കണ്ണുകളടച്ച് കുട്ടിക്കാലത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ഞാന്‍ പൈന്‍മരക്കാടുകളെയും മഞ്ഞു തലപ്പാവണിഞ്ഞ പര്‍വതങ്ങളെയും കാണുന്നു, കുത്തിയൊഴുകുന്ന പുഴകളെ കേള്‍ക്കുന്നു. കാലടികള്‍ക്കടിയില്‍ ശാന്തമായ ഭൂമിയെ തൊട്ടറിയുന്നു. ഒരിക്കല്‍ കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെട്ടിരുന്ന സ്വാത് താഴ്‌വരയിലാണ് ഞാന്‍ ജനിച്ചത്. മറ്റുള്ളവര്‍ അതിനെ സ്വര്‍ഗ്ഗമെന്നു വിളിച്ചു, എനിക്കും അത് സ്വര്‍ഗ്ഗംതന്നെയായിരുന്നു. എന്റെ ഏറ്റവും ആഹ്ലാദഭരിതമായ എല്ലാ ബാല്യകാല ഓര്‍മ്മകളുടെയും പശ്ചാത്തലമായിരുന്നു അത്. തെരുവുകളിലൂടെ കളിക്കൂട്ടുകാര്‍ക്കൊപ്പം ഓടിത്തിമിര്‍ക്കുന്നത്, താഴ്‌വരയിലെ പ്രധാന പട്ടണമായ മിങ്കോറയിലെ ഞങ്ങളുടെ വീടിന്റെ മുകള്‍ത്തട്ടില്‍ കളിക്കുന്നത്, എന്റെ മാതാപിതാക്കള്‍ ജനിച്ച ഷാങ്‌ലയെന്ന മലയോരഗ്രാമത്തിലേക്കു ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോകുന്നത്, സായാഹ്നങ്ങളില്‍ എന്റെ മാതാവും അവരുടെ സുഹൃത്തുക്കളും ചായയ്‌ക്കൊപ്പം കൊച്ചുവര്‍ത്തമാനം പറയുന്നത് കേട്ടിരിക്കുന്നത്, എന്റെ പിതാവ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നത്.
ഒരു വിദൂരമായ ഭീഷണിയെന്ന നിലയില്‍ എന്റെ പിതാവ് താലിബാനെപ്പറ്റി സംസാരിച്ചിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. കുഞ്ഞായിരുന്നെങ്കിലും ഞാന്‍ അന്നും രാഷ്ട്രീയത്തില്‍ തത്പരയായിരുന്നു. എന്റെ പിതാവും സുഹൃത്തുക്കളും ചര്‍ച്ചചെയ്തിരുന്ന എല്ലാ കാര്യങ്ങളും വള്ളിപുള്ളിവിടാതെ ഞാന്‍ കേട്ടിരുന്നു; അതില്‍ പലതും എനിക്ക് മനസ്സിലായിരുന്നില്ലെങ്കിലും. അന്ന് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ മാത്രമേയുള്ളൂ, പാകിസ്ഥാനിലില്ല. ഞങ്ങളെ സംബന്ധിച്ച് ഉത്കണ്ഠപ്പെടാനൊന്നുമില്ലാത്ത കാര്യം. പ്രത്യേകിച്ച് എനിക്കും എന്റെ ചെറിയ സഹോദരന്‍ ഖുഷാലിനും. അങ്ങനെയിരിക്കേ, ഏറ്റവും ഇളയവനായ അടല്‍ എന്ന കുഞ്ഞുവാവയുടെയും വരവായി. അന്നൊക്കെ, എന്റെ ഏറ്റവും വലിയ പ്രശ്‌നം ഈ കുഞ്ഞുസഹോദരന്മാര്‍ വീട് കൈയടക്കുന്നതിനെ ഞാന്‍ എങ്ങനെ നേരിടും എന്നതുമാത്രമായിരുന്നു.
