നിലവിളിയുടെ നഗരത്തിലൂടെ ഞാൻ പായുന്നു …
അനശ്വരമായ ദുഖത്തിലൂടെ ഞാൻ രക്ഷപ്പെടുന്നു …
”കൈപ്പിടി തിരിച്ച് മടക്കമില്ലെന്ന് ഉറപ്പുള്ള ആ ഇടനാഴിയിലേക്ക് ഞാൻ കടന്നു. ഈയം പോലെ ഉറച്ചു പോയ എന്റെ കാലുകളെ ഞാൻ ആ പടികൾ കയറുവാൻ പ്രേരിപ്പിച്ചു. അനേകം ആളുകൾ നടന്നു തേഞ്ഞു മിനുസപ്പെട്ട ആ മാർബിൾ പടികൾ ആകാശത്തേക്കു ചുറ്റിത്തിരിഞ്ഞു കയറുന്നതു പോലെ തോന്നി.”
ഉദ്വേഗജനകമായ വഴിത്തിരിവുകളിലൂടെ ആസ്വാദനത്തിന്റെ പുത്തൻ തലങ്ങൾ സൃഷ്ട്ടിച്ച് വായനക്കാരെ ത്രസിപ്പിച്ച ഡാൻ ബ്രൗണിന്റെ ലോകോത്തര കൃതി ഇൻഫർണോ വീണ്ടുമെത്തുന്നു. ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ്, ദ ഡാവിഞ്ചി കോഡ്, ലോസ്റ്റ് സിംബൽ തുടങ്ങിയ ത്രില്ലെർ നോവലുകൾക്ക് ശേഷം ത്രില്ലറുകള്‍ക്ക് ഒരു അവസാനവാക്കായി ബ്രൗണിന്റെ ഏറ്റവും പുതിയ നോവലാണ് ഇൻഫർണോ. നരകം എന്നതിന് ഇറ്റാലിയൻ ഭാഷയിലെ പേരാണ് “ഇൻഫർണോ“. ഡാൻ ബ്രൗണിന്റെ മുൻനോവലുകളെ പോലെ തന്നെ ഇതും 24 മണിക്കൂർ സമയം കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ് വിവരിക്കുന്നത്.
ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട കൃതികളിലൊന്നും നാല്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതുമായ ദി ഡാവിഞ്ചി കോഡ് ഡാൻ ബ്രൗണിന്റെ നാലാമത്തെ നോവലാണ്. മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയ ഡാവിഞ്ചി കോഡിന് ഇതിനകം നിരവധി പതിപ്പുകള്‍ ഉണ്ടായിട്ടുണ്ട്.തന്റെ മൂന്നാമത്തെ നോവലായ ദി ലോസ്റ്റ് സിംബൽ പരമ്പരയിലെ ഏറ്റവും പുതിയ രചനയാണ് ഇൻഫർണോ. 54 ഭാഷകളിലായി 200 ദശലക്ഷം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട കൃതികളുടെ രചയിതാവായ ഡാന്‍ ബ്രൗനിന്റെ ഇൻഫർണോ ത്രില്ലർ നോവലുകൾ ഇഷ്ടപ്പെടുന്നവർ ഒറ്റയിരിപ്പിനു വായിച്ചു തീർക്കും. ഇൻഫർണോയുടെ മൂന്നാം പതിപ്പാണ് ഡിസി ബുക്സ് ഇപ്പോൾ വായനക്കാർക്കു മുന്നിൽ എത്തിക്കുന്നത്.
തലയ്ക്കു വെടിയേറ്റ് ഇറ്റലിയിലെ ഫ്ലോറൻസിൽ ആശുപത്രിയിൽ ബോധം വന്നപ്പോൾ മുതൽ താന്‍ എന്തിനാണ് ഇറ്റലിയില്‍ എത്തിയതെന്നോ തനിക്ക് എന്താണ് സംഭവിച്ചതെന്നോ റോബര്‍ട്ട് ലാങ്ടണ് അറിയില്ല.കഴിഞ്ഞ 36 മണിക്കൂറിൽ സംഭവിച്ച കാര്യങ്ങളൊന്നും തന്നെ അയാൾക്കോർമ്മയില്ല. ഒരു ഞെട്ടലോടെ ആ സത്യം
തിരിച്ചറിഞ്ഞത്തിനു ശേഷം തന്റെ ജീവന്‍ രക്ഷിച്ച സിയന്ന ബ്രൂക്‌സ് എന്ന വനിതാഡോക്ടര്‍ക്കൊപ്പം ശത്രുക്കളില്‍ നിന്ന് രക്ഷപെടാനായി ലാങ്ടണ്‍ നടത്തുന്ന പലായനവും സ്മൃതിഭ്രംശം നേരിട്ട സമയത്ത് തനിക്കെന്താണ് സംഭവിച്ചതെന്ന അന്വേഷണവും ഇന്‍ഫര്‍ണോയെ ഉദ്വേഗജനകമാക്കുന്നു. അജ്ഞാതരായ ചിലര്‍ തന്നെ വേട്ടയാടുന്നുവെന്നും തന്റെ രാജ്യത്തിന്റെ എംബസി പോലും എതിരാണെന്ന കാര്യം ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞ ലാങ്ടണ്‍ അധികം വൈകാതെ, ലോകാരോഗ്യ സംഘടന ഏല്പിച്ച ഒരു രക്ഷാദൗത്യവുമായാണ് താന്‍ ഇറ്റലിയില്‍ എത്തിയതെന്ന് മനസ്സിലാക്കുകയാണ്.
കാലാതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാംസ്‌കാരികപ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ലാങ്ടണ്‍ എത്തിച്ചേരുന്നത് ദാന്തെയുടെ ഇന്‍ഫര്‍ണോ എന്ന കാവ്യത്തിന്റെ ആരാധകനായ ഭ്രാന്തന്‍ ശാസ്ത്രജ്ഞനിലേക്കാണ്. ലോകാവസാനത്തിനു തന്നെ കാരണമായേക്കാവുന്ന ഒരു വൈറസിനെ കെട്ടഴിച്ചുവിട്ടിട്ട് ആ ശാസ്ജ്ഞന്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. ആ വൈറസാകട്ടെ വായുവിലൂടെ പകരുന്നതാണെന്നത് കാര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
രക്ഷകരും ശിക്ഷകരും മാറിമറിയുന്ന അപൂര്‍വ്വമായ വഴിത്തിരിവുകളിലൂടെയാണ് ഇന്‍ഫര്‍ണോ നീങ്ങുന്നത്. ത്രില്ലര്‍ നോവലുകളെ ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്ക് ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാനുള്ള പ്രചോദനം നല്‍കുന്നതാണ് ഡാന്‍ ബ്രൗണിന്റെ ശൈലി. ജോണി എം.എല്‍ ആണ് കൃതിയെ മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.
പത്രപ്രവര്‍ത്തകന്‍, കലാവിമര്‍ശകന്‍, ആര്‍ട്ട് ക്യുറേറ്റര്‍, വിവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ജോണിയുടെ രചനാരീതി ഇന്‍ഫര്‍ണോയെ ഒരു മലയാള നോവലെന്ന പോലെ ആസ്വാദ്യമാക്കുന്നു. അനിതാ നായരുടെ മിസ്ട്രസ്സ്, പൗലോ കൊയ്‌ലോയുടെ ഇലവന്‍ മിനിറ്റ്‌സ്, ഫിലിപ്പ് റോത്തിന്റെ ഐ മാരീഡ് എ കമ്യൂണിസ്റ്റ് തുടങ്ങിയവയടക്കം നിരവധി വിവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ച ജോണി അരവിന്ദ് കേജ്‌രിവാള്‍: ഇന്ത്യ സമ്പൂര്‍ണ്ണ ജനാധിപത്യത്തിലേക്ക് എന്ന കൃതിയുടെ രചയിതാവ് കൂടിയാണ്