുണ്ട്.
ആയുസ്സിന്റെ പുസ്തകത്തില്‍ സി.വി ബാലകൃഷ്ണന്‍ പണിയുന്നത് ലോകത്തിന്റെ ഒരു ചെറുകോണിന്റെ കഥ മാത്രമല്ല. ലോകത്തിന്റെ എല്ലാം കൂടിയുള്ള കഥയുമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യു അച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്. ബാലകൃഷ്ണന്റെ കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ. മനുഷ്യവിധിയുടെയും മനുഷ്യാന്തസ്സിന്റെ അവസാനമില്ലാത്ത സ്വത്വാന്വേഷണത്തിന്റെയും കഥയാണ് ഇതെന്ന് എഴുത്തുകാരന്‍ സക്കറിയ പറയുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സി.വി ബാലകൃഷ്ണന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക
The post ‘ആയുസ്സിന്റെ പുസ്തകം’ രചനയുടെ 40 വർഷം first appeared on DC Books.