നര്‍മ്മം കലര്‍ന്ന ഗൗരവത്തോടുകൂടിയുള്ള ആഖ്യാനവും പ്രമേയങ്ങളുടെ നൂതനത്വവുമാണ് വി ജെ ജയിംസിന്റെ നോവലുകളെയും കഥകളെയും വ്യത്യസ്തമാക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കഥാസമാഹാരമായ പ്രണയോപനിഷത്തിലും ഇതിന് മാറ്റമില്ല. മികച്ച വായനാനുഭവം സൃഷ്ടിക്കുന്ന, ആഖ്യാന ശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാല്‍ ശ്രദ്ധേയമായ കഥകളുടെ സമാഹാരമാണിത്.
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥകളുടെ ഒപ്പം നില്‍ക്കുന്ന ഭൂമിയിലെ സകലമാന ദമ്പതികളോടും പ്രണയത്തിലെ കൈക്കുറ്റപ്പാടുകള്‍ തിരുത്തി സത്യപ്രണയത്തെ വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ‘പ്രണയോപനിഷത്ത്’, അപൂര്‍വ്വമായൊരു സൗഹൃദകൂട്ടായ്മയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘ദ്രാക്ഷാരസം’, ആര്‍ദ്രവും സുദൃഢവുമായ സഹോദരബന്ധത്തിന്റെ കഥപറയുന്ന ‘അനിയത്തി പ്രാവ്’, അദൃശ്യമായ അടുപ്പത്തിന്റെ അനന്ധസാധ്യതകളിലേക്കും പ്രണയാന്വേഷണം ആത്മാന്വേഷണം കൂടിയാകുന്ന അപൂര്‍വ്വചാരുതയിലേക്കും നയിക്കുന്ന ‘വോള്‍ഗ‘, ഫേസ്ബുക്ക് പ്രണയത്തിന്റെ തീവ്രതകാട്ടിത്തരുന്ന ‘അനാമിക‘, ഓര്‍മ്മകള്‍ തലതിരിഞ്ഞു പോകുന്ന സഖാവ് ദാമോദരന്റെയും അയാളുടെ കൊച്ചുമകന്റെയും കഥപറയുന്ന ‘സമയപുരുഷന്‍‘ തുടങ്ങിയ ഒമ്പത് കഥകളുടെ സമാഹാരമാണ് പ്രണയോപനിഷത്ത്.
മലയാള ചെറുകഥാസാഹിത്യത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വളരെയേറെ വായിക്കപ്പെടുകയും ചെയ്ത വി ജെ ജയിംസിന്റെ പ്രണയോപനിഷത്ത് 2015 ഒക്ടോബറിലാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ ഈ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പും പുസ്തകവിപണിയിലെത്തിയിരിക്കുകയാണ്.
ഡി സി ബുക്‌സ് സംഘടിപ്പിച്ച രജതജൂബിലി നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിയ പുറപ്പാടിന്റെ പുസ്തകത്തിലൂടയാണ് വി.ജെ ജയിംസ് സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. മലയാറ്റൂര്‍ പ്രൈസും റോട്ടറി ലിറ്റററി അവാര്‍ഡും ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചു. 2014ലെ മികച്ച കൃതികളില്‍ ഒന്നായി വിലയിരുത്തപ്പെട്ട നിരീശ്വരന്‍ തോപ്പില്‍ രവി അവാര്‍ഡിനും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ നോവല്‍ പുരസ്‌കാരത്തിനും അര്‍ഹമായി. ചോരശാസ്ത്രം, ലെയ്ക്ക, ദത്താപഹാരം, ഒറ്റക്കാലന്‍ കാക്ക തുടങ്ങിയ നോവലുകളും ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് തുടങ്ങിയ കഥാ സമാഹാരങ്ങളും അദ്ദേഹം രച്ചിട്ടുണ്ട്.