ഒരു തരത്തിലും ജീവിതം രേഖപ്പെടുത്താതെ പോയവരെക്കുറിച്ചാണ് ശബ്ദമഹാസമുദ്രത്തിലെ കവിത സംസാരിക്കുന്നതെന്ന് കവി എസ് കലേഷ്. വായനക്കാര്‍ക്ക് ഇഷ്ടപുസ്തകത്തെക്കുറിച്ച് എഴുത്തുകാരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന പ്രതിമാസ പുസ്തകചര്‍ച്ചാവേദിയായ ഡി സി റീഡേഴ്‌സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രേഖപ്പെടാത്തവരുടെ സാമൂഹ്യ പരിസരം എഴുതാന്‍ ശ്രമിക്കുന്നു. മരിച്ചു പോയവര്‍ എന്റെ കവിതയില്‍ കടന്നു വരുന്നത് അതുകൊണ്ടാകാം. അഞ്ചോ പത്തോ വരികളില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കന്നില്ല. അത്തരം കാവ്യ പദ്ധതികളോട് വിയോജിപ്പുമില്ല. വലിയ ക്യാന്‍വാസില്‍ കവിത എഴുതാനാണ് താല്പ്പര്യം. അത് തരുന്ന സ്വാതന്ത്ര്യം വലുതാണ്. ഗദ്യത്തിലെ ഉള്‍ത്താളവും ക്രാഫ്റ്റില്‍ കാണിക്കാവുന്ന അഭ്യാസങ്ങളും വലിയ കാവ്യരൂപങ്ങള്‍ സാധ്യമാക്കുന്നുവെന്നും എസ് കലേഷ് പറഞ്ഞു.
ഇന്നലെകളും ഇന്നുകളും നാളെകളുമാണ് എന്റെ കവിതകളിലെ സമയ ബോധം. ഈ സമയ ബോധം രൂപപ്പെടുന്നത് കമ്യൂണിക്കേഷന് പുതിയ സാധ്യതകള്‍ തരുന്ന വിര്‍ച്ച്വല്‍ ലോകത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് തോന്നുന്നു. ബോധപൂര്‍വം കവിതയെ പുതുക്കി എഴുതാന്‍ ശ്രമിക്കുമ്പോള്‍ അബോധത്തില്‍ സംഭവിക്കുന്നതാണ് കവിതയെന്ന് ഞാന്‍ കരുതുന്നു. ക്ലേശകരമാണ് എനിക്ക് കവിത. സങ്കീര്‍ണതകളെയും സംഘര്‍ഷങ്ങളെയും മറികടക്കാനുള്ള ഉപാധിയും. എസ് കലേഷ് പറഞ്ഞു.
എക്കാലത്തും നല്ലപുസ്തകങ്ങളെ വായനക്കാരനു പരിചയപ്പെടുത്തുന്ന ഡി സി റീഡേഴ്‌സ് ഫോറം പുസ്തക ചര്‍ച്ചയില്‍ എം ആര്‍ രേണുകുമാര്‍ പുസ്തകം സദസ്യര്‍ക്ക് പരിചയപ്പെടുത്തി. 2015ല്‍ കൊച്ചിയില്‍ നടന്ന പോയട്രി ഇന്‍സ്റ്റലേഷന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട കവിതയാണ് ശബ്ദമഹാസമുദ്രം. ഈ തീവണ്ടിയിലെ യാത്രക്കാരേ, രാത്രിസമരം, കാക്ക കാക്ക, ഇരുട്ടടി, വയല്‍ക്കരയിലെ ആണ്‍പട്ടി തുടങ്ങിയ പ്രമുഖ കവിതകള്‍ ഉള്‍പ്പെടെ ഇരുപത്തിയാറ് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
The post ഡി സി റീഡേഴ്‌സ് ഫോറം ശബ്ദമഹാസമുദ്രം ചര്‍ച്ച ചെയ്തു appeared first on DC Books.