ആധുനികകേരളത്തിന്റെ ശില്പിയായ നാരായണഗുരുവിനെക്കുറിച്ചാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകമെഴുതപ്പെട്ടിട്ടുള്ളത്. ഗുരുചിന്തകളെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും അതാതുകാലത്തിനുവേണ്ടിയുള്ള പുനരാഖ്യാനങ്ങളാണ് അവയെല്ലാം. ചിത്രകലയിലും ശില്പകലയിലും മറ്റു കലാരൂപങ്ങളിലും ഇത്തരത്തിലുള്ള ആഖ്യാന നവീകരണങ്ങള്‍ തുടരുന്നുണ്ട്. ഇത്തരത്തിലുള്ള പുനരാവിഷ്‌കാരങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയുമാണ് ഓരോ മഹാപുരുഷന്മാരും കാലത്തെ അതിജീവിക്കുന്നത്. സല്‍വദോര്‍ ദാലിയും ലിയാണോര്‍ഡ് ഡാവിഞ്ചിയും മാത്രമല്ല പില്‍ക്കാലത്ത് അനേകം കലാകാരന്മാര്‍ ചരിത്രപുരുഷന്മാരെയും വിശ്വാസങ്ങളെയും പുനരാഖ്യാനം ചെയ്തിട്ടുണ്ട്.
കൊച്ചി മുസിരിസ് ബിനാലെയുടെ പ്രഥമ ക്യുറേറ്ററും സ്ഥാപകഡയറക്ടറുമായ റിയാസ് കോമു പതിനൊന്നു വര്‍ഷം മുന്‍പ് രൂപകല്പന ചെയ്ത ശില്പം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. വെങ്കലത്തില്‍ തീര്‍ത്ത ശില്പത്തിന്റെ ചിത്രം അദ്ദേഹം തന്നെ രൂപകല്പന ചെയ്ത ഗുരുചിന്തന ഒരു മുഖവുര എന്ന പുസ്തകകത്തിന്റെ കവര്‍ച്ചിത്രമായപ്പോഴാണ് പുതിയ തര്‍ക്കങ്ങള്‍. ശില്പിയും പ്രസാധകനും ഗുരുനിന്ദ ചെയ്യുന്നുവെന്നാണ് തര്‍ക്കത്തിന്റെ പ്രധാന വിഷയം. ഇതോടൊപ്പം പ്രസാധകര്‍ക്കുനേരെ ഭീഷണിസ്വരത്തിലുള്ള വാട്‌സ് ആപ് സന്ദേശം വിവിധ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് വിഭാഗീതയത സൃഷ്ടിക്കുന്നതുവരെയെത്തിരിക്കുന്നു തര്‍ക്കത്തിന്റെ വ്യാപ്തി.
ഗുരുചിന്തയുടെ തീക്ഷണതയെയും ആഴത്തെയും ധ്വനിപ്പിക്കുന്നതാണ് റിയാസ് കോമുവിന്റെ ശില്പം. നാരായണഗുരുവിന്റെ പുരോഗമനാശയങ്ങളില്‍ ആകൃഷ്ടനായ ശില്പി തന്റേതായ ഗുരുസങ്കല്പത്തെ ആദരപൂര്‍വമാണ് ശില്പത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.പതിറ്റാണ്ടു മുന്‍പ് ഈ ശില്പം ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രബുദ്ധമായ സമൂഹവും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമങ്ങളും മികച്ച പ്രതികരണമാണ് നല്‍കിയത്. എല്ലാത്തരം കലാവ്യാഖ്യാനങ്ങളെയും ഉള്‍ക്കൊള്ളാന്‍ വിശാലമായ ജനാധിപത്യബോധം നമ്മുടെ സമൂഹത്തിനുണ്ടായിരുന്നു.
ഗുരുചിന്തന ഒരു മുഖവുര എന്ന പുസ്തകം ഗുരുവിമര്‍ശനഗ്രന്ഥമല്ല. ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ചുള്ള ആധുനിക വ്യഖ്യാനവും മലയാളിയുടെ യഥാര്‍ത്ഥ ഗുരുവിനെ കണ്ടെത്താനുള്ള മഹത്തായ ശ്രമവുമാണ്. നിത്യചൈതന്യയതിയും നടരാജഗുരുവും മുനി നാരായണപ്രസാദും ചെയ്തിരുന്നതുപോലെ ഗുരുവിന്റെ അറിവിനെക്കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണം.
എല്ലാവിധ ആശയവൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന പ്രസാധന ശാലയായ ഡി സി ബുക്‌സ് നാരായണഗുരുവിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ പിന്‍ഗാമികളായ സന്യാസിശ്രേഷ്ഠരുടെ പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതേടൊപ്പം ശ്രീനാരായണ പ്രസ്ഥാനത്തെ നയിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങളേറെയുള്ള ആത്മകഥയും ഡി സി ബുക്‌സ് തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശ്രീനാരായണ ഗുരുവിനെ ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവരെ മാത്രം ഉദ്ദേശിച്ച് ലാഭേഛയില്ലാതെയാണ് ഗുരുചിന്തന ഒരു മുഖവുര ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയത്. ആയിരം കോപ്പിമാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്.
ഗുരുവിനെക്കുറിച്ചുള്ള ഈ പുസ്തകം വായിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങളും ദര്‍ശനവും കര്‍മ്മമാര്‍ഗവും അടുത്തറിയാനാവും. ഈ ചിന്തയുടെ തീക്ഷണതയേയും ആഴത്തെയും ദ്യോതിപ്പിക്കുന്നതാണ് റിയാസ് കോമുവിന്റെ ശില്പം.