കേരളം കണ്ടതില്‍വച്ചേറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പില്‍ മലയാളത്തിന്റെ എഴുത്തു കുലപതി എം ടി വാസുദേവന്‍ നായര്‍ എത്തുന്നു. 2017 ഫെബ്രുവരി 2,3,4,5 എന്നീ ദിവസങ്ങളിലായാണ് കോഴിക്കോട് കടപ്പുറത്ത് തയ്യാറാക്കിയ വിശാലമായ വേദിയിലാണ് സാഹിത്യോത്സവം നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖരും പ്രശസ്തരുമായ നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ടാണ്ലി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നാലുദിനരാത്രങ്ങളിലായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യ സാഹിത്യേതര ചര്‍ച്ചകള്‍, സംവാദം, മുഖാമുഖം, പുസ്തകപ്രകാശനം, കലാസന്ധ്യ തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മലയാളത്തിന്റെ എഴുത്താചാര്യന്‍ എത്തുന്നത്.
മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ 1933 ജൂലൈ 15നാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദം നേടി. ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1957ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്നു. ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ഈ സമയത്താണ് പുറത്തുവരുന്നത്.
സ്വന്തം കഥയായ മുറപ്പെണ്ണിന് തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്‌കാരം ലഭിച്ചു.
അദ്ദേഹത്തിന്റെ ‘കാലം'(1970കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), ‘രണ്ടാമൂഴം'(1984വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തെ 2005ല്‍ പത്മഭൂഷണ്‍ നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു.
The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പില്‍ എം ടി വാസുദേവന്‍ നായര്‍ എത്തുന്നു appeared first on DC Books.