മാല്‍ഗുഡി എന്ന ഗ്രാമത്തെ ലോക പ്രശസ്തമാക്കിയത് ആര്‍.കെ.നാരായണിന്റെ മാല്‍ഗുഡി ഡേയ്‌സ് എന്ന പുസ്തകവും അതിന്റെ ചുവട് പിടിച്ചുണ്ടായ ടെലിവിഷന്‍ പരമ്പരയുമാണ്. അതിനോട് ഒപ്പം നില്‍ക്കുന്ന ഒരു ഗ്രാമം നമ്മുടെ കേരളത്തിലുമുണ്ട്. കൊച്ചിയിലെ കുമ്പളങ്ങി. സാധാരണക്കാരും നിഷ്‌കളങ്കരുമായ ഒരുകൂട്ടം നാട്ടുമനുഷ്യരുടെ ചിരിയും ചിന്തയും മലയാളികള്‍ക്ക് മുമ്പില്‍ തുറന്നുവെച്ചതാകട്ടെ, അവരുടെ പ്രിയങ്കരനായ ജനപ്രതിനിധി പ്രൊഫ. കെ.വി.തോമസ് ആണ്.
പിറന്ന ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും നൈര്‍മ്മല്യവും മലയാള വായനക്കാര്‍ക്ക് മുമ്പില്‍ പ്രൊഫ. കെ.വി.തോമസ് അവതരിപ്പിച്ച പുസ്തകമണ് എന്റെ കുമ്പളങ്ങി. ഗ്രാമവിശുദ്ധിയുടെ നറുമണം പരത്തുന്ന ശുദ്ധാത്മാക്കളുടെ കഥ എഴുതി തോമസ് മാഷ് അവരെയും തന്നെത്തന്നെയും എക്കാലവും ഓര്‍ക്കാവുന്ന അനശ്വര മണ്ഡലത്തിലെത്തിക്കുകയാണ് ഈ കൃതിയില്‍. തനതു ശൈലിയും രചനാവൈഭവവും കൊണ്ട് സാധാരണ മനുഷ്യരെ അദ്ദേഹം ജീവസ്സുറ്റ കഥാപാത്രങ്ങളാക്കുകയാണ് ഇതില്‍.
സ്വതേ പാവങ്ങളും എന്നാല്‍, തങ്ങളുടെ മേല്‍ മെക്കിട്ടുകയറാന്‍ ആരെയും അനുവദിക്കുകയും ചെയ്യാത്ത കുമ്പളങ്ങിക്കാരുടെ സ്വത്വമാണ് എന്റെ കുമ്പളങ്ങിയിലെ കഥകളുടെ പൊതുവായ മുഖമുദ്ര. തീണ്ടലിന്റെയും തൊടീലിന്റെയും കാലത്തുപോലും ജാതിഭേദവും മതദ്വേഷവും പുലര്‍ത്തിയിട്ടില്ലാത്ത ഒരു ജനതയായിരുന്നു അവരെന്ന് തോമസ് മാഷ് വിവരിക്കുമ്പോള്‍ കഥകളിലൂടെ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
എന്റെ കുമ്പളങ്ങി എന്ന പുസ്തകം ജനപ്രിയമായതിനെ തുടര്‍ന്ന് എന്റെ കുമ്പളങ്ങിക്ക് ശേഷം, കുമ്പളങ്ങി കാലിഡോസ്‌കോപ്പ് എന്നീ പുസ്തകങ്ങളും അതിന്റെ തുടര്‍ച്ചയായി കെ.വി.തോമസ് എഴുതുകയുണ്ടായി. എന്റെ കുമ്പളങ്ങിയുടെ ആദ്യ കറന്റ് ബുക്‌സ് പതിപ്പ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുകയാണ്. ഓര്‍ഡര്‍ ഓര്‍ഡര്‍ ഓര്‍ഡര്‍, അമ്മയും മകനും, വിളക്കുമരങ്ങള്‍ തുടങ്ങിയവ അടക്കം നിരവധി കൃതികള്‍ കെ.വി.തോമസ് രചിച്ചിട്ടുണ്ട്.
അധ്യാപകനായ പ്രൊഫ. കെ.വി.തോമസ് രണ്ടാമത് യു.പി.എ മന്ത്രിസഭയില്‍ സ്വതന്ത്ര ചുമ്മതലയുള്ള കൃഷി സഹമന്ത്രി ആയിരുന്നു. ഇപ്പോള്‍ എറണാകുളം ലോകസഭാംഗമാണ് അദ്ദേഹം.