ജലം എന്നെഴുതുന്നത് എന്തിനാണ്? വെള്ളം എന്നെഴുതിയാല്‍ പോരേ?
കവി ആറ്റൂര്‍ രവിവര്‍മ്മയുടെ ചോദ്യം കവയിത്രി അനിത തമ്പിയുടെ ഉള്ളില്‍ 16 കൊല്ലത്തോളം കിടന്നു. ഒടുവില്‍ അവര്‍ ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തി. ആലപ്പുഴ ജില്ലയിലുള്ളവര്‍ക്ക് ജലവും വെള്ളവും ഒന്നല്ല. അവ രണ്ടനുഭവലോകങ്ങളാണ്. രണ്ടധികാരലോകങ്ങളാണ്. സ്വന്തം നാടിന്റെ ചുവന്നുകലങ്ങിയ ചുവയ്ക്കുന്ന വെള്ളത്തില്‍ മുങ്ങിനീര്‍ന്ന ഭാഷയില്‍ അനിത തമ്പി എഴുതിയ കവിതയാണ് ആലപ്പുഴവെള്ളം.
അനിത തമ്പിയുടെ മൂന്നാമത്തെ കവിതാ സമാഹാരമാണ് ആലപ്പുഴവെള്ളം. അതേപേരുള്ള കവിതയ്ക്ക് പുറമേ മുടി മുറിക്കല്‍, ഒടുവില്‍, ഉടുപ്പ്, നഗരത്തില്‍ രാത്രിയില്‍, ഒരു താരാട്ട്, ഒരു താരാട്ടു കൂടി എന്നിങ്ങനെ 21 കവിതകളും മൊഴിമാറ്റം ചെയ്ത ആറു കവിതകളുമാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനിതയുമായി എസ്.കലേഷ്ജ് നടത്തിയ അഭിമുഖവും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. അനിതയുടെ കാവ്യലോകത്തെ അടുത്തറിയാന്‍ സഹായകമാണ് മനസ്സ് തുറന്നുള്ള ഈ സംസാരം.
മുറ്റമടിക്കുമ്പോള്‍, അഴകില്ലാത്തവയെല്ലാം എന്നിവയാണ് അനിതയുടെ മുന്‍ കവിതാസമാഹാരങ്ങള്‍. നിരവധി കവിതകള്‍ മൊഴിമാറ്റം ചെയ്തിട്ടുള്ള അവര്‍ വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും പുനരാഖ്യാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.
The post ജലവും വെള്ളവും തമ്മിലുള്ള വ്യത്യാസമെന്ത്? appeared first on DC Books.