മൃഗങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള രചനകള്‍ മലയാളത്തില്‍ വളരെ വിരളമാണ്. കുട്ടികള്‍ക്കായി വന്ന ചിലത് ഒഴിച്ചാല്‍ മറ്റുള്ള പലതും ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. അതിനൊരു അപവാദമാണ് എം പി നാരായണപിള്ളയുടെ പരിണാമം എന്ന നോവല്‍. ഒരു നായയെ കേന്ദ്രകഥാപാത്രമാക്കി എഴുതപ്പെട്ട നോവലാണ് പരിണാമം.
മനുഷ്യരും മൃഗങ്ങളും ചേര്‍ന്ന ആവാസവ്യവസ്ഥയില്‍ നിന്നുകൊണ്ട് എം.പി.നാരായണപിള്ള രചിച്ച കഥകളുടെ തുടര്‍ച്ചയായിരുന്നു പരിണാമം. ഭരണം പിടിച്ചടക്കാന്‍ ഒളിപ്പോര് സംഘടിപ്പിക്കുന്ന മത്തായിയും സംഘവും, അതിനെ പ്രതിരോധിക്കാന്‍ ചുമതലപ്പെട്ട പോലീസ് സേനയും, ആഖ്യാതാവും സംഘവും എല്ലാം ഇതില്‍ നായയുടെ പിന്നാലേയാണ്. മഷിനോട്ടവും മന്ത്രവാദവും കൊണ്ട് സമ്പന്നമായ കേരളത്തിന്റെ അതിഭൗതിക ഭാവനാലോകവും ഇതിന് സമാന്തരമായി നോവല്‍ സ്വരൂപത്തില്‍ കടന്നുവരുന്നു.
1989ല്‍ പുറത്തിറങ്ങിയ പരിണാമം അതിലെ രാഷ്ട്രീയം കൊണ്ട് ഒട്ടേറെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചു. ഒരുപക്ഷേ കേരളത്തില്‍ ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു നോവല്‍ ഉണ്ടായിട്ടില്ല എന്ന് പറയാം. സമകാലീന സമൂഹത്തിന്റെ വിഷ്‌ലിപ്തമായ മുഖംമൂടികളെ തട്ടിയെറിഞ്ഞ് വായനയുടെ ലോകത്തില്‍ വിപ്ലവം സൃഷ്ടിച്ച പരിണാമം എം.പി.നാരായണപിള്ളയ്ക്ക് 1991ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തു. ഇന്നത്തെ സാഹചര്യത്തിലും പ്രസക്തമായ നോവലിന്റെ പത്താമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
പരിണാമം, ഹനുമാന്‍ സേവ തുടങ്ങിയ നോവലുകളും ഒട്ടേറെ കഥാസമാഹാരങ്ങളും ലേഖനസമാഹാരങ്ങളും അടക്കം പതിനാറ് കൃതികളാണ് മലയാളത്തിന് എം.പി. നാരായണപിള്ള സംഭാവന ചെയ്തത്. നവീന ചെറുകഥാ പ്രസ്ഥാനത്തിനു തുടക്കമിട്ടവരില്‍ പ്രമുഖനായിരുന്ന അദ്ദേഹം 1998 മെയ് 19ന് അന്തരിച്ചു.