മലയാളികള്‍ക്ക് എന്നും തീരാത്ത ആശങ്കകളാണ് മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ളത്. ഡാം ഇപ്പോള്‍ തകരും എന്ന മട്ടില്‍ ഇടയ്ക്കിടെ വാര്‍ത്തകള്‍ വരുകയും ഡാം പൊട്ടിയാലുള്ള ദുരന്തത്തിന്റെ തീവ്രത സംബന്ധിച്ച വാര്‍ത്തകളും വിവരണങ്ങളും മാധ്യമങ്ങളില്‍ നിറയുകയും ചെയ്യാറുണ്ട്. ഇടുക്കി മുതല്‍ ചാലക്കുടി പുഴയുടെ അക്കരെ വരെ തീവ്രമായ ഭീതി ഇതോടെ പടര്‍ന്നുപിടിക്കുന്നു. എന്നാല്‍ ഈ ഭീതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഇല്ലെന്നാണ് ജസ്റ്റീസ് കെ.ടി.തോമസ് മുല്ലപ്പെരിയാര്‍ ഡാം: ചില വെളിപ്പെടുത്തലുകള്‍ എന്ന തന്റെ പുസ്തകത്തിലൂടെ പറയുന്നത്.
സമീപകാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മുല്ലപ്പെരിയാര്‍ ഡാം: ചില വെളിപ്പെടുത്തലുകള്‍ എന്ന ഗ്രന്ഥത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള കിംവദന്തികളും ഊഹാപോഹങ്ങളും എന്നും കേരളജനതയെ എത്രമാത്രം അലട്ടിക്കൊണ്ടിരിക്കുന്നു എന്നും അതില്‍ എത്രമാത്രം വാസ്തവമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് അറിയാവുന്നവര്‍പോലും അത് മൂടിവെച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണെന്ന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായ ജസ്റ്റിസ് കെ. ടി. തോമസ് പറയുന്നു.
മൂന്നു വര്‍ഷങ്ങളിലായി നടത്തിയ ബലപ്പെടുത്തലുകളും പുനരുദ്ധാരണജോലികളും വഴി ഈ അണക്കെട്ട് പുതിയ ഡാമിനു തുല്യമായിത്തീര്‍ന്നു എന്ന് 1985ല്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ തെളിഞ്ഞതായുള്ള റിപ്പോര്‍ട്ട് എന്തുകൊണ്ട് കേരളജനത അറിയാതെപോയി? കേവലം രാഷ്ട്രീയലാഭം ഉന്നംവെച്ചുകൊണ്ടുള്ള കൊണ്ടുള്ള പ്രചാരണങ്ങളായിരുന്നു ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാരെല്ലാം നടത്തിയിരുന്നത് എന്ന് വെളിപ്പെടുത്തുകയാണ് ഈ ഗ്രന്ഥം. ഇന്നത്തെ നിലയ്ക്ക് മുല്ലപ്പെരിയാര്‍ ഡാം പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് വിശദമായ പഠനങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നു.
ഡാം സുരക്ഷിതമാണെന്നുള്ള റിപ്പോര്‍ട്ട് കേരളത്തിന് തിരിച്ചടിയായി എന്നു പറഞ്ഞ് കേരളജനതയെ വീണ്ടും ഭയപ്പെടുത്തുകയാണ് ഇവിടുത്തെ ജനനേതാക്കന്മാര്‍ ചെയ്യുന്നതെന്നും ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. പുതിയ ഡാം വേണം എന്ന കേരളത്തിന്റെ വാദത്തിനോട് യോജിക്കുന്നുണ്ടെങ്കിലും അതിന്റെ ആവശ്യകത എത്രമാത്രം എന്ന കാര്യത്തിലും ജസ്റ്റ്‌സ് കെ.ടി. തോമസ് സംശയം പ്രകടിപ്പിക്കുന്നു. ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ കേരളത്തില്‍ ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അവസരം ലഭിച്ചിട്ടും 1886 ലെ കരാര്‍ പരിഷ്‌കരിച്ചെടുക്കുന്ന കാര്യത്തില്‍ യാതൊന്നും ചെയ്തിട്ടില്ല എന്നുള്ളത് വളരെ വ്യക്തമായി മുല്ലപ്പെരിയാര്‍ ഡാം: ചില വെളിപ്പെടുത്തലുകള്‍ എന്ന ഗ്രന്ഥത്തിലൂടെ വെളിപ്പെടുന്നു.
2012ലാണ് മുല്ലപ്പെരിയാര്‍ ഡാം: ചില വെളിപ്പെടുത്തലുകള്‍ എന്ന കൃതി പ്രസിദ്ധീകൃതമായത്. ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച പുസ്തകമാണെങ്കിലും വായനക്കാര്‍ ആവേശപൂര്‍വ്വം ഇതിനെ സ്വീകരിച്ചു. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് ആശങ്കകള്‍ വെച്ചുപുലര്‍ത്തുന്ന എല്ലാവരും വായിച്ചിരിക്കേണ്ട കൃതിയാണിത്.
സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റീസ് കെ.ടി.തോമസ് ന്യായപീഠത്തിലെത്തും മുമ്പ്, സോളമന്റെ തേനീച്ചകള്‍ തുടങ്ങിയ ആത്മകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2007ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.