കവി എ. അയ്യപ്പന്റെ ഓര്‍മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ ആറാമത് ‘അയനം–എ. അയ്യപ്പന്‍’കവിതാപുരസ്‌കാരത്തിന് വീരാന്‍കുട്ടി അര്‍ഹനായി. ‘വീരാന്‍കുട്ടിയുടെ കവിതകള്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ബാലചന്ദ്രന്‍ വടക്കേടത്ത് ചെയര്‍മാനും പി എന്‍ ഗോപീകൃഷ്ണന്‍, കെ ആര്‍ ടോണി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.
പ്രകൃതിയെ അസ്ഥിരമാക്കി മുന്നേറുന്ന മനുഷ്യകേന്ദ്രീകൃതലോകത്തെ ജാഗ്രതയോടെ വെളിപ്പെടുത്തുന്ന, മാനവികതയും സാമൂഹിക നീതിയും പരിസ്ഥിതി ബോധവും പ്രമേയമാക്കുന്ന കാവ്യലോകമാണ് വീരാന്‍കുട്ടിയുടേത്. സമകാലകവിതയുടെ ശബ്ദഘോഷങ്ങ്ള്ക്കിടയില്‍ വീരാന്‍കുട്ടിയുടെ കവിതകള്‍ വേറിട്ട സ്വരം കേള്‍പ്പിക്കുന്നു. ഗ്രാമീണതയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന ഉപഭോഗനാഗരികതയെയും മുഖ്യധാരയില്‍ ആവിഷ്‌കരിക്കപ്പെടാതെ പോകുന്ന അപൂര്‍വ്വതകളെയും ഈ കവിതകളില്‍ കാണാമെന്ന് ജൂറി അഭിപ്രായപ്പെട്ടു.
2017 ജനുവരിയില്‍ മഹാകവി അക്കിത്തം അവാര്‍ഡ് സമ്മാനിക്കും.