2004ഓടെ ഇതിനൊക്കെയും മാറ്റമുണ്ടാവാന്‍ തുടങ്ങി. എനിക്ക് അന്ന് വെറും ആറ് വയസ്സു
മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ആദ്യമൊക്കെ ഞാന്‍ ഒന്നും ശ്രദ്ധിച്ചതേയില്ല. പക്ഷേ, ആ വര്‍ഷങ്ങളിലേക്ക് ഇപ്പോള്‍ വീണ്ടും തിരിഞ്ഞുനോക്കുമ്പോള്‍, എന്റെ മാതാപിതാക്കളുടെ കണ്ണുകളില്‍ അന്നുണ്ടായിരുന്ന ഭയത്തിന്റെ അതേനിറം ഓര്‍മ്മകളിലെമ്പാടും കലര്‍ന്നിരിക്കുന്നതായി കാണാം. പിന്നെയും അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം, എന്റെ സ്വാത് താഴ്‌വര സുരക്ഷിതമായ ഒരിടമല്ലാതായിക്കഴിഞ്ഞിരുന്നു. ആയിരക്കണക്കിന് ജനങ്ങള്‍ക്കൊപ്പം ഞങ്ങളും വീടുപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരുമായിരുന്നു. ഇതൊക്കെയും വളരെ പതുക്കെയാണ് ആരംഭിച്ചത്. ഞങ്ങളുടെ രാജ്യം സ്ത്രീകളുടെ ഉന്നമനത്തിലൂന്നിയ ഒരു കാലഘട്ടത്തെ സ്വാഗതം ചെയ്യുകയായിരുന്നു, പക്ഷേ, ഞങ്ങളുടെ പ്രദേശമാകട്ടെ ഇക്കാര്യത്തില്‍ പുറകോട്ടുപോകുകയും. 2003-ല്‍ എന്റെ പിതാവ് അദ്ദേഹത്തിന്റെ ആദ്യത്തെ സ്‌കൂള്‍ ആരംഭിക്കുകയും അവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പഠിക്കുകയും ചെയ്തു. പക്ഷേ, 2004-ന്റെ ആരംഭത്തോടെ, സഹവിദ്യാഭ്യാസം സാധ്യമല്ലാതായി.
2005-ലുണ്ടായ ഒരു ഭൂകമ്പം വിനാശകാരിയായത് അതുണ്ടാക്കിയ കൊടിയ നശീകരണം കൊണ്ടുമാത്രമായിരുന്നില്ല (പതിനെണ്ണായിരം കുഞ്ഞുങ്ങളടക്കം എഴുപത്തിമൂവായിരത്തിലധികം പേര്‍ അതില്‍ കൊല്ലപ്പെട്ടു), അതിജീവിച്ചവരില്‍ ഉളവാക്കപ്പെട്ട വൈകാരിക അരക്ഷിതത്വംകൊണ്ടുകൂടിയായിരുന്നു. അന്ന്, ഒരു തീവ്രവാദ ഗ്രൂപ്പിലുള്ള ചിലര്‍ ഈ പ്രകൃതിദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ഒരുപാട് ജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുകയുണ്ടായി. അതുകൊണ്ടുതന്നെ, ഭൂകമ്പം ദൈവത്തിന്റെ ഒരു മുന്നറിയിപ്പാണെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ അത് വിശ്വസിച്ചു. പിന്നീട് താലിബാന്റെ ഭാഗമായി മാറിയ ഇവര്‍, പതുക്കെപ്പതുക്കെ അവിടത്തെ പ്രാദേശിക റേഡിയോവഴി ഇസ്‌ലാമിന്റെ കര്‍ശനമായ വ്യാഖ്യാനങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അതുപ്രകാരം, സ്ത്രീകള്‍ നിര്‍ബന്ധമായും അവരുടെ മുഖം മുഴുവനായി മറയ്‌ക്കേണ്ടിയിരുന്നു. സംഗീതവും നൃത്തവും പാശ്ചാത്യ ചലച്ചിത്രങ്ങളും അധര്‍മ്മമായി കണക്കാക്കപ്പെട്ടിരുന്നു. പുരുഷന്മാര്‍ അവരുടെ താടി നീട്ടിവളര്‍ത്തേണ്ടിയിരുന്നു. പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകാന്‍ പാടില്ലായിരുന്നു. ഇത്, ഞങ്ങളുടെ ഇസ്‌ലാം ആയിരുന്നില്ല.
പഴയ ജീവിതരീതികളിലേക്ക് തിരിച്ചു പോകേണ്ടതുണ്ടെന്ന് ആവര്‍ത്തിച്ചു ബോധിപ്പിച്ചു കൊണ്ടിരുന്ന ചില മതമൗലികവാദികളായിരുന്നു അവര്‍. ഇത് പ്രചരിപ്പിക്കാന്‍ അവര്‍ കൂട്ടുപിടിച്ചത് പുതിയ സാങ്കേതികവിദ്യയായ റേഡിയോ ആയിരുന്നു എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. ഇസ്‌ലാമിന്റെ പേരില്‍, ഞങ്ങളുടെ ദൈനംദിന ജീവിതരീതികളെ അവര്‍ ആക്രമിച്ചു. എന്ത് ധരിക്കണമെന്നും എന്ത് കേള്‍ക്കണമെന്നും എന്ത് കാണണമെന്നും അവര്‍ ആളുകളോട് പറഞ്ഞു. എല്ലാത്തിലുമുപരിയായി, അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ എടുത്തുകളയാന്‍ ശ്രമിച്ചു.
