ലക്ഷക്കണക്കിന് കാണികളുമായി റെക്കോര്‍ഡ് നേട്ടം കൊയ്ത ഷാര്‍ജ രാജ്യാന്തര പുസ്തകമേള സമാപിച്ചപ്പോള്‍ കടലിനക്കരയുള്ള മലയാളികള്‍ ഏറ്റവും കൂടുതല്‍ വാങ്ങിച്ചതും വായിച്ചതും കഴിഞ്ഞിടയ്ക്കായി ഇറങ്ങിയ മലയാള നോവലുകളാണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയതും ബെസ്റ്റ് സെല്ലറുമായ കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം , ടി ഡി രാമകൃഷ്ണന്റെസുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി എന്നിവയാണ് ഏറ്റവും വിറ്റഴിക്കപ്പെട്ടത്.
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ പുസ്തക പ്രകാശനം, സംവാദം, മുഖാമുഖം, തുടങ്ങി നിരവധി പരിപാടികള്‍കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ച രാജ്യാന്തര പുസ്തകമേളയില്‍ ഏറ്റവുമധികം വിറ്റുപോയത് അമേരിക്കന്‍ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ ജെഫ് കെന്നിയുടെ വിംപികിഡ് എന്ന കാര്‍ട്ടൂണ്‍ കഥാ പുസ്തകമാണ്. എന്നാല്‍ മലയാള പുസ്തകങ്ങളില്‍ നോവലുകള്‍വാങ്ങാനാണ് ആളുകളേറെയും എത്തിയത്.
സന്തേഷ് ഏച്ചിക്കാനത്തിന്റെബിരിയാണി എന്ന സമാഹാരം മേളയുടെ ആദ്യദിനങ്ങളില്‍ തന്നെ വിറ്റുപോയി. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, മാധ്യമപ്രവര്‍ത്തകനായ ബൈജു ഭാസ്‌കറിന്റെ അതീന്ദ്രിയശേഷികളുടെ മായാലോകം, ഷാബു കിളിത്തട്ടിലിന്റെ കാലം; കാവാലം എന്നിവയ്ക്കും, പ്രവാസികളുടെ നോവലില്‍ ഡി സി നോവല്‍ മത്സരത്തില്‍ സമ്മാനം നേടിയ സോണിയ റഫീക്കിന്റെ ഹെര്‍ബേറിയം, ഹണി ഭാസ്‌കറിന്റെ പിയേത്ത, ഷെമിയുടെ നടവഴിയിലെ നേരുകള്‍, നൂറ് എഡിഷനുകള്‍ കഴിഞ്ഞ ബെന്യാമിന്റെ ആടുജീവിതം മുജീബ് എടവണ്ണയുടെ അറബിക് മാഫീ മുശ്കില്‍, എന്നിവയ്ക്കുമാണ് ആവശ്യക്കാര്‍ ഉണ്ടായിരുന്നത്.
മലയാളത്തിന്റെ ശ്രേഷ്ഠ കൃതികള്‍ തേടിയെത്തിയവരും കുറവല്ല. ബഷീര്‍, ഉറൂബ്, മാധവിക്കുട്ടി, തകഴി, ടി പത്മനാഭന്‍ എന്നിവരുടെ പുസ്തകങ്ങളാണ് ഈ ഇനത്തില്‍ വിറ്റുപോയത്. ചേതന്‍ഭഗതിന്റെ പുതിയ നോവല്‍ വണ്‍ ഇന്ത്യന്‍ ഗേള്‍, പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, ചാരസുന്ദരിഎന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. പൊതുവേ നോവലുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നത്. നവംബര്‍ 2ന് ആരംഭിച്ച ഷാര്‍ജ അന്താരാഷ്ട പുസ്തകമേള 12ന് സമാപിച്ചു.
The post പ്രവാസികള്‍ ഏറ്റവും കൂടുതല്‍ വായിച്ച മലയാള പുസ്തകങ്ങള്‍ appeared first on DC Books.