മാധവിക്കുട്ടി എന്ന എഴുത്തിന്റെ രാജകുമാരിയെ ഡി സി ബുക്സിന്റെ വായനക്കാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് അറിയാം. വികാരങ്ങളുടെ തീക്ഷണമായ ഭാവനാലോകം കൊണ്ട് മലയാള ഭാഷയെ പുതുക്കി പണിത എഴുത്തുകാരി. നോവൽ , ചെറുകഥ, കവിത, ജീവചരിത്രം , യാത്രാ വിവരണം തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി എണ്ണമറ്റ കൃതികളുടെ സൃഷ്ടാവ്. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖ. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാന്‍ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി.അങ്ങനെ വിശേഷണങ്ങൾ അനവധിയാണ് മാധവിക്കുട്ടി എന്ന മലയാളത്തിന്റെ സ്വന്തം കമല സുരയ്യയ്ക്ക്.
മാധവിക്കുട്ടിയുടെ ഒൻപത് കഥകളുടെ സമാഹാരമാണ് പക്ഷിയുടെ മണം എന്ന പുസ്തകം. ജീവിതത്തിന്റെ ഓരോ തലങ്ങളെയും വിഭ്രമാത്മക മുഹൂർത്തങ്ങളിലൂടെ അടയാളപ്പെടുത്തുന്ന പുസ്തകം. വായനക്കാരെ വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയത്തിന്റെ പരിസര വർണ്ണനയും തീക്ഷണമാണ്. അവതരണ ശൈലിയിൽ വേറിട്ട് നിൽക്കുന്ന പക്ഷിയുടെ മണം എന്ന പുസ്തകത്തിലെ ