ശ്രദ്ധേയങ്ങളായ ഒരുപിടി ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം സൃഷ്ടിച്ച സംവിധായകന്‍ കെ ജി ജോര്‍ജ്ജിന്റെ ആത്മകഥയാണ് ഫ്‌ളാഷ്ബാക്ക്: എന്റെയും സിനിമയുടെയും എന്ന കൃതി. ഏറേ ശ്രദ്ധേയങ്ങളായ യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ഇരകള്‍, ഉള്‍ക്കടല്‍ തുടങ്ങിയ ചിത്രങ്ങളുടെ പിന്നണിക്കഥകള്‍ വായനക്കാര്‍ക്കു മുമ്പില്‍ തുറന്നു വെക്കുന്ന ജോര്‍ജ്ജ് ഇരകള്‍ക്കു ശേഷം താന്‍ ചെയ്ത ചിത്രങ്ങള്‍ മോശമായെന്ന കാര്യവും സമ്മതിക്കുന്നു. തിരക്കേറി നിന്ന ഒരു കാലഘട്ടത്തില്‍ മോശം സിനിമകള്‍ ചെയ്യാനിടയായത് തന്റെ അഹങ്കാരം കൊണ്ടു മാത്രമാണെന്നും അദ്ദേഹം ഏറ്റു പറയുന്നു. ആത്മവിമര്‍ശനപരമായ ഈ തുറന്ന സമീപനം തന്നെയാണ് ജോര്‍ജ്ജിന്റെ ആത്മകഥയെ വ്യത്യസ്തമാക്കുന്നതെന്ന് ആമുഖമെഴുതിയ വിഖ്യാത ചലിച്ചിത്രകാരന്‍ അടൂര്‍ ഗോപലാകൃഷ്ണനും വ്യക്തമാക്കുന്നു.
‘ഏറിയ കൂറും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ തെളിവോടെ പറഞ്ഞു പോകുന്ന ഈ ആത്മകഥയിലെ പല ഭാഗങ്ങളും പ്രതിപാദനത്തിന്റെ നേര്‍മ്മ കൊണ്ടും സത്യസന്ധതകൊണ്ടും നമ്മെ അതിശയിപ്പിക്കും. അല്പം പോലും ഗര്‍വോ അസത്യമോ തീണ്ടാതെ തിരക്കിട്ട സിനിമാ പ്രവര്‍ത്തനകാലത്തെപ്പറ്റി ജോര്‍ജ് എഴുതിയിരിക്കുന്നത് ആത്മകഥയെഴുത്തിലേക്ക് വഴി തിരയുന്നവര്‍ മനസ്സുവച്ച് വായിക്കേണ്ടതാണ്. അഹങ്കാരവും തിരിച്ചടിയും എന്ന എട്ടാം അദ്ധ്യായം ഒന്നു മതി ഗ്രന്ഥകാരന്റെ ആത്മാര്‍ത്ഥത തെളിയിക്കുവാന്‍.’
മമ്മൂട്ടി, തിലകന്‍, ഭരത്‌ഗോപി തുടങ്ങിയവരുമായി ആഴത്തിലുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചും ജോര്‍ജ്ജ് ഫ്‌ളാഷ്ബാക്കില്‍ പ്രതിപാദിക്കുന്നു. മമ്മൂട്ടിയുടെ താരപരിവേഷത്തെ ചൂണ്ടിക്കാട്ടി താരജാഡകള്‍ക്കനുസൃതമായ പ്രതിഫലം നല്‍കാന്‍ തന്റെ സിനിമകള്‍ക്ക് കഴിയാത്തതുകൊണ്ടാണ് സിനിമയില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചതെന്ന് ജോര്‍ജ്ജ് അടിവരയിട്ട് പറയുന്നു.
ഈ ആത്മകഥാ ഗ്രന്ധത്തെക്കുറിച്ച് അടൂര്‍ഗോപാലകൃഷ്ണന്‍ രേഖപ്പെടുത്തിയ അഭിപ്രായം ഇങ്ങനെയാണ്. ‘തന്റെ ജീവിതവും സിനിമയും നമുക്കു മുമ്പില്‍ വെളിപ്പെടുത്തിക്കൊ്യു് ജോര്‍ജ് രചിച്ച ഫ്‌ളാഷ്ബാക്ക്-എന്റെയും സിനിമയുടെയും എന്ന ആത്മകഥാഗ്രന്ഥം അമൂല്യമായ ഒരു ചരിത്രരേഖയത്രേ. ജോര്‍ജ്ജ് എന്ന കലാകാരന്റെ മനസ്സില്‍ ഇനിയുമേറെ അനുഭവങ്ങളും പാളിച്ചകളും പറയാതെയും എഴുതാതെയും ഒളിഞ്ഞു കിടക്കുന്നു്യു്. വായനക്കാര്‍ക്കും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ആ വഴിക്കുള്ള പ്രവേശം ഒരുപാട് പ്രയോജനം ചെയ്യും. സംശയമില്ല. ജോര്‍ജ് അതിന് തയ്യാറാകുമെന്ന് കരുതട്ടെ.’
The post കെ ജി ജോര്‍ജ്ജിന്റെ സിനിമാജീവിതം ഒരു ഫ്‌ളാഷ്ബാക്ക് appeared first on DC Books.