കഥകള്‍ കൊണ്ട് എന്താണ് പ്രയോജനം?
ചോദ്യം അമ്മമാരോടും അമ്മൂമ്മമാരോടുമാണെങ്കില്‍ ഒട്ടും ആലോചിക്കാതെ അവര്‍ മറുപടി പറയും, കുട്ടികളെ ആഹാരം കഴിപ്പിക്കാനും അണിയിച്ചൊരുക്കാനും ഉറക്കാനുമൊക്കെ സഹായകമാണവയെന്ന്. അല്പം മുതിര്‍ന്ന്, ഗൗരവപ്രകൃതിയുള്ള ആളോടാണ് ചോദ്യമെങ്കില്‍ ഒരുപക്ഷെ കഥകള്‍ പറഞ്ഞ് താനടക്കമുള്ള യുവതികളുടെ ജീവന്‍ രക്ഷിച്ച ഷെഹ്രസാദിന്റെ കഥ അയാള്‍ മറുപടിയായി പറഞ്ഞെന്നിരിക്കും.
മനുഷ്യന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ വളര്‍ച്ചയില്‍ വാമൊഴിയായി പ്രചരിച്ച്, തലമുറകള്‍ കൈമാറിയ കഥകള്‍ക്കുള്ള പങ്ക് വിസ്മരിക്കാന്‍ ആര്‍ക്കുമാകില്ല. നമ്മുടെ നാട്ടില്‍ മാത്രമല്ല, എല്ലാ ദേശങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. മനുഷ്യരുള്ളിടത്തെല്ലാം കഥകളുണ്ട്. പക്ഷിമൃഗാദികളുടെയും ദേവന്മാരുടെയും രാക്ഷസന്മാരുടെയും നന്മതിന്മകളുടെയും മനുഷ്യന്റെ തന്നെയും കഥകള്‍. അവ കേട്ടാണ് ഇനി വരുന്ന തലമുറയും വളരേണ്ടത്. കഥകളില്‍ നിന്നുവേണം ഓരോ പൗരനും ശരിതെറ്റുകള്‍ തിരിച്ചറിഞ്ഞ് അവനവനെ വാര്‍ത്തെടുക്കാന്‍.
വിവിധ രാജ്യങ്ങളില്‍ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധമായ ബാലകഥകളുടെ സമാഹാരമാണ് ലോകബാലകഥകള്‍. പല നാടുകളുടെയും സംസ്‌കാരത്തനിമ കാത്തുസൂക്ഷിക്കുന്ന ഈ കഥകള്‍ കുട്ടികളുടെ ഭാവനയെ ദീപ്തമാക്കുമെന്നതില്‍ സംശയമില്ല
മലേഷ്യന്‍ കഥകള്‍, ജിപ്‌സി കഥകള്‍, അമേരിക്കന്‍ കഥകള്‍, റഷ്യന്‍ കഥകള്‍, ഈജിപ്ഷ്യന്‍ കഥകള്‍, അഫ്ഘാന്‍ കഥകള്‍, പേഴ്‌സ്യന്‍ കഥകള്‍, കൊറിയന്‍ കഥകള്‍, ഫിലിപ്പൈന്‍ കഥകള്‍, ബര്‍മ്മാ കഥകള്‍, ചീനക്കഥകള്‍, ആഫ്രിക്കന്‍ കഥകള്‍, ടിബറ്റന്‍ കഥകള്‍, നേപ്പാള്‍ കഥകള്‍ എന്നിങ്ങനെ വിവിധ സംസ്‌കാരങ്ങളുടെ അടിത്തറയായി നിലകൊള്ളുന്ന കഥകളാണ് ലോകബാലകഥകളിലുള്ളത്.
പ്രശസ്ത ബാലസാഹിത്യകാരനായ ഏവൂര്‍ പരമേശ്വരനാണ് കഥകള്‍ തനിമ ചോരാതെ പുനരാഖ്യാനം ചെയ്തത്. വിഷ്ണു വിജയന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ മാറ്റുകൂട്ടുന്ന പുസ്തകം പ്രസിദ്ധീകരിച്ചത് മാമ്പഴം ഇംപ്രിന്റിലാണ്. 2014ല്‍ പ്രസിദ്ധീകരിച്ച ലോകബാലകഥകളുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
The post ഭാവനയെ ദീപ്തമാക്കുന്ന ലോകബാലകഥകള്‍ appeared first on DC Books.