തോമാ ശ്ലീഹ എന്ന് മലയാളികള്‍ വിശേഷിപ്പിക്കുന്ന സെന്റ് തോമസ് അപ്പോസ്തലന്‍ AD 52 ല്‍ മുസിരീസ് തുറമുഖത്ത് കപ്പലിറങ്ങുകയും കേരളത്തില്‍ പ്രേഷിത പ്രവര്‍ത്തനം ചെയ്യുകയും ചേരമാന്‍ പെരുമാളെയും ചില ബ്രാഹ്മണരെയും മതംമാറ്റിയെന്നും കേരളത്തില്‍ പാലയൂര്‍, കൊടുങ്ങല്ലൂര്‍, കോക്കമംഗലം , നിരണം, നിലക്കല്‍,കൊല്ലം, കോട്ടക്കാവ് എന്നിവിടങ്ങളിലായി ഏഴ് പള്ളികള്‍ സ്ഥാപിച്ചുവെന്നും ഏഴു കുരിശുകള്‍ സ്ഥാപിച്ചു എന്നുമൊക്കെയാണ് നാം പണ്ടുമുതലേ കേട്ടതും കാണാതെ പഠിച്ചുവെച്ചതും. എന്നാലിപ്പോള്‍ ഈ വിശ്വാസങ്ങളെയും ചരിത്രത്തെയും തിരുത്തിക്കുറിക്കുന്ന ചില പ്രസ്താവനകളും പഠനങ്ങളും ചര്‍ച്ചയാവുകയാണ്.
പീറ്റര്‍, പോള്‍ എന്നീ അപ്പോസ്തലന്മാര്‍ റോമിലേക്കുപോയി സുവിശേഷം പ്രസംഗിച്ചപ്പോള്‍, തോമസ് പോയത് ഹിന്ദ് ലേക്കാണത്രേ, അതായത് കിഴക്കോട്ടാണ്‌പോയതെന്ന്. അനക്‌ഡോട്ട സിറിയാക്കാ, ആക്ടാ തോമ തുടങ്ങിയ സിറിയന്‍ ഗ്രന്ഥങ്ങള്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അഫ്ഗാനിസ്ഥാന്‍ അടങ്ങിയ ഹിന്ദുസ്ഥാന്‍ ഉപവന്‍ക്കരയ്ക്കാണ് പ്രാചീനദശയില്‍ ഹിന്ദ് എന്നു പറഞ്ഞിരുന്നതെന്നും അങ്ങനെവരുമ്പോള്‍ ഹിന്ദിലെത്തിയ തോമസ് ഗോണ്ടഫറസ് എന്ന അവിടുത്തെ രാജാവിനെയും മന്ത്രിമാരെയുമാണ് മതം മാറ്റാനിടയുള്ളത്. അങ്ങനെയാണ് ഐതിഹ്യങ്ങളും ഘോഷിക്കുന്നത്.
ഗോണ്ടഫറസ് എന്നത് അഫ്ഗാനിസ്ഥാനിലെ (ഗാന്ധാരം) തക്ഷശിലയ്ക്ക് (ഇന്നത്തെ ടാക്‌സില)അടുത്തുള്ള രാജ്യം ഭരിച്ചിരുന്ന ഒരു ഗ്രീക്കോ-ബാക്ടരിയന്‍ രാജാവാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വക ധാരാളം നാണയങ്ങള്‍, ക്രിസ്തു ഒന്നാം നൂറ്റാണ്ടില്‍ ഗാന്ധാരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആധുനിക മലയാളത്തില്‍ ഉണ്ടായിട്ടുള്ള റമ്പാന്‍പാട്ടുകളിലും പള്ളിപ്പാട്ടുകളിലും ഈ രാജാവ് കടന്നുകൂടിയിട്ടുമുണ്ട്.
യെരുശലേമില്‍ നിന്ന് കരവഴി സിറിയയിലേക്കും അവിടെ നിന്ന് ഗാന്ധാരത്തിലേക്കും പോകാന്‍ എളുപ്പമാണ്. ഇങ്ങനെ വരുമ്പോള്‍ സെന്റ് തോമസ് ആ മാര്‍ഗ്ഗം സ്വീകരിച്ചതാവാനെ വഴിയുള്ളു. മാത്രമല്ല സിറിയന്‍ ക്രിസ്ത്യാനികളെന്നും തോമാ ക്രിസ്ത്യാനികളെന്നും വിളിക്കപ്പെടുന്നവര്‍ ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ കേരളത്തിലെത്തിച്ചേര്‍ന്നിരിക്കാം. അവര്‍ അടുത്തകാലങ്ങളില്‍ വരെ സിറിയന്‍ ഭാഷകളിലാണ് പ്രാര്‍ത്ഥനകളും പ്രംഗങ്ങളും നടത്തിയിരുന്നത്. ഇവരുടെ കൂട്ടത്തില്‍ നിന്ന് വന്ന പണ്ഡിതരാരും തോമസ് കേരളത്തിലെത്തിയ കാര്യം പരാമര്‍ശിക്കുന്നതുമില്ല. ഇതാണ് വാസ്തവം. അല്ലാതെ തോമാക്രിസ്ത്യാനികള്‍ നേരത്തെ കേരളത്തില്‍ ഉണ്ടാകാന്‍ അപ്പോസ്തലന്മാര്‍ കേരളത്തില്‍ വന്നുകൊള്ളണമെന്നില്ലല്ലോ.? ഇവിടെയിപ്പോള്‍ ഒന്നാം നൂറ്റിലെ ഈ കള്ളക്കഥമാത്രം വിശ്വസിച്ച് ആളുകള്‍ 16-ാം നൂറ്റാണ്ടിലേക്ക് ഒറ്റച്ചാട്ടമായിരുന്നു എന്ന് പ്രശസ്ത ചരിത്രകാരനായ എം.ജി.എസ്.നാരായണന്‍ അഭിപ്രായപ്പെടുന്നു.
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തകപരമ്പരയില്‍ പ്രസിദ്ധീകരിച്ച കേരളചരിത്രത്തിലെ പത്തു കള്ളക്കഥകള്‍ എന്ന കൃതിയിലൂടെയാണ് എം.ജി.എസ്.നാരായണന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കേരളചരിത്രത്തിലെ ഇത്തരം കള്ളക്കഥകളില്‍ പത്തെണ്ണം തിരഞ്ഞെടുത്ത് ഒരു മാലയായി കോര്‍ത്ത് കൈരളിയുടെ കണ്ഠത്തില്‍ ചാര്‍ത്തുകയാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം.
The post സെന്റ് തോമസ് കേരളത്തില്‍ വന്നത് കള്ളക്കഥയോ? appeared first on DC Books.