ഡി സി നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച സോണിയ റഫീക്കിന്റെ ഹര്‍ബേറിയം എന്ന നോവല്‍ ഇതിനോടകം വായനാശ്രദ്ധനേടുകയും, സോണിയയുടെ പ്രവാസ ജീവിതത്തിനിടയിലെ അടുക്കും ചിട്ടയുമുള്ള മേനോഹരമായ എഴുത്തും ചര്‍ച്ചയായിരുന്നു. ഇപ്പോളിതാ.. ഒരുവായനക്കാരന്‍ ഹര്‍ബേറിയത്തിന്റെ ആസ്വാദ്യകരമായ ഒരു വായാക്കുറിപ്പും തയ്യാറാക്കി തന്റെ ഫെയ്‌സ്ബുക്‌പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
മാധ്യമപ്രവര്‍ത്തകനായ ഷാബു കിളിത്തട്ടില്‍ തയ്യാറാക്കിയ വായനാക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
‘ഫാത്തിമ നടന്നു നടന്ന് തടാകത്തിനരികിലെത്തി. അവിടെ ശബ്ദമുണ്ട്, ചലനമുണ്ട്, രക്തവും നീരും മണക്കുന്നുമുണ്ട്. കാവിനുള്ളിലെ കൂറ്റന്‍ മരങ്ങള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് മലര്‍ന്നു നോക്കുമ്പോള്‍ കാണുന്ന ആകാശം, കരിയിലകള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന കറുത്ത മണ്ണ്, കണ്ണടച്ചു കൈകള്‍ വിടര്‍ത്തിയാല്‍ നെഞ്ചോടടുക്കുന്ന പ്രപഞ്ചം; ഫാത്തിമയുടെ ശരീരത്തില്‍ കാവു വന്നു കൂടിയത് പോലെ…..’
തന്നെ നെഞ്ചോടടക്കിപ്പിടിച്ചു നടന്ന ഉമ്മുടു എന്തിനാണ് ആ രാത്രി ഒറ്റയ്ക്ക് തടാകത്തിനരികില്‍ പോയതെന്ന് ടിപ്പുവിന് അറിയാമായിരുന്നോ? ടിപ്പുവിന്റെ ജീവിതത്തിലേക്ക് കാവും കരിയിലകള്‍ മൂടികിടക്കുന്ന കറുത്ത മണ്ണും അതിലൂടെ ഓടികളിക്കുന്ന മണ്ണിരകളും കുസൃതിക്കാരനായ അങ്കുവാമയും എപ്പോഴും എല്ലാം ശേഖരിക്കാന്‍ കൊതിക്കുന്ന അമ്മാളുവും ഒക്കെ കടന്നു വരാന്‍ കാരണമായ സന്ദര്‍ഭം.
ദുബായ് നഗരത്തിലെ ഫ്‌ളാറ്റെന്ന ഒരിത്തിരി ചതുരത്തില്‍ നിന്ന് പ്രകൃതിയുടെ ജൈവികതയിലേക്ക് ഇറങ്ങിച്ചെന്ന ഒരു ഒന്‍പതു വയസ്സുകാരന്റെ കണ്ണിലൂടെയാണ് സോണിയ റഫീഖ് വായനക്കാരനെ ഹെര്‍ബേറിയം കാണാന്‍ വിളിക്കുന്നത്. അവനും അമ്മാളുവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ആ ജൈവിക പ്രപഞ്ചം വായനക്കാരന്റെ മനസ്സിലും സൃഷ്ടിക്കപ്പെടുന്നുണ്ട്. സ്മാര്‍ട്ട് ഫോണും ഗെയിമും ത്രില്ലിംഗ് റൈഡും ഒക്കെയായി, എല്ലാം വെറും യന്ത്രബന്ധമായി ചൂടായി നിന്ന കാലത്തു നിന്നും ജൈവബന്ധത്തിന്റെ കുളിരിലേക്ക് ടിപ്പു സ്വാഭാവികമായി പ്രവേശിക്കുകയാണ്.
മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തിയ ആ ബാലന്റെ മനസ്സല്ലേ ഓരോ മനുഷ്യനിലും ഉണ്ടാവേണ്ടതെന്നു ഈ നോവല്‍ നമ്മോട് ചോദിക്കും. പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്‌കാരം ഉണ്ടാക്കാന്‍ സമരങ്ങളും പ്രതിഷേധങ്ങളും അല്ല പോംവഴി എന്നു കൂടി എഴുത്തുകാരി ഓര്‍മ്മപ്പെടുത്തുന്നു.
അഭിനന്ദനങ്ങള്‍ സോണിയ റഫീക്ക്…..!
The post മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്ക് appeared first on DC Books.