തൂശനിലയില്‍ തുമ്പപ്പൂ ചോറുവിളമ്പി പരിപ്പും പപ്പടവും പച്ചടി കിച്ചടി അവിയല്‍ തോരന്‍ തുടങ്ങി സ്വാദിഷ്ടമായ വിഭവങ്ങളും കൂട്ടി ഒരു സദ്യ കഴിച്ചാല്‍ സംതൃപ്തരാകാത്ത മലയാളികളില്ല. ഓണം, വിഷു, പിറന്നാള്‍, വിവാഹം തുടങ്ങി മലയാളികളുടെ എല്ലാ ആഘോഷങ്ങള്‍ക്കും ഒഴിച്ചുകൂടാനാകാത്തതാണ് വിഭവസമൃദ്ധമായ സദ്യ.
കേമമായ ഒരു സദ്യയില്‍ പരിപ്പ്, കാളന്‍, ഓലന്‍, സാമ്പാര്‍, രസം, പുളിയിഞ്ചി, കടുമാങ്ങ, അവിയല്‍, തോരന്‍, പച്ചടി, കിച്ചടി, പഴം, നെയ്യ്, പപ്പടം, മോര്, പ്രഥമന്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ആയുര്‍വേദ സങ്കല്പത്തിനനുസരിച്ചാണ് നമ്മുടെ സദ്യ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ക്രമമനുസരിച്ചാണ് ഓരോ വിഭവവും വിളമ്പുക. ഇങ്ങനെ വാഴയിലയില്‍ കഴിക്കുന്ന കേരളത്തിന്റെ സ്വാദിഷ്ടമായ സദ്യ ലോകമെങ്ങും കേള്‍വികേട്ടതാണ്. ഇപ്പോള്‍ കേരളത്തിന്റെ 60 -ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ കേരളത്തിന്റെ തനതു ഭക്ഷണത്തെ പരിചയപ്പെടുത്തുന്ന മലയാളി സദ്യ എന്ന പാചക പുസ്തകത്തിന് പ്രസക്തിയേറുകയാണ്.
ചേരുവകളുടെ നീണ്ട പട്ടികയും, പാചകം ചെയ്യാന്‍ എടുക്കുന്ന അധിക സമയവും കാരണം പലപ്പോഴും പാചകം എന്ന സമസ്യ വീട്ടമ്മമാരെ മടുപ്പിക്കുന്നു. എന്നാല്‍ രുചിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവരാരും തന്നെ ഇഷ്ടപ്പെടുന്നുമില്ല. അങ്ങനെയെങ്കില്‍ കുറഞ്ഞ സമയംകൊണ്ട് രുചികരമായ നിരവധി വിഭവങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കുകയാണെങ്കിലോ? അതിനുള്ള പരിഹാരമാര്‍ഗ്ഗമാണ് മലയാളി സദ്യ എന്ന പുസ്തകം.
മായം ചേര്‍ത്ത കറിക്കൂട്ടുകള്‍ വിപണിയില്‍ നിന്നും വാങ്ങി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ സ്വന്തമായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന രുചിക്കൂട്ടുകളെപറ്റി മലയാളി സദ്യയില്‍ പ്രതിപാദിച്ചിരിക്കുന്നു. രുചികരമായ സദ്യകള്‍ തയ്യാറാക്കുന്നതിനാവശ്യമായ വിഭവങ്ങള്‍, സദ്യ വിളമ്പുന്ന ക്രമം, സാമ്പാര്‍, എരിശ്ശേരി, പായസം, നാടന്‍ പലഹാരങ്ങള്‍ തുടങ്ങി ഓരോ വിഭവത്തിനുമുള്ള വൈവിധ്യങ്ങളായ നിരവധി രുചിക്കൂട്ടുകള്‍, കൂടാതെ സാമ്പാര്‍പൊടി, രസപ്പൊടി തുടങ്ങിയ പാചകകൂട്ടുകള്‍ തയ്യാറാക്കേണ്ട പൊടിക്കൈകളും മലയാളി സദ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രിയപ്പെട്ടവര്‍ക്ക് രുചികരമായ ഭക്ഷണം വിളമ്പാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മലയാളി സദ്യ എന്ന ഈ പുസ്തകം ഉപകാരപ്രദമാകുമെന്നത് തീര്‍ച്ച.
കെങ്കേമമായ സദ്യയ്ക്കുള്ള പാചകക്കൂട്ടുകളും സദ്യയുടെ പാരമ്പരാഗത ചിട്ടവട്ടങ്ങളും വിശദമാക്കുന്ന മലയാളി സദ്യ എന്ന പാചക പുസ്തകം പരിചയപ്പെടുത്തുന്നത് നീലേശ്വരം സ്വദേശിനിയായ പത്മിനി അന്തര്‍ജനമാണ്. പാരമ്പര്യ പാചകവിദഗ്ധയായ പത്മിനി അന്തര്‍ജനം ഗൃഹവൈദ്യത്തിലും സമര്‍ത്ഥയാണ്. നമ്പൂതിരി പാചകം എന്നൊരു പുസ്തകം കൂടി ഡി സി ബുക്‌സ് പത്മിനി അന്തര്‍ജനത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
The post കേരളത്തിന്റെ സ്വന്തം രുചിക്കൂട്ടുകള്‍ appeared first on DC Books.