കഴിഞ്ഞുപോയൊരു ചരിത്രഗാഥയുടെ നീരുറവയാല്‍ പച്ചച്ചുനില്‍ക്കുന്ന തൃക്കോട്ടൂരംശം. ദേശത്തെ ഊടുവഴികളിലും തൃക്കോട്ടൂരങ്ങാടിയിലും മാടത്തുമ്മല്‍ തറവാട്ടിലുമെക്കെയായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന കഥകള്‍ കോര്‍ത്താണ് യു.എ.ഖാദര്‍ തൃക്കോട്ടൂര്‍ പെരുമ എന്ന കൃതി രചിച്ചത്. നാടോടിക്കഥകളുടെ മൊഴിവഴക്കവും ഗ്രാമ്യതയും നാട്ടുവര്‍ത്തമാനങ്ങളുടെ കഴക്കെട്ടുകളും കലര്‍ന്ന ആഖ്യാനത്തിലൂടെ ഒരു നാടോടി ഇതിഹാസം തന്നെയാണ് അദ്ദേഹം തീര്‍ത്തത്.
കുഞ്ഞിക്കേളുക്കുറുപ്പിന്റെയും കുഞ്ഞിരാമന്‍ നായരുടെയും ചാത്തന്‍ ഗോപാലന്റെയും കണാരന്റെയും അബ്ദുറഹിമാന്‍ ഹാജിയുടെയും മൊയ്തുഹാജിയുടെയും അതൃമ്മാന്‍ കുരിക്കളിന്റെയും എടവനച്ചേരി മാധവിയുടെയും മാളുക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും ചന്തയില്‍ ചൂടി വില്‍ക്കുന്ന ജാനകിയുടെയും ചരിതങ്ങളായാണ് തൃക്കോട്ടൂര്‍ പെരുമ ഇതള്‍ വിരിയുന്നത്. വടക്കന്‍പാട്ടുകളിലെ വീരവനിതകളുടെയും വീരപുരുഷന്‍മാരുടെയും അപദാനങ്ങളെ ഓര്‍മിപ്പിക്കും വിധമുള്ള യു.എ.ഖാദറിന്റെ ആഖ്യാനമാണ് പുസ്തകത്തിന്റെ പ്രധാന സവിശേഷത.
യക്ഷിക്കഥകളുടെ ഛായ നേടിയെടുക്കുന്ന തൃക്കോട്ടൂരിലെ ഗ്രാമീണ കഥാപാത്രങ്ങളുടെ ജീവിതചിത്രണം നാല് ഭാഗങ്ങളിലായി 11 കഥകളിലൂടെയാണ് പൂര്‍ത്തിയാകുന്നത്. തൃക്കോട്ടൂര്‍ പെരുമ, തൃക്കോട്ടൂര്‍ കഥകള്‍, തൃക്കോട്ടൂര്‍ നോവെല്ലകള്‍ തുടങ്ങിയവ അടക്കമുള്ള യു.എ.ഖാദറിന്റെ കൃതികള്‍ കടത്തനാടിനെയും കോലത്തിരിനാടിനെയും വയനാടിനെയും പോലെ തൃക്കോട്ടൂരിനെ എതിഹ്യത്തിന്റെ നാടായി വായനക്കാരുടെ ചിന്തകളില്‍ നിറക്കുന്നു.
1982ല്‍ പ്രസിദ്ധീകൃതമായ തൃക്കോട്ടൂര്‍ പെരുമക്ക് 1984ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡും 2009ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഈ കൃതിയുടെ ഏഴാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
1935ല്‍ ബര്‍മ്മയിലെ ബില്ലിന്‍ എന്ന സ്ഥലത്താണ് യു.എ. ഖാദര്‍ ജനിച്ചത്. കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം മദ്രാസ് കോളജ് ഓഫ് ആര്‍ട്ട്‌സില്‍ നിന്ന് ചിത്രകലാ പഠനം പൂര്‍ത്തിയാക്കി. 1953 മുതല്‍ ആനുകാലികങ്ങളില്‍ കഥയെഴുതിത്തുടങ്ങി. നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി 40ല്‍ ഏറെ കൃതികള്‍ എഴുതിയിട്ടുണ്ട്.
1993ല്‍ ‘കഥപോലെ ജീവിതം’ എന്ന കൃതിക്ക് എസ്.കെ. പൊറ്റെക്കാട് അവാര്‍ഡും ‘ഒരുപിടി വറ്റ്’ എന്ന കൃതിക്ക് അബുദാബി അവാര്‍ഡ് ലഭിച്ചു. ഇതിന് പുറമേ അബുദാബി ശക്തി അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് എന്നിവയും ലഭിച്ചു. ഓര്‍മ്മകളുടെ പഗോഡ, അഘോരശിവം, നിയോഗ വിസ്മയങ്ങള്‍, കളിമുറ്റം, തൃക്കോട്ടൂര്‍ കഥകള്‍ , പെണ്ണുടല്‍ ചുറയലുകള്‍ , തൃക്കോട്ടൂര്‍ നോവെല്ലകള്‍ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.
The post തൃക്കോട്ടൂരിന്റെ വീരഗാഥകള്‍ appeared first on DC Books.