ലോകത്തെ പ്രമുഖ സാഹിത്യോത്സവങ്ങളുടെ മാതൃകയില്‍ ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പിന് ജനകീയ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണയോഗം ചേരുകയാണ്. നവംബര്‍ 26ന് വൈകിട്ട് 3.30 ന് ഹോട്ടല്‍ അളകാപുരിയില്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷതയില്‍ ചേരുന്ന സ്വാഗതസംഘ രൂപീകരണ യോഗം എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡി സി ബുക്‌സ് സിഇഒ രവി ഡീസീ, എ കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ പങ്കെടുക്കും.
കോഴിക്കോട് ബീച്ചില്‍ 2017 ഫെബ്രുവരിയില്‍ 2,3,4,5 എന്നീ ദിവസങ്ങളിലായാണ് രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്. കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. വായനക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമാണ് കെഎല്‍എഫ് 2107 ലൂടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരുക്കുന്നത്.
എം ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, ശശിതരൂര്‍, അരുന്ധതി റോയ്, റൊമീല താപ്പര്‍, ഗോപാല്‍ ഗുരു, ശില്‍പ്പ ഷെട്ടി, രാമചന്ദ്ര ഗുഹ, ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ മല്ലിക സാരാഭായ്, സംവിധായികയും അഭിനേത്രിയുമായ നന്ദിതാ ദാസ്, എന്നിവരുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള 150ല്‍ അധികം സാഹിത്യ പ്രതിഭകള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിലവില്‍ ഉടലെടുത്തിരിക്കുന്ന അവസ്ഥാവിശേഷങ്ങളെക്കുറിച്ചുള്ള സെമിനാറുകളും സംവാദങ്ങളും കെഎല്‍എഫിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ കലാകാരന്മാരുടെ പ്രകടനങ്ങളും സാഹിത്യോത്സവത്തിന്റെ മാറ്റുകൂട്ടും.
സാഹിത്യോത്സവത്തിന് പങ്കാളിത്തംവഹിക്കാന്‍ താല്പര്യമുള്ള സാഹിത്യ പ്രേമികള്‍ക്കും, എഴുത്തുകാര്‍ക്കും, സന്നദ്ധ സാംസ്‌കാരികസംഘടനകള്‍ക്കും സ്വാഗതസംഘരൂപീകരണത്തില്‍ പങ്കെടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍; 9946109628
The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2017 -സ്വാഗതസംഘരൂപീകരണം നവംബര്‍ 26ന് appeared first on DC Books.