കടലോരം പാടിനടന്ന കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ദുരന്തപ്രണയകഥ കേരളത്തിന്റെ അതിരുകള്‍ പിന്നിട്ട്, ഈരേഴുകടലും കടന്ന് വിശ്വമഹാകാവ്യമായി മാറി. കുട്ടനാടിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ള വിശാലമായ സാഹിത്യലോകത്തിനു സമ്മാനിച്ച ചെമ്മീന്‍ എന്ന നോവല്‍ പ്രസിദ്ധീകരണത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി യാത്ര തുടരുകയാണ്. മലയാളത്തില്‍ ഇന്നും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കൃതികളിലൊന്നായ ചെമ്മീന്റെ പുതിയ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
1956 മാര്‍ച്ചിലാണ് ചെമ്മീന്‍ ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. പക്ഷെ അതിനും രണ്ട് വര്‍ഷം മുമ്പുതന്നെ നോവലിനെക്കുറിച്ചുള്ള അറിയിപ്പ് വന്നുതുടങ്ങിയിരുന്നു. അന്ന് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഡി സി കിഴക്കെമുറി പില്‍ക്കാലത്ത് ഡി സി ബുക്‌സ് ചെമ്മീന്‍ പുറത്തിറക്കാന്‍ തുടങ്ങിയപ്പോള്‍ അക്കാലത്തെക്കുറിച്ച് ഇങ്ങനെ സ്മരിച്ചു.
”ചെമ്മീന്റെ കൈയെഴുത്തുപ്രതിക്കു വേണ്ടി പല പ്രാവശ്യം ഞങ്ങള്‍ തകഴിയിലേക്ക് ആളയച്ചിട്ടുണ്ട്. ഞാന്‍ തന്നെ പോയിട്ടുമുണ്ട്. ബോട്ടിലും ബസ്സിലുമൊക്കെ യാത്രകഴിഞ്ഞ്, അമ്പലപ്പുഴനിന്നും തകഴിക്കുള്ള ആറേഴു കിലോമീറ്റര്‍ നടന്നാലേ ശങ്കരമംഗലത്തെത്തൂ അന്ന്. 1956 ഫെബ്രുവരിയിലെ ഒരു ദിവസം, തകഴി ശിവശങ്കരപ്പിള്ള കോട്ടയത്തു വന്നു. ശാന്തമായിരുന്ന് എഴുതാന്‍ പറ്റിയ ഒരു സ്ഥലം കണ്ടുപിടിച്ച് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മത്തായിക്കുട്ടിയുടെ ബോട്ട് ഹൗസ് കഫെ ഏര്‍പ്പെടുത്തിക്കൊടുത്തു. ചെമ്മീന്റെ മിനുക്കുപണിയാണ് കോട്ടയത്തുവച്ച് നടത്തുകയെന്നു ഞാന്‍ കരുതി. അവിടെയിരുന്നാണ് അധികഭാഗവും എഴുതിയത്.”
ബോട്ട് ഹൗസ് ലോഡ്ജിലെ മുറിയില്‍ വെച്ച് എട്ടാം പക്കം ചെമ്മീന്‍ എഴുതിത്തീര്‍ന്നതായി ആദ്യ ഡി സി പതിപ്പിന്റെ ആമുഖമായി തകഴിയും പറയുന്നുണ്ട്. പിന്നീടുള്ള ചെമ്മീന്റെ യാത്ര കാലം രേഖപ്പെടുത്തിയതാണ്. ആദ്യ വര്‍ഷം തന്നെ പുസ്തകത്തിന്റെ 4 പതിപ്പുകളാണ് പുറത്തിറങ്ങിയത്. മലയാള നോവലിന് ആദ്യത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നതും ഈ നോവലിനായിരുന്നു. 1958ല്‍ ആയിരുന്നു അത്.
ലോകസാഹിത്യത്തിലെ ക്ലാസ്സിക്കുകളിലൊന്നായി എടുത്തുകാട്ടാവുന്ന ചെമ്മീന്‍ നോവലിന് മലയാളത്തില്‍ മാത്രം 39 പതിപ്പുകള്‍ പുറത്തിറങ്ങി. ഇന്ത്യയിലും വിദേശത്തുമായി ഇരുപത്തഞ്ചിലധികം ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. രാമു കാര്യാട്ട് നല്‍കിയ ചലച്ചിത്രഭാഷ്യത്തിലൂടെ ദേശീയ പുരസ്‌കാരങ്ങളും ചെമ്മീനെ തേടിയെത്തി. നോവലിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ പത്തൊമ്പതാം ഡി സി പതിപ്പാണ് വിപണിയില്‍ ഉള്ളത്.
കേരള കേസരി പത്രത്തില്‍ ജോലിക്കു ചേര്‍ന്നതോടെയാണ് തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്. കേസരി ബാലകൃഷ്ണ പിള്ളയുമായുള്ള സമ്പര്‍ക്കമാണ് തകഴിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ചെമ്മീന്‍, ഏണിപ്പടികള്‍, കയര്‍, തോട്ടിയുടെ മകന്, രണ്ടിടങ്ങഴി, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി 39 നോവലുകളും അറുന്നൂറില്‍പ്പരം ചെറുകഥകളും ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകള്‍ എന്നിവയും ഇദ്ദേഹത്തിന്റേതായുണ്ട്. വെള്ളപ്പൊക്കത്തില്‍ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.
രണ്ടിടങ്ങഴി, ചെമ്മീന്‍,ഏണിപ്പടികള്‍ എന്നീ നോവലുകള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1965ല്‍ ഏണിപ്പടികളിലൂടെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ല്‍ കയറിലൂടെ വയലാര്‍ അവാര്‍ഡും നേടി. 1984ല്‍ ജ്ഞാനപീഠം നേടിയ അദ്ദേഹത്തെ 1985ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ഏപ്രില്‍ പത്തിന് മഹാനായ ആ സാഹിത്യകാരന്‍ അന്തരിച്ചു.
The post അറുപതിന്റെ നിറവില്‍ ചെമ്മീന്‍ appeared first on DC Books.