2014ല്‍ നടന്ന ഡി സി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിയ മൂന്നാമിടങ്ങള്‍ എന്ന നോവലുമായാണ് കെ.വി.മണികണ്ഠന്‍ എഴുത്തിന്റെ ലോകത്തേക്ക് കടന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച എട്ട് കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥാഫെസ്റ്റ് എന്ന പരമ്പരയില്‍ എട്ട് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് ഡി സി ബുക്‌സ്. ഇതില്‍ ഒന്നാണ് കെ.വി.മണികണ്ഠന്റെ ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍.
ജലകന്യക, ട്രിവാന്‍ഡ്രം മെയില്‍, വിമര്‍ശനം ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണ്, പരോള്‍, ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍, പരമപദം, ഡോക്ടര്‍ ഞാന്‍ ഒരു ലെസ്‌കിയന്‍ ആണോ?, അച്ഛന്‍ മരം എന്നീ കഥകള്‍ അടങ്ങിയ പുസ്തകമാണ് ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യപൂര്‍ണ്ണവുമായ മുഖം അനാവരണം ചെയ്യുകയാണ് ഓരോ കഥയും.
ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുള്ള മണികണ്ഠന്‍ കഴിഞ്ഞ 20 വര്‍ഷമായി വെര്‍ട്ടിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയില്‍ ജോലി ചെയ്തുവരുന്നു.
The post ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍ appeared first on DC Books.