വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി. വിവാഹ വാഗ്ദാനം നല്‍കി കൊണ്ടുപോയ കാമുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയായിരുന്നു..മയക്കുമരുന്ന് വേട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍ … എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് നാം ദിനംപ്രതി കാണുന്നന്നതും കേള്‍ക്കുന്നതും. ഇന്നത്തെ സമൂഹത്തില്‍ ഇത്തരം ചതികളിലും കെണികളിലും പെടുന്നത് കൗമാരക്കാരായ കുട്ടികളാണെന്നത് ശ്രദ്ധേയമാണ്. രക്ഷകര്‍ത്താക്കളുടെ പൂര്‍ണ്ണ ശ്രദ്ധകിട്ടാത്ത കുട്ടികളാണ് ഇത്തരം കേസുകളിലും ചതികളിലുംപെടുന്നത് എന്നതാണ് വാസ്തവം.
തെറ്റുകളിലേക്ക് പോകാന്‍ വെമ്പല്‍കൊള്ളുന്ന കാലഘട്ടമാണ് കൗമാരം. മാത്രമല്ല കുട്ടികളില്‍ പലവിധമുള്ള മാനസിക ശാരീരിക പിരിമുറുക്കങ്ങള്‍ ഉടലെടുക്കുന്ന സമയം. അതുകൊണ്ടുതന്നെ രക്ഷിതാക്കളും അധ്യാപകരും വേണ്ടത്ര ശ്രദ്ധ ഇവരില്‍ പതിപ്പിക്കേണ്ടതുണ്ട്. അതിന് സഹായിക്കുന്ന, പുസ്തകമാണ് സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്‌കൂള്‍ കൗണ്‍സലറായ കലാ ഷിബുവിന്റെ എന്റെ കൗണ്‍സലിങ് അനുഭവങ്ങള്‍. കുട്ടികള്‍ കൗമാരത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വരച്ചുകാട്ടുന്ന, രക്ഷകര്‍ത്താക്കളും അധ്യാപകരും കുട്ടികളെ എങ്ങനെ വളര്‍ത്തണം, അവരോട് എങ്ങനെ പെരുമാറണം എന്നിങ്ങനെയുള്ള വസ്തുതകള്‍ തുറന്നുകാട്ടുന്ന പുസ്തകമാണിത്.
അടിസ്ഥാനവിദ്യാഭ്യാസം പോലെ ഓരോ കുട്ടിക്കും നല്‍കേണ്ട ഒന്നാണ് ലൈംഗിക വിദ്യാഭ്യാസമെന്ന് എന്റെ കൗണ്‍സലിങ് അനുഭവങ്ങളിലൂടെ കലാ ഷിബു അടിവരയിട്ട് പറയുന്നു. പുറത്ത് പറയാന്‍ പാടില്ലാത്ത ഒന്നായോ മറച്ചുവയ്‌ക്കേണ്ടതായോ ലൈംഗികതയെ മുതിര്‍ന്നവര്‍ കാണുന്നതിനാല്‍, കൂട്ടുകാരില്‍നിന്നും നീലച്ചിത്രത്തങ്ങളില്‍ നിന്നും കിട്ടുന്ന തെറ്റായ അറിവുകളും കാഴ്ച്ചപ്പാടുകളും സ്വരൂപിച്ച് കുട്ടികള്‍ വഴിതെറ്റുന്നത് എങ്ങനെയെന്ന് കലാ ഷിബു തന്റെ കൗണ്‍സലിങ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുന്നു.
കൗമാരക്കാര്‍ വഴിതെറ്റാനിടയുള്ള ലൈംഗിക സാഹചര്യങ്ങളും മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യവിപത്തുകള്‍ വരുത്തിവെക്കുന്ന പ്രശ്‌നങ്ങളും അവയുടെ പരിഹാരമാര്‍ഗ്ഗങ്ങളും ലളിതമായി വിവരിക്കുകയാണ് ഈ പുസ്തകത്തില്‍ കലാ ഷിബു. കേസുകളും അവയുടെ വിശകലനങ്ങളും നല്‍കുന്നതിനൊപ്പം തന്നെ രക്ഷിതാക്കളും കൗമാരപ്രായക്കാരും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും, വസ്തുതകളും, പോസിറ്റീവ് ചിന്താധാരകളും കലാ ഷിബു എന്റെ കൗണ്‍സലിങ് അനുഭവങ്ങളില്‍ വ്യക്തമാക്കുന്നു. കലാഷിബുവിന്റെ ടീനേജ് കേസ് ഹിസ്റ്ററി എന്ന് വിശേഷിപ്പിക്കാവുന്ന എന്റെ കൗണ്‍സലിങ് അനുഭവങ്ങളുടെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി.