മലയാളത്തിലെ എന്നും ഓര്‍മ്മിക്കാവുന്ന കഥകളെഴുതുന്നവരില്‍ പ്രഥമ സ്ഥാനീയനാണ് സക്കറിയ. അനുകരണത്തിന്റേയോ വിധേയത്വത്തിന്റേയോ ചങ്ങലക്കെട്ടില്‍ കിടക്കാതെ സ്വതന്ത്രനായി നിന്ന് തനതായ രചനാമാര്‍ഗങ്ങള്‍ തേടിയ എഴുത്തുകാരനാണ് അദ്ദേഹം. മനുഷ്യാവസ്ഥയുടെ അതിസൂക്ഷ്മവും വിശദാംശങ്ങള്‍ നിറഞ്ഞതുമായ വര്‍ണ്ണങ്ങള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ കഥകളുടെ പ്രതലം. സമകാലിക ജീവിതത്തിലെ ദുരന്തങ്ങളും ഉത്കണ്ഠകളും വിഹ്വലതകളുമൊക്കെ ചൂണ്ടിക്കാണിക്കുന്ന, സമകാലികരുടെ ജീവിതത്തിലേക്ക് ധൈര്യപൂര്‍വ്വം കടന്നു ചെല്ലുന്ന അദ്ദേഹത്തിന്റെ രചനാലോകത്തുനിന്ന് തേന്‍ എന്ന പേരില്‍ പുതിയ ഒരു കഥാസമാഹാരം കൂടി വായനക്കാരിലെത്തുകയാണ്.
അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ കഥകളുടെ സമാഹാരമാണ് തേന്‍. പുതിയ തലമുറയിലെ എഴുത്തുശൈലികള്‍ക്കപ്പുറമുള്ള ആവീഷ്‌കാരതന്ത്രമായാണ് അദ്ദേഹം തന്റെ പുതിയ കഥാസമാഹത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. 2011ല്‍ പ്രസിദ്ധീകരിച്ച അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും എന്ന സമാഹാരത്തിലെ ചില കഥകളും ഉള്‍പ്പെടുത്തിയാണ് തേന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒരു കരടി മനുഷ്യപ്പെണ്ണെിനെ കല്യാണം കഴിക്കുന്നതിനെപ്പറ്റിയുള്ള അമേരിക്കന്‍ ഗോത്രകഥ ഓര്‍മ്മിച്ചുകൊണ്ടെഴുതിയ തേന്‍, സിനമാകമ്പക്കാരനായ ഒരുവന്റെ കഥപറയുന്ന സിനിമാകമ്പം, മുടങ്ങാതെ മദ്യം സേവിച്ചുകൊണ്ടിരുന്ന ബാര്‍ പൂട്ടിയപ്പോള്‍ മദ്യപന്മാര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ വിവരിക്കുന്ന മദ്യശാല, റാണി, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, പണിമുടക്ക്, തുടങ്ങിയ ചെറുതും രസകരവുമായ ഒരു ഡസന്‍ കഥകളാണ് തേനില്‍ സമാഹാരിച്ചിരിക്കുന്നത്. അവയെല്ലാം സമകാലികപ്രസക്തിയുള്ള പ്രമേയങ്ങള്‍കൊണ്ടും ആഖ്യാനഭംഗികൊണ്ടും വേറിട്ടുനില്‍ക്കുന്നവയാണ്.
കോട്ടയം ജില്ലയിലെ ഉരുളിക്കുന്നത്താണ് സക്കറിയ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂര്‍ എം.ഇ.എസ് കോളേജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലും അധ്യാപകനായിരുന്നു. അധ്യാപക ജോലി ഉപേക്ഷിച്ച് കോയമ്പത്തുരിലും പിന്നീട് ഡല്‍ഹിയിലുമെത്തി. തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രധാന മാധ്യമങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ടെലിവിഷന്റെ സ്ഥാപകപ്രവര്‍ത്തകരിലൊരാളാണ്.
എന്റെ പ്രിയപ്പെട്ട കഥകള്‍, സലാം അമേരിക്ക, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, ഒരു ആഫ്രിക്കന്‍ യാത്ര, നബിയുടെ നാട്ടില്‍, സക്കറിയയുടെ കഥകള്‍, പ്രെയ്‌സ് ദ ലോര്‍ഡ് തുടങ്ങി കഥാസമാഹാരങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, യാത്രാവിവരണം എന്നിങ്ങനെ നിരവധി കൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സക്കറിയയുടെ രചനകള്‍ ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.