രണ്ടായിരത്തി ഏഴോടുകൂടി, മൗലികവാദികളുടെ ഇടപെടലുകള്‍ കൂടുതല്‍ ഹിംസാത്മകവും കര്‍ശനവുമായിക്കഴിഞ്ഞിരുന്നു. ടെലിവിഷന്‍, കംപ്യൂട്ടര്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വീടുകളില്‍നിന്ന് ഒഴിവാക്കണമെന്നുമാത്രമല്ല, കത്തിച്ചുകളയുകയും നശിപ്പിക്കുകയുംകൂടി വേണമെന്ന് അവര്‍ നിഷ്‌കര്‍ഷിച്ചു. അവരൊരുക്കിയ തീക്കുണ്ഡങ്ങളില്‍ നിന്നുയര്‍ന്നിരുന്ന ഉരുകിയ പ്ലാസ്റ്റിക്കിന്റെയും കമ്പികളുടെയും ദുര്‍ഗന്ധം ഇന്നും എനിക്ക് ഓര്‍ത്തെടുക്കാനാവുന്നുണ്ട്. തികച്ചും അക്രമാത്മകമായി, അവര്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടഞ്ഞു. സ്‌കൂളില്‍ പോകാത്ത പെണ്‍കുട്ടികളും രക്ഷിതാക്കളും പേരെടുത്തു പറഞ്ഞു പ്രശംസിക്കപ്പെടുകയും അങ്ങനെയല്ലാത്തവര്‍ പേരെടുത്തു പറഞ്ഞ് അധിക്ഷേപിക്കപ്പെടുകയും ചെയ്തു. അധികം വൈകാതെ, പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അവര്‍ അനിസ്‌ലാമികമായി പ്രഖ്യാപിച്ചു.
സ്‌കൂളില്‍ പോകുന്നത് അനിസ്‌ലാമികമാവുന്നതെങ്ങനെ? എനിക്കതില്‍ ഒരു ന്യായവും തോന്നിയില്ല. അല്ലെങ്കില്‍തന്നെ, ഈ പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ അനിസ്‌ലാമികമാവുന്നതെങ്ങനെ? ഇത്തരം ഉത്തരവുകള്‍ എന്റെ കുടുംബം പൊതുവേ അവഗണിച്ചു. എങ്കിലും വീടിനു പുറത്തുകൂടി നടന്നുപോകുന്നവര്‍ കേള്‍ക്കുമോ എന്ന് കരുതി, ഞങ്ങള്‍ ടി.വിയുടെ ശബ്ദം കുറച്ചുവയ്ക്കാന്‍ ആരംഭിച്ചിരുന്നു.
പെണ്‍കുട്ടികളെ വീട്ടിലിരുത്താനുള്ള ആഹ്വാനം എന്റെ പിതാവ് സിയാവുദ്ദീനെയും അസ്വസ്ഥനാക്കി. ഒന്നുമില്ലായ്മയില്‍നിന്നും ഒറ്റയ്ക്ക് കെട്ടിപ്പൊക്കി അദ്ദേഹം നടത്തിയിരുന്ന രണ്ടു സ്‌കൂളുകളില്‍ ഒന്ന് പെണ്‍കുട്ടികളുടേതായിരുന്നു. തുടക്കത്തില്‍, ഈ മതമൗലികവാദികള്‍ അദ്ദേഹത്തിന് ഭീതിയുടെ കാരണമെന്നതിലുപരി ഒരു സൈ്വരക്കേടായിരുന്നെന്നു പറയാം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയില്‍ ഊന്നിയുള്ളവയായിരുന്നു. ഞങ്ങളുടെനഗരം അതിവേഗം വളരുകയായിരുന്നു. വായു മലിനീകരണത്തിന്റെയും ശുദ്ധജല ദൗര്‍ലഭ്യത്തിന്റെയും പ്രശ്‌നങ്ങള്‍ ജനങ്ങളെ അലട്ടിക്കൊണ്ടിരുന്നു. എന്റെ പിതാവും ചില സുഹൃത്തുക്കളും ചേര്‍ന്ന് സ്വാത് താഴ്‌വരയിലെ പരിസ്ഥിതിസംരക്ഷണത്തിനും വിദ്യാഭ്യാസത്തിന്റെയും സമാധാനത്തിന്റെയും മേന്മകള്‍ പ്രചരിപ്പിക്കാനുമായി ഒരു സംഘടന ആരംഭിച്ചു.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
The post മലാല; എന്റെയും കഥ, സ്വാത് താഴ്‌വരയിലെ ജീവിതവും അഭയാര്‍ത്ഥിജീവിതങ്ങളും first appeared on DC Books.