ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള പ്രവാസം എന്നും പ്രതികൂലസാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനോ അന്നന്നത്തെ അന്നം തേടിയോ വലിയ പറുദീസകള്‍ അന്വേഷിച്ചോ ആണ്. എന്നാല്‍ ഇതിലൂടെ നടക്കുന്നത് രണ്ട് സംസ്‌കാരങ്ങളുടെ മേളനമാണ്. അനുസ്യൂതം തുടര്‍ന്നുവരുന്ന ഈ കുടിയേറ്റങ്ങളാണ് ആധുനികലോകത്തെ രൂപപ്പെടുത്തിയത്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് യമനില്‍ നിന്നും കേരളത്തില്‍ എത്തിച്ചേര്‍ന്ന രണ്ട് സഹോദരന്മാരുടെയും അവരുടെ വംശപരമ്പരയുടെയും കഥയിലൂടെ ചില ചരിത്രവസ്തുതകള്‍ പറയുകയാണ് സമദ് രചിച്ച പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍ എന്ന നോവല്‍. കച്ചവടത്തിനു മാത്രമായാണ് അറേബ്യക്കാര്‍ കേരളത്തിലെത്തിയതെന്ന പൊതുധാരണയെ തിരുത്തിക്കൊണ്ട് അറിവിന്റെ വാഹകരായും കൂടുതല്‍ അറിവന്വേഷിച്ചുമായിരുന്നു ആ വരവെന്ന് നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രേമവും പ്രേമഭംഗവും ഭാഗ്യനിര്‍ഭാഗ്യങ്ങളും നെറികേടുകളും ചതിയും വിശ്വാസവഞ്ചനയും ഒക്കെ എല്ലാ കാലത്തും സമാനമാണെന്ന് നോവല്‍ കാട്ടിത്തരുന്നു.
യമനില്‍ നിലനിന്നിരുന്ന പ്രാചീന വിദ്യാഭ്യാസമുറകള്‍ മുതല്‍ പ്രാചീന കേരളത്തിലെ സമൂഹക്രമം വരെ പഠിച്ചാണ് സമദ് പള്ളിവൈപ്പ്പിലെ കൊതിക്കല്ലുകളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മുമ്പ് കൊച്ചി, തിരുവിതാംകൂര്‍ അതിര്‍ത്തി രേഖപ്പെടുത്താനായി സ്ഥാപിച്ചിരുന്ന കൊ.തി എന്ന് കൊത്തിവെച്ച കല്ലുകള്‍ പിന്നീട് കൊതിക്കല്ലുകളായ ചരിത്രം മുന്‍നിര്‍ത്തിയാണ് പുസ്തകത്തിന് പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍ എന്ന് പേരിട്ടിരിക്കുന്നതുപോലും.
മണലാരണ്യത്തിലെ ഗോത്രപാരമ്പര്യത്തെയും മലബാറിലെ ജീവിത സമ്പ്രദായങ്ങളെയും രസകരമായി ചിത്രീകരിക്കുന്ന നോവല്‍ ഇസ്ലാമിക സംസ്‌കാരത്തിന്റെ ആന്തരിക വിശുദ്ധിയും ഔന്നത്യവും കാട്ടിത്തരുന്നു. ‘കൊയ്‌ലോ’ കൃതികളില്‍ കാണുന്നതിനു സമാനമായ സ്വപ്നാന്തരീക്ഷം നോവലില്‍ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നതായി സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.
പത്ത് വര്‍ഷം ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിട്ടുള്ള സമദ് ഇപ്പോള്‍ പെട്രോളിയം വിതരണം, ടൂറിസം എന്നീ മേഖലകളില്‍ വ്യാപരിക്കുന്നു. അദ്ദേഹത്തിന്റെ പ്രവാസജീവിതവും നോവല്‍ രചനയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
The post പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍ പറയുന്ന കഥയെന്ത്? appeared first on DC Books.