ഒരാളുടെ വീട് എത്ര വലുതായാലും, ബാങ്ക് ബാലന്‍സ് എത്ര ഭീമമായിരുന്നാലും, വാഹനം എത്രമാത്രം പുതിയതായിരുന്നാലും, അന്ത്യനിദ്രക്ക് വേണ്ട സ്ഥലം തുല്യമാണ്. എന്നാല്‍ അതുപോലുമില്ലാത്ത ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലും കോടിക്കണക്കിനാളുകള്‍ ഇന്ത്യയിലും ശതകോടികള്‍ ലോകത്തുമുണ്ട്. ഈ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്കുള്ള ചൂണ്ടുപലകയാണ് ഇ.സന്തോഷ്‌കുമാറിന്റെ ഒരാള്‍ക്ക് എത്ര മണ്ണ് വേണം? എന്ന നോവലെറ്റ്. അതിജീവനം, മഞ്ഞമുഖം, പ്രകാശദൂരങ്ങള്‍, ആദിമൂലം, ഒരാള്‍ക്ക് എത്ര മണ്ണ് വേണം?എന്നീ നോവലറ്റുകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പണ്ഡിറ്റ് കുഞ്ഞിക്കോരുമാസ്റ്റര്‍ എന്ന ദരിദ്രനാരായണന്റെ മരണത്തിനു ശേഷമുള്ള ഏതാനും മണിക്കൂറുകളിലൂടെയാണ് ഒരാള്‍ക്ക് എത്ര മണ്ണ് വേണം? എന്ന നോവലെറ്റ് വികസിക്കുന്നത്. മത, രാഷ്ട്രീയ മുതലെടുപ്പുകള്‍ ഒരുപാട് അരങ്ങേറുന്നുണ്ടെങ്കിലും അന്ത്യനിദ്രക്കുള്ള ഇടം മാത്രം ലഭ്യമാകുന്നില്ല. പരേതനുവേണ്ടി ഒന്ന് കരയാന്‍ പോലും ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ ആറടിമണ്ണിന്റെ ജന്മി പോലുമാകാന്‍ പറ്റാത്ത ആത്മാവിന്റെ നിലവിളി അദൃശ്യമായി മുഴങ്ങുന്ന രചനയായി ഇത് മാറുന്നു.
അവസാനത്തെ ട്രെയിന്‍ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന സമീര്‍ എന്ന എഴുത്തുകാരന്റെ പക്കല്‍ തന്റെ പ്രസിദ്ധീകരിക്കാത്ത നോവല്‍ ഏല്‍പിച്ചിട്ടാണ് ജീവന്‍ അപ്രത്യക്ഷനായത്. ആ നോവല്‍ പ്രസിദ്ധീകരിക്കാനായി സമീര്‍ ശ്രമിക്കുമ്പോള്‍ നോവലും അപ്രത്യക്ഷമാകുന്നു. എന്താണ് നോവലിസ്റ്റിനും നോവലിനും സംഭവിച്ചത്? ഒരു ട്രെയിന്‍ യാത്രക്കിടയില്‍ എവിടേക്കെന്നറിയാതെ മാഞ്ഞുപോയ ജീവന്‍ എന്ന നോവലിസ്റ്റിനെ തിരയുകയാണ് അതിജീവനം എന്ന നോവലെറ്റ്.
പീതാംബരന്‍ എന്ന വ്യക്തിയുടെ ദുരൂഹതകള്‍ക്ക് പിന്നാലേ സഞ്ചരിക്കുന്ന ജോര്‍ജ്ജ് എന്ന കുറ്റാന്വേഷകന്റെ കണ്ടെത്തലുകളാണ് മഞ്ഞമുഖം എന്ന നോവലെറ്റ് പറയുന്നത്. കണ്ണു തുറന്നുവെച്ചാലും കാണാനാകാത്ത കാഴ്ചകളിലേക്ക് ഒരു അന്ധയുടെ യാത്രയാണ് പ്രകാശദൂരങ്ങള്‍. ജന്മദേശത്തേക്കുള്ള ഒരു മടക്കയാത്രയുടെ കഥ പറയുകയാണ് ആദിമൂലത്തിലൂടെ സന്തോഷ്‌കുമാര്‍.
സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ക്കുമുകളിലുള്ള ഒരെത്തിനോട്ടമാണ് ഈ ചെറുനോവലുകളിലൂടെ ഇ സന്തോഷ് കുമാര്‍ നടത്തുന്നത്. ഇവിടെയെല്ലാം നമുക്ക് നമ്മളെതന്നെയോ, നമുക്ക് ചുറ്റും വിഹരിക്കുന്നവരെയോ കണ്ടെത്താം..!