രണ്ടുനാള്‍ കൂടിക്കഴിഞ്ഞാല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിയും. മുപ്പത്തിയഞ്ചാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനാണ് നവംബര്‍ രണ്ടിന് തിരിതെളിയുന്നത്. ലോകോത്തര സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന ഷാര്‍ജ പുസ്തകമേള 11 ദിവസം നീണ്ടു നില്‍ക്കും. ലോകോത്തര സാഹിത്യകാരന്മാരും, പ്രസാധകരും, കലാകാരന്മാരും പങ്കെടുക്കുന്ന പുസ്തക മേളയില്‍ 60 ആണ്ടുകള്‍ പിന്നിടുന്ന കേരളത്തിന്റെ മഹത്വം ഉയര്‍ത്തുന്നതിനായി മലയാളത്തിന്റെ എഴുത്തു കുലപതി എം ടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ, എം മുകുന്ദന്‍, വി മധുസൂധനന്‍ നായര്‍, കെ സച്ചിദാനന്ദന്‍, ഉണ്ണി ആര്‍, ബെന്യാമിന്‍, ശ്രീകുമാന്‍ തമ്പി, കെ പി രാമനുണ്ണി, സുഭാഷ് ചന്ദ്രന്‍, ഡോ ലക്ഷമി നായര്‍, എംപിയും എഴുത്തുകാരനുമായ ഡോ. ശശി തരൂര്‍, നടനും എം.എല്‍.എയുമായ മുകേഷ്, മലയാളത്തിലെ സൂപ്പര്‍ താരം മമ്മൂട്ടി, ഞരളത്ത് ഹരിഗോവിന്ദന്‍ എന്നിവരാണ് മലയാളമണ്ണില്‍ നിന്ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കുന്നത്.
ഷാര്‍ജ ബുക് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 1982 ല്‍ ചറിയ രീതിയില്‍ തുടങ്ങിയ പുസ്തകമേളയുടെ 35-ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള 1420 പ്രസാധകര്‍ പങ്കെടുക്കുന്ന 11 ദിവസത്തെ മേളയില്‍ 15 ലക്ഷം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ വായിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് നവംബര്‍ രണ്ടു മുതല്‍ 12 വരെ നീളുന്ന പുസ്തകമേള. യുഎഇ സര്‍ക്കാര്‍ വായനാവര്‍ഷമായി ആഘോഷിക്കുന്ന ഈ സാഹചര്യത്തില്‍ തുടക്കമാകുന്ന പുസ്തകമേളയ്ക്ക് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും , മേളയുടെ ശില്പിയായ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. അറബ് സംസ്‌കാരത്തിനും സാഹിത്യത്തിനും ഊന്നല്‍ നല്‍കുമെങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മേളക്കത്തെും. ഇന്ത്യയില്‍ നിന്നും എത്തുന്ന പ്രസാധകരില്‍ ഡി സി ബുക്‌സിന്റെ നിറസാന്നിദ്ധ്യവുമുണ്ടാകും.
മേളയുടെ ഭാഗമായി പ്രഭാഷണങ്ങളും, ചര്‍ച്ചകളും, ശില്പശാലകളും ഉണ്ടാകും. രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാവുക . കഴിഞ്ഞ വര്‍ഷം 12 ലക്ഷത്തോളം ആളുകളാണ് ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
The post ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 2 മുതല്‍ appeared first on DC Books.