നഗരമാലിന്യങ്ങള്‍ കൊണ്ടുപോയി കുന്നുകൂട്ടുന്ന ചതുപ്പുകളാണ് ഇന്ന് പല മനുഷ്യവാസ പ്രദേശങ്ങളും. അഴുക്കുകള്‍ ഒഴുകുന്ന ജലായശങ്ങള്‍ അവിടങ്ങളിലെ മനുഷ്യജീവിതത്തെ കാര്‍ന്നുതിന്നുന്നു. രോഗങ്ങളുടെ ചതുപ്പില്‍ കൈകാലിട്ടടിക്കാനും ദയനീയമായ മരണത്തിനു വിധേയമാകാനും വിധിക്കപ്പെട്ട ജന്മങ്ങള്‍… ജീവന്റെ ചെടി എവിടെയാണുള്ളത്?
സമകാലീന വ്യഥകളില്‍ പെട്ടുഴലുന്ന മനുഷ്യന്റെ നിലവിളികളാണ് എം.കമറുദ്ദീന്റെ ചതുപ്പ് എന്ന സമാഹാരത്തിലെ കഥകളില്‍ നിറയുന്നത്. നടപ്പുജീവിതങ്ങളെയും അനുഭവങ്ങളെയും ജൈവപരവും മന:ശാസ്ത്രപരവുമായ സംജ്ഞകളോടെ സന്നിവേശിപ്പിച്ചുകൊണ്ട് നവീനമായ ഒരു ഭാവുകത്വത്തിന്റെ അടയാള വാക്യങ്ങളാകുകയാണിവ.
ചതുപ്പ് എന്ന കഥയില്‍ കാണുന്നത് ജീവന്റെ ചെടി അന്വേഷിക്കുകയും അങ്ങനെയൊന്ന് ഇല്ലെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യരെയാണ്. അമ്മക്ക് ആദ്യഭര്‍ത്താവില്‍ ഉണ്ടായ മകനെ വെറുത്ത സഹോദരങ്ങളുടെ കഥയാണ് ‘അമ്മയുടെ മകന്‍.’ പട്ടിണി കൊണ്ടുപോലും തെറ്റ് ചെയ്യാന്‍ കഴിയാഞ്ഞിട്ടും സമൂഹം എങ്ങനെയാണ് ഒരാളെ കുറ്റവാളിയാക്കുന്നതെന്ന് ‘പുലര്‍ച്ചെ ഒരാക്രമണം’ എന്ന കഥ കാട്ടിത്തരുന്നു.
പരമാധികാരി, യുദ്ധം, ഒരു തടവുകാരന്‍, അമ്മേ ഞങ്ങള്‍ ജെനീലോയെ കൊന്നു, ബാധ എന്നീ കഥകളും സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ചതുപ്പ്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കാലത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ഇവയെല്ലാം.
കഥകള്‍, നോവല്‍, ചരിത്രം, ആരോഗ്യശാസ്ത്രം, വിവര്‍ത്തനം തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകളില്‍ സജീവമാണ് എം.കമറുദ്ദീന്‍. അദ്ദേഹത്തിന്റെ തെരുവിന്റെ മറ്റേയറ്റം എന്ന കഥാസമാഹാരവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.