ആഴിപോലെ അതിവിസ്തൃതവും അത്യഗാധവുമാണ് സംസ്‌കൃത സാഹിത്യം. പ്രാചീന സാഹിത്യകൃതിയായ ഋഗ്വേദം മുതല്‍ ആരംഭിച്ച ആ സരിത്പ്രവാഹം സ്വന്തം വഴികള്‍ വെട്ടിത്തുറന്ന് ഇന്നും നിലയ്ക്കാതെ ഒഴുകുന്നു. ആ സാഹിത്യാബ്ധിയില്‍ അമൂല്യങ്ങളായ രത്‌നങ്ങളും മുത്തുകളും പവിഴങ്ങളും തിളങ്ങുന്നു.
വിശിഷ്ട പ്രയോഗങ്ങളും മധുരമായ ഭാഷാശൈലിയും വൃത്താലങ്കാര വൈവിധ്യങ്ങളും ഭാവനാവിലാസ കൗതുകങ്ങളും കൊണ്ട് കാവ്യസാമ്രാജ്യത്തില്‍ പ്രഭ ഉയര്‍ത്തിക്കാട്ടുന്ന സംസ്‌കൃതസാഹിത്യത്തിന്റെ പോഷണത്തിനു വേണ്ടിയാണ് യുവജനോത്‌സവവേദികളില്‍ സംസ്‌കൃത പദ്യപാരായണം ഒരു മത്സര ഇനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മത്സരാര്‍ത്ഥികള്‍ക്ക് സഹായകമാവുന്ന വിധത്തിലുള്ള പദ്യഭാഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിദഗ്ധകരങ്ങളുടെ അപര്യാപ്തത നേരിടുന്ന ഒരു രംഗം കൂടിയാണിത്. സംസ്‌കൃതത്തിലുള്ള പദ്യംചൊല്ലലിന് വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പ്രാപ്തരാക്കുന്ന പുസ്തകമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന സംസ്‌കൃതപദ്യപാരായണം.
ആദികവിയായ വാല്‍മീകി മുതല്‍ ശ്രീനാരായണ ഗുരുദേവന്‍ വരെയുള്ള പ്രശസ്തകവികളുടെ പന്ത്രണ്ടില്‍പരം കൃതികളില്‍ നിന്ന് തിരഞ്ഞെടുത്ത ഇരുപതോളം പദ്യഭാഗങ്ങളാണ് സംസ്‌കൃതപദ്യപാരായണം എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാമായണം, നാരായണീയം, ശ്രീമദ്ഭാഗവതം, കുമാര സംഭവം, മേഘസന്ദേശം തുടങ്ങിയ വിശിഷ്ടകൃതികളില്‍ നിന്നുള്ള പദ്യഭാഗങ്ങള്‍ ഇതിലുണ്ട്.
പദ്യപാരായണ മത്സരത്തിന് ഏറ്റവും അനുയോജ്യമായ പദ്യശകലങ്ങളാണിവയെന്ന് പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ബോധ്യമാകും. ഓരോ കാവ്യഭാഗങ്ങളുടെയും അര്‍ത്ഥം കൂടി വിശദീകരിച്ച് നല്‍കിയിരിക്കുന്നതിനാല്‍ ആശയം ഗ്രഹിച്ച് അവതരിപ്പിക്കാനും ഈ സമാഹാരം സഹായിക്കും. സംസ്‌കൃത പഠനത്തില്‍ താല്‍പര്യമുള്ളവര്‍ക്കും സഹായകമാണ് സംസ്‌കൃതപദ്യപാരായണം എന്ന പുസ്തകം.
ആകാശവാണി, ദൂരദര്‍ശന്‍ തുടങ്ങിയ മാധ്യമങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും സംസ്ഥാന, സി.ബി.എസ്.ഇ കലോത്സവമത്സരങ്ങളില്‍ ജഡ്ജായി ഇരിക്കുകയും ചെയ്യാറുള്ള ശ്യാം എം.എസ് ആണ് സംസ്‌കൃതപദ്യപാരായണം എന്ന പുസ്തകം തയ്യാറാക്കിയത്. കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിര്‍ സ്‌കൂളില്‍ അധ്യാപകന്‍ കൂടിയാണ് അദ്ദേഹം.
കാവ്യസാമ്രാജ്യത്തില്‍ സംസ്‌കൃതത്തിന്റെ പ്രഭ
The post സംസ്‌കൃത പദ്യപാരായണത്തില്‍ സമ്മാനം നേടാം appeared first on DC Books.