സവിശേഷമായ സംഗീത പാരമ്പര്യംകൊണ്ട് പ്രശസ്തമായ മട്ടാഞ്ചേരിയില്‍ പടിഞ്ഞാറെ വീട്ടില്‍ അബുവിന്റെയും പാത്തുമ്മയുടെയും മകനായി ജനിച്ച ഇബ്രാഹിമാണ് പില്ക്കാലത്ത് ഉംബായി എന്ന പേരില്‍ അറിയപ്പെട്ടത്. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ആഴക്കടല്‍ നീന്തിത്തുടിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് ഫീനിക്‌സ് പക്ഷിയേപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് ഇന്ന് ദക്ഷിണേന്ത്യയില്‍ മുഴുവന്‍ അറിയപ്പെടുന്ന ഗായകരില്‍ ഒരാളായി മാറി. 1988 ല്‍ വിഖ്യാത കവി ഹസ്രത്ത് ജയ്പൂരി സാബിന്റെ ഉറുദു കവിതകള്‍ക്ക് ഈണം നല്‍കി ആബദ് എന്ന പേരില്‍ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറക്കി. തുടര്‍ന്ന് യൂസഫലി കേച്ചേരി, പ്രൊഫ.ഒഎന്‍വി, കെ സച്ചിദാനന്ദന്‍, പ്രദീപ് അഷ്ടച്ചിറ, വേണു വി ദേശം, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുമായി ചേര്‍ന്ന് 19 ആല്‍ബങ്ങള്‍ ചെയ്തു. ഇപ്പോള്‍ ഉംബായിയുടെ സംഗീതസപര്യ നാല്പതിറ്റാണ്ട് പിന്നിടുകയാണ്. ഈ വേളയില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ അദ്ദേഹത്തിന്റെ ജീവിതകഥയാണ് രാഗം ഭൈരവി.
അന്യൂനവും അനന്യവും അസാധാരണവുമായ ആ ആലാപത്തിനു പിന്നില്‍ കെടുതികളുടെയും ദാരിദ്രത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുള്ള സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആ ജീവിതം അക്ഷരങ്ങളിലേക്ക് ആഹിച്ചിരിക്കുകയാണ് അദ്ദേഹം തന്റെ ആത്മകഥയായ രാഗം ഭൈരവിയിലൂടെ.തന്റെ ചെറുപ്പകാലം മുതല്‍ ഇപ്പോള്‍ വരെയുള്ള കാലത്തെ ജീവിതകഥ 36 അദ്ധ്യായങ്ങളിലായാണ് അദ്ദേഹം പറയുന്നത്.
മട്ടാഞ്ചേരിയില്‍ ജനിച്ചുവളര്‍ന്നതും അവിടുത്തെ പ്രതിഭാധനരായ കലാകാരന്മാര്‍ക്കൊര്‍പ്പം സഹവസിക്കാന്‍ കഴിഞ്ഞതും പിന്നീട് സംഗീതലോകത്തിന്റെ..ഗസലിന്റെ ലോകത്തെ അറിയപ്പെടുന്ന പ്രതിഭയായിത്തീരാന്‍ കഴിഞ്ഞും ഉംബായി തന്റെ ജീവിതകഥയില്‍ അനുസ്മരിക്കുന്നു. ഉംബായിയുടെ ജീവിത കഥയിലൂടെ സാധാരണക്കാരും കൂലിവേലക്കാരും നിറഞ്ഞ മട്ടാഞ്ചേരി എന്ന ദേശത്തിന്റെ സംഗീതപ്പെരുമയുടെയും അവിടുത്തെ അറിയപ്പെടാതെപോയ കലാകാരന്മാരുടെ അതിരില്ലാത്ത സംഗീതപ്രണയത്തിന്റെയും കഥകൂടിയാണ് രാഗം ഭൈരവി എന്ന പുസ്തകം പറയുന്നത്.
എന്തുകൊണ്ടും സമ്പൂര്‍ണ്ണമായ രാഗാണ് ഭൈരവി. ആ രാഗത്തില്‍ അന്യസ്വരങ്ങള്‍ ചേര്‍ത്ത് വ്യത്യസ്ത വികാരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് പണ്ഡിത ശ്രേഷ്ഠരായ ഉസ്താക്കന്മാര്‍ കാണിച്ചുതന്നിട്ടുണ്ട്. മനുഷ്യന്റെ ജീവിതത്തിലെ ദുഃഖവും വിരഹവും പറയുന്ന ഗസലുകള്‍ ഭൂരിഭാഗവും ഭൈരവി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല സംഗീതപ്രേമികളെ ഗസല്‍ മഴയില്‍ നനയിച്ച ഉംബായിയുടെ ഇഷ്ടരാഗവും ഇതുതന്നെ. അതുകൊണ്ടുതന്നെയാണ് കെടുതികളുടെയും ദാരിദ്രത്തിന്റെയും ഉയര്‍ച്ചയുടെയും കഥപറയുന്ന തന്റെ ജീവിതകഥയക്ക് അദ്ദേഹം രാഗം ഭൈരവി എന്ന പേര് നല്‍കിയത്.
ഇ പി ഹമീദ്, എം കെ ആര്‍ മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് രാഗം ഭൈരവി തയ്യാറക്കിയത്.
The post ഉംബായിയുടെ ജീവിതകഥ- രാഗം ഭൈരവി appeared first on DC Books.