”കുഞ്ഞേ കുഞ്ഞേ കരയാതെ…
കുഞ്ഞി കണ്ണു കലങ്ങുലോ….
കുഞ്ഞികണ്ണിലെ മഷിയെല്ലാം….
കുഞ്ഞിക്കവിളിലൊലിക്കൂലോ …..”
കുരുന്നു മനസ്സുകളിലെ ഭാവനാ ലോകത്തിലെ വർണ്ണച്ചാർത്തുകൾക്ക് ചിറകുകൾ വീശാൻ കുട്ടിക്കവിതകൾ കൂടെ വേണം. ഹൃദ്യവും ലളിതവുമായ ഭാഷയിൽ ഇമ്പമാർന്ന ഈണത്തിൽ അവ ചൊല്ലുമ്പോൾ കൊഞ്ചിയാടുന്ന കുരുന്നുകളുടെ പാൽപുഞ്ചിരി ഏതൊരാളുടെയും മനംകവരും. പ്രപഞ്ച സൗന്ദര്യത്തിന്റെ മായിക ലോകത്തേക്ക് ആനയിക്കപ്പെടുന്ന കുരുന്നുകളുടെ ഭാവനാ സമ്പുഷ്ടമായ മനസ്സ് കൂടുതൽ വിശാലമാകുന്നു. സ്നേഹവും , വിശ്വാസവും , സഹകരണവും ആ മനസുകളിൽ ഊട്ടിയുറയ്ക്കപ്പെടുന്നു. പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി എന്ന ഈ കുട്ടിക്കവിതാ സമാഹാരം മലയാള കാവ്യശ്രേണിയുടെ മികച്ച സംഭാവനയാണ്
”പൈങ്കിളിയെ പൈങ്കിളിയെ
കളിയാടീടാൻ വരുമോ നീ …
പാടില്ലാ ചുള്ളികളാൽ …
കൂടു ചമയ്ക്കാൻ പോകുന്നു ….”
”വണ്ടത്താനെ … വണ്ടത്താനെ ….
കളിയാടീടാൻ വരുമോ നീ ….
പാടില്ലാ പൂക്കളിലെ ..
തേൻ നുകരാൻ പോകുന്നു…”
കുഞ്ഞുനാളിൽ ‘അമ്മയും ടീച്ചറും ചൊല്ലിപ്പഠിപ്പിച്ച ഒരു കൂട്ടം കുഞ്ഞുകവിതകളുടെ സമാഹരണമാണ് ഈ പുസ്തകം. ബാലാമണിയമ്മ , കുമാരനാശാൻ , വൈലോപ്പിള്ളി , ഓ എൻ വി കുറുപ്പ് , ഇരയിമ്മൻ തമ്പി , കുഞ്ഞുങ്ങളുടെ സ്വന്തം കുഞ്ഞുണ്ണി മാഷ് , എന്നിങ്ങനെ മലയാളത്തിലെ പ്രശസ്തരായ കവികളുടെ സുപരിചിതമായ താരാട്ടു പാട്ടുകളും കുട്ടിക്കവിതകളുമാണ് പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി എന്ന കവിതാ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
”പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു …”
കുരുന്നുകളുടെ ഭാവനാലോകം സമ്പുഷ്ടമാക്കാനുള്ള രസക്കൂട്ടുകൾ എല്ലാമുണ്ട് ഈ കുട്ടിക്കവിതകളിൽ. ചൊല്ലിക്കൊടുത്തും , കൂടെ പാടിയും ആടിയും നമ്മുടെ പിഞ്ചോമനകളുടെ മനസും ശരീരവും കൂടുതൽ തളിർക്കട്ടെ….ആരോഗ്യമുള്ള മനസും ശരീരവും അവരെ കൂടുതൽ ആരോഗ്യവാന്മാരാക്കട്ടെ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഈ കുട്ടിക്കവിതാസമാഹാരത്തിൽ 127 കവിതകളാണുള്ളത്.
അക്കപ്പാട്ടുകൾ , അക്ഷരപ്പാട്ടുകൾ , ഓണപ്പാട്ടുകൾ , മഴപ്പാട്ടുകൾ ,പ്രാർഥനാ ഗീതങ്ങൾ തുടങ്ങി വളരെ പ്രചാരം നേടിയ ഏതാനും നടൻ പാട്ടുകളും പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി എന്ന പുസ്തകത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. കവിതകൾ സമാഹരിച്ചത് അരവിന്ദൻ. അരവിന്ദന്റെ ഗുരുശിഷ്യ കഥകൾ , പബ്ലിക് റിലേഷൻസ് വ്യക്തിക്കും സ്ഥാപനത്തിനും സമൂഹത്തിനും , ആത്മകഥ ഓഷോ , ശ്രീ അയ്യപ്പ കീർത്തനങ്ങൾ , സന്ധ്യാകീർത്തനങ്ങൾ സ്തോത്രങ്ങൾ , മഹാകവികളുടെ കുട്ടിക്കവിതകൾ എന്നീ പുസ്തകങ്ങളും ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി എന്ന പുസ്തകത്തിന്റെ നാലാമത്തെ പതിപ്പാണ് ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുള്ളത്.