യൗവ്വനത്തില്‍ തന്നെ ദേശം വിട്ടു പോകാതിരിക്കുകയും അതിന്റെ തിരസ്‌കാരങ്ങളുടെയും വേദനകളുടെയും നടുവിലൂടെ സഞ്ചരിക്കാതിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ തന്നിലെ എഴുത്തുകാരനെ കണ്ടെത്താന്‍ കഴിയുമായിരുന്നോ എന്ന് സംശയമാണെന്ന് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്‍. കുടിയേറ്റം: പ്രവാസത്തിന്റെ മലയാളിവഴികള്‍ എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ ഡി സി ബുക്‌സ് എഡിറ്റര്‍ പ്രകാശ് മാരാഹിയുമായി സംസാരിക്കുന്നു.
പ്രവാസത്തിന്റെ മലയാളിവഴികള്‍ എന്ന ഉപശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച കുടിയേറ്റം എന്ന പുതിയ പുസ്തകത്തെ എങ്ങിനെ നിര്‍വചിക്കുന്നു.
മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു ശീലമാണ് യാത്രകള്‍. മലയാളി മലയാളിയും നമ്മുടെ ദേശം കേരളവും ആവുന്നതിനും എത്രയോ കാലം മുന്‍പേ തുടങ്ങിയതാണ്. ആ സഞ്ചാരങ്ങളുടെ ചരിത്രം. അവ നമ്മുടെ ദേശത്ത് ഉണ്ടാക്കിയ ചലനങ്ങള്‍, അതിന്റെ സ്വഭാവങ്ങള്‍, സംഭാവനങ്ങള്‍, പുതിയ കാലത്ത് അതിനു സംഭവിച്ച പരിണാമങ്ങള്‍, അതിന്റെ ഭാവി എന്നിവ ചര്‍ച്ച ചെയ്യുന്ന ഒരു പുസ്തകം എന്നു പറയാം.
പ്രവാസം താങ്കളുടെ സര്‍ഗാത്മക സാഹിത്യപ്രവര്‍ത്തനത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് ?
പൂര്‍ണ്ണമായും എന്നു തന്നെ പറയാം. യൌവ്വനത്തില്‍ തന്നെ ഞാന്‍ ദേശം വിട്ടു പോകാതിരിക്കുകയും അതിന്റെ തിരസ്‌കാരങ്ങളുടെയും വേദനകളുടെയും നടുവിലൂടെ സഞ്ചരിക്കാതിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ എന്നിലെ എഴുത്തുകാരനെ കണ്ടെത്താന്‍ എനിക്കു കഴിയുമായിരുന്നോ എന്ന് സംശയമാണ്. പ്രവാസം അല്ലെങ്കില്‍ കുടിയേറ്റം നമ്മുടെ സര്‍ഗ്ഗവാസനകളെ നശിപ്പിച്ചു കളയുന്നു എന്നു പറയാറുണ്ടെങ്കിലും എന്റെ അനുഭവത്തില്‍ നേരെ മറിച്ചാണ് സംഭവിച്ചത്.
സംസ്‌കാരങ്ങളുടെ കൊടുക്കല്‍വാങ്ങല്‍ എന്ന നിലയിലും അഭയാര്‍ത്ഥികളുടെ പലായനം എന്ന നിലയിലും രാജ്യാന്തരമുള്ള കുടിയേറ്റങ്ങളെ എങ്ങിനെ കാണുന്നു ?
യു.എന്നിന്റെ പുതിയ കണക്കു പ്രകാരം 270 മില്യന്‍ ജനങ്ങള്‍ സ്വന്തം ജ•ഭൂമി വിട്ട് അന്യദേശങ്ങളില്‍ പാര്‍ക്കുന്നുണ്ട്. അപ്പോള്‍ തന്നെ ഈ വിഷയത്തിന്റെ വൈപുല്യം നമുക്ക് ആലോചിക്കാവുന്നതാണ്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കുടിയേറ്റക്കാരോടുള്ള മനോഭാവത്തില്‍ ഒരു വലിയ മാറ്റം വന്നിട്ടുള്ള കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ‘നിങ്ങളുടെ രാജ്യത്തെ മാലിന്യം’ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി പ്രവാസികളെ വിളിച്ചത്. വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടക്‌സ് പോലെയുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ ഉണ്ടാവുന്നത്. ഇത് പലതരത്തില്‍ മലയാളികളെയും ബാധിച്ചിട്ടുണ്ട്. അത് ഗൌരവമായി ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
പ്രവാസ എഴുത്ത് സജീവമായൊരു കാലമാണെന്നു തോന്നുന്നു. സോഷ്യല്‍ മീഡിയയിലായാലും പ്രിന്റ് മീഡിയയിലായാലും ഒരുപാട് എഴുത്തുകാര്‍ ഇന്നീ രംഗത്തുണ്ട്. സാഹിത്യത്തിന് അതെന്തെങ്കിലും തരത്തില്‍ ഗുണപ്രദമാകുന്നുണ്ടെന്ന് തോന്നുന്നുണ്ടോ ?
നിശ്ചയമായും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു. ഭാഷ നേരത്തെ ഒരുകൂട്ടം ബൌദ്ധികവിചാരകരുടെ മാത്രം സ്വത്ത് ആയിരുന്നെങ്കില്‍ ഇന്നത് സര്‍വ്വരുടെതും ആയിത്തീര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയകളില്‍ സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഗൌരവമായി നടക്കുന്നു. ഇതവരെ കേട്ടിട്ടില്ലാത്ത പാര്‍ശ്വവത്കരിക്കപ്പെട്ട അനേകം അനുഭവങ്ങള്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നു. അനേകം എഴുത്തുകാര്‍ ഉണ്ടായി വരുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഡി സി ബുക്‌സിന്റെ നോവല്‍ സമ്മാനം നേടിയ സോണിയ റഫീക്.
വായനക്കാരന്വേഷിച്ചു തുടങ്ങിയിട്ടുണ്ട് താങ്കളുടെ പുതിയ രചനകള്‍, പ്രത്യേകിച്ച് പുതിയ നോവല്‍…
വായനക്കാരുടെ ആകാംക്ഷ എനിക്ക് മനസിലാവുന്നതാണ്. എന്നാല്‍ ഓരോ രചനയും പാകപ്പെട്ടു വരാന്‍ അതിന്റേതായ സമയം കൊടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിരാശയായിരിക്കും ഫലം. അതുകൊണ്ട് കുറച്ചുകൂടി കാത്തിരിക്കാന്‍ ഞാന്‍ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു പുതിയ നോവലിന്റെ പണിപ്പുരയില്‍ തന്നെയാണ് ഞാന്‍.
The post കുടിയേറ്റം സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ചു: ബെന്യാമിന്‍ appeared first on DC Books.