“കള്ളം കണ്ടുപിടിക്കാന്‍ യന്ത്രമുണ്ടോ..? അച്ഛനില്ലാതെ മക്കളുണ്ടാകുമോ..?പച്ചിലയില്‍ നിന്ന് പെട്രോള്‍ ലഭിക്കുമോ..? ബാധ ഒഴിപ്പിക്കലിനു പിന്നിലെ ശാസ്ത്രം എന്ത്… ?”
ഇങ്ങനെ ഒരു നൂറായിരം ചോദ്യങ്ങളുമായാണ് ഒരോ കുട്ടിയുടെയും നടപ്പ്. എന്തിന് ചില കാര്യങ്ങളില്‍ മുതിര്‍ന്നവര്‍ക്കുപോലും സന്ദേഹമാണ്. ഇങ്ങനെയൊക്കെ നടക്കുമോ..നടന്നാല്‍ തന്നെ തട്ടിപ്പാണ് എന്ന് മറ്റുചിലര്‍ പറയും. അത് സത്യമാണെങ്കിലും അതിനുള്ളിലെ വാസ്തവം അവര്‍ക്കുപോലുമറിയില്ല. ഇതിന് ശാസ്ത്രീയമായ അവഗാഹം ഇല്ലെന്നേ പറയേണ്ടു..! ശാസ്ത്രസംബന്ധിയായ നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള അധ്യാപകനായിരുന്ന പി റ്റി തോമസിന്റെ അമ്പരപ്പിക്കുന്ന ശാസ്ത്രം എന്ന പുസ്തകത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരങ്ങളുണ്ട്.
നമ്മുടെ ചുറ്റും നടക്കുന്ന പല പ്രതിഭാസങ്ങളെ നോക്കി അമ്പരന്ന് നില്‍ക്കുന്നവര്‍ക്ക് അവയ്ക്കടിസ്ഥാനമായ ശാസ്ത്രതത്ത്വങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നതിനും ഈ തത്ത്വങ്ങള്‍തന്നെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനും, വായനക്കാരില്‍ ശാസ്ത്രീയവബോധം വളര്‍ത്തുന്നതിനും സഹായിക്കുന്ന പുസ്തകമാണ് അമ്പരപ്പിക്കുന്ന ശാസ്ത്രം. ഈ അടുത്തകാലത്തായി പല ജ്യോത്സ്യന്മാരാല്‍ കബളിപ്പിക്കപ്പെട്ടവരുടെ വാര്‍ത്തയും, ബാധയൊഴുപ്പിക്കാന്‍ കൊണ്ടുപോയ പെണ്‍കുട്ടിയുടെ ദാരുണാന്ത്യവും, തമിഴ്‌നാട്ടില്‍ പച്ചില കൊണ്ട് പെട്രോള്‍ ഉണ്ടാക്കാമെന്ന് പറഞ്ഞ് ഒരുവന്‍ സര്‍ക്കാരിന്റെ ഖജനാവ് കാലിയാക്കിയതും മുംബൈയില്‍ ഒരു ഹഠയോഗി വെള്ളത്തിനുമീതെ നടക്കാമെന്നു പറഞ്ഞ് ആളെക്കൂട്ടിയതിനും പിന്നിലെ രഹസ്യങ്ങളെല്ലാം പൊളിച്ചടുക്കുകയാണ് ഈ പുസ്തകം.
ജലത്തിനുമീതെ നടക്കുന്ന യോഗി, തീക്കനലിനു മീതെ നടക്കുന്ന ഭക്തന്‍, നാഗകന്യക, നാഡീസ്പന്ദനം നിര്‍ത്തുന്ന സിദ്ധന്‍, താനേ തുറക്കുന്ന വാതില്‍, ദാഹം തീരാത്ത പക്ഷി തുടങ്ങിയ രസകരങ്ങളും വിജ്ഞാനപ്രദങ്ങളും ആയ ധാരാളം പരീക്ഷണങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നു. ഇത്രയും കാലം നാം വിശ്വസിച്ചിരുന്നവ വെറും മാജിക്കാണെന്നുള്ള തിരിച്ചറിവ് തരുന്ന, നമ്മുടെ വിശ്വാസപ്രമാണങ്ങളെ തകിടം മറിക്കുന്ന,നമ്മളെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഈ പുസ്തകത്തിന്റെ ഓരോ താളുകളിലും ഉള്ളത്.
നമ്മുടെ ജിജ്ഞാസയെ വളര്‍ത്തുന്ന..അമ്പരപ്പിക്കുന്ന ശാസ്ത്രത്തിന്റെ അഞ്ചാമത് പതിപ്പ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.