ഇരുവഴിഞ്ഞി പുഴയെ കണ്ണീര്‍ക്കടലിലാക്കി മറഞ്ഞ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയ നൊമ്പരങ്ങൾ മലയാളി മനസ്സിൽ പെയ്‌തിറങ്ങിയ അനുഭവം സൃഷ്ടിച്ച സിനിമ. പൃഥ്വിരാജിന്റേയും പാർവ്വതിയുടെയും അഭിനയ പാടവം തെളിയിച്ച ചിത്രം മലയാളത്തിലെ മികച്ച സംവിധായകരെല്ലാം സിനിമയാക്കാൻ ആഗ്രഹിച്ച ഒരു പ്രണയ കഥയാണ്. ഒടുവിൽ ഒൻപതു വർഷത്തെ പ്രതിസന്ധികളിൽ നിന്നുള്ള നവാഗത സംവിധായകനായ ആർ എസ് വിമലിന്റെ സമർപ്പണത്തിലൂടെ ലോകസമക്ഷത്തിനു മുന്നിൽ എന്ന് നിന്റെ മൊയ്‌തീൻ എന്ന ജനപ്രിയ ചലച്ചിത്രം.
കാഞ്ചനയുടെയും മൊയ്തീനിന്റെയും പ്രണയഭാഷ്യം ദൃശ്യാവിഷ്കാരത്തിന്റെ തനിമ ചോരാതെ വാക്കുകളിലൂടെ വായക്കാരിലേക്ക് പകർന്നു കൊടുക്കുകയാണ് സംവിധായകൻ ആർ എസ് വിമൽ. ജനകീയ പ്രണയകഥയുടെ ജനപ്രിയതയുള്ള വ്യഖ്യാനമാണ് എന്ന് നിന്റെ മൊയ്തീന്‍. പ്രണയിനിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണിനെ നെഞ്ചോടടുക്കി ജീവിച്ച മൊയ്തീനും, ആ പ്രണയത്തെ മരിക്കാതെ കാത്ത കാഞ്ചനമാലയ്ക്കുമുള്ള ഹൃദയാദരമാണ് എന്നു നിന്റെ മൊയ്‌തീൻ എന്ന സിനിമയും സിനിമയുടെ തിരക്കഥയും. സിനിമയെന്ന മാധ്യമത്തെ സത്യസന്ധമായി സമീപിച്ച സംവിധായകന്റെ തുടര്‍ പ്രതീക്ഷയേകുന്ന ഒരു മികച്ച തുടക്കം.
കഥാപാത്രങ്ങളുടെ ഉള്‍വ്യഥകളിലൂടെ തിരക്കഥാകൃത്ത് നടത്തുന്ന സഞ്ചാരമാണ് തിരക്കഥാരചന. മുള്ളുകള്‍ നിറഞ്ഞ പാതയിലൂടെയുള്ള സഞ്ചാരത്തിന് തയാറാണെങ്കില്‍ മാത്രമേ തിരക്കഥാരചനയില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. തിരക്കഥാരചന സ്കൂളുകളിൽ പാഠ്യവിഷയമാക്കണമെന്നതിന്റെ ആവശ്യകതയേറി വരുന്ന ഈ കാലത്ത് സിനിമയ്ക്ക് വേണ്ടി എഴുതിയ തിരക്കഥയുടെ പുസ്തക രൂപത്തിന് വലിയ പ്രാധാന്യമാണുള്ളത്. എന്നു നിന്റെ മൊയ്‌തീൻ എന്ന ഈ പുസ്തകം വിദ്യാർഥികൾക്ക് ഒരു പഠന സഹായിയാണ്. കുരുന്നു മനസ്സുകളിലെ തിരക്കഥാരചനയുടെ സർഗ്ഗസൃഷ്ടിക്ക് ഉപകാരപ്പെടും വിധമാണ് സിനിമയുടെ ഓരോ സന്ദർഭങ്ങളെയും തരംതിരിച്ച് ചിത്രങ്ങളോടു കൂടി ആർ എസ് വിമൽ തയ്യാറാക്കിയിരിക്കുന്നത്.
എന്നു നിന്റെ മൊയ്‌തീൻ എന്ന പുസ്തകത്തിന്റെ ആമുഖമെഴുതുമ്പോൾ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങൾ ആർ എസ് വിമൽ പുസ്തകത്തിൽ പറയുന്നുണ്ട്. മൊയ്തീനെയും കാഞ്ചന മാലയേയും നെഞ്ചേറ്റിയ ആസ്വാദകർ എന്നു നിന്റെ മൊയ്‌തീൻ എന്ന പുസ്തകത്തേയും വളരെ ആകാംക്ഷയോടെ സ്വീകരിച്ചു. 2015 നവംബറിൽ പ്രസിദ്ധീകരിച്ച എന്നു നിന്റെ മൊയ്‌തീൻ പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
മാധ്യമപ്രവർത്തകനായ ആർ എസ് വിമലിന്റെ ജലം കൊണ്ട് മുറിവേറ്റവൾ എന്ന ഡോക്യുമെന്ററിയാണ് പിന്നീട് എന്നു നിന്റെ മൊയ്‌തീൻ എന്നപേരിൽ ചലച്ചിത്രമായത്.ഡോക്യുമെന്ററിക്ക് സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.