ലോകസാഹിത്യത്തിലെ അനശ്വരപ്രതിഭകളില്‍ പ്രഥമഗണനീയനാണ് ചാള്‍സ് ഡിക്കന്‍സ്. സ്വകീയജീവിതാനുഭവങ്ങളില്‍ നിന്നും ചുറ്റുമുള്ള സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒരു സാമൂഹ്യ ശാസ്ത്രജ്ഞന്റെ കൃത്യതയോടെ മെനഞ്ഞെടുത്തവയാണ് അദ്ദേഹത്തിന്റെ ഓരോ രചനയും. അതുകൊണ്ടുതനെ അവയെല്ലാം ഇന്നും വിശ്വസാഹിത്യ വിസ്മയങ്ങളായി നിലകൊള്ളുന്നു.
മാനുഷികമൂല്യങ്ങളും മാനവികതയും പ്രതിഫലിക്കുന്ന കഥകളാണ് ചാള്‍സ് ഡിക്കന്‍സിന്റേത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അവയ്ക്ക് പ്രചുരപ്രചാരം ലഭിച്ചത് അതുകൊണ്ടാണ്. ഡിക്കന്‍സിന്റെ പ്രശസ്തങ്ങളായ ആറു കഥകള്‍ ഉള്‍പ്പെടുത്തി ലോകോത്തര കഥകള്‍ ചാള്‍സ് ഡിക്കന്‍സ് എന്നപേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം അത്യന്തം ജനകീയമായതിനു കാരണവും അതില്‍ നിറയുന്ന ജീവിതം തന്നെ. പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
കാലിഫോര്‍ണിയന്‍ തീരത്തേക്കുള്ള യാത്രയില്‍ മഞ്ഞുപാറയിലിടിച്ചു തകര്‍ന്ന കപ്പലിലെ യാത്രക്കാരുടെ അതിജീവനത്തിന്റെ കഥയാണ് ഗോള്‍ഡന്‍ മേരി (ദി റെക്ക് ഓഫ് ദി ഗോള്‍ഡന്‍ മേരി). രക്ഷാബോട്ടില്‍ ജീവിതത്തിനും മരണത്തിനുമിടയിലൂടെ ഉലഞ്ഞുനീങ്ങുന്ന യാത്രക്കാര്‍ക്ക് കൈവശമുള്ള ആഹാര ശകലങ്ങള്‍ക്കൊപ്പം പ്രത്യാശയുടെ തുണ്ടുകള്‍ കൂടി വിളമ്പുന്ന ക്യാപ്റ്റനും വിറങ്ങലിപ്പിന്റെ അന്തരീക്ഷത്തില്‍ ആഹ്ലാദത്തിന്റെ നീലമേഘത്തുണ്ടാകുന്ന ഗോള്‍ഡന്‍ ലൂസി എന്ന പിഞ്ചുകുഞ്ഞും ചേര്‍ന്ന് സങ്കീര്‍ണതകളുടെ കുഴമറിച്ചിലില്ലാതെ സരളമായി കഥ പറയുകയാണ് ഡിക്കന്‍സ്.
ഹോളിഡേ റൊമാന്‍സ് എന്ന ശീര്‍ഷകത്തില്‍ നാലു കഥകളാണുള്ളത്. ദരിദ്രവും ചൂഷിതവുമായ പതിവുബാല്യങ്ങളെ വിട്ട് ധീരരും സാഹസികരുമായ കുഞ്ഞുങ്ങളുടെ ലോകം ഇവയിലൂടെ അവതരിപ്പിക്കുകയാണ് ഡിക്കന്‍സ്. മുതിര്‍ന്നവരെ പ്രതിരോധിച്ചുകൊണ്ട് കാല്‍പനികലോകം ഒരുക്കുന്ന കുഞ്ഞുവിപ്ലവകാരികള്‍ തന്നെയാണ് ആഖ്യാതാക്കളും.
കാമ്പ് വറ്റിക്കൊണ്ടിരിക്കുന്ന മെയ്ദിന നൃത്തത്തിന്റെ ഗൃഹാതുരതകള്‍ നിറയുന്ന കഥയാണ് മെയ്ദിനം (ദി ഫസ്റ്റ് ഓഫ് മെയ്). അകക്കണ്ണിലുത്ഭവിച്ച മായാമരത്തിന്റെ ശാഖകളിലൂടെ കുട്ടിക്കാലത്തിനു ജീവന്‍ വെപ്പിച്ചെടുക്കുകയാണ് ക്രിസ്മസ് ട്രീ എന്ന കഥ. കടലില്‍ നിന്നെത്തിയ സന്ദേശം (എ മെസേജ് ഫ്രം ദി സീ), കൊടി കാട്ടുന്ന ആള്‍ (ദി സിഗ്നല്‍ മാന്‍) എന്നീ കഥകള്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ഗ്രാമീണജീവിതത്തിന്റെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ നല്‍കുന്നു.
ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുകയും നിരവധി പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുള്ള ജെനി ആന്‍ഡ്രൂസാണ് ലോകോത്തര കഥകള്‍ ചാള്‍സ് ഡിക്കന്‍സ് എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം നിര്‍വ്വഹിച്ചത്. വിജയം സുനിശ്ചിതം, സമഗ്രയോഗ, വൈറ്റ് കാസില്‍, അതേ പേരുകാരന്‍ തുടങ്ങിയ കൃതികള്‍ക്ക് തര്‍ജ്ജമ നിര്‍വ്വഹിച്ചതും ജെനിയായിരുന്നു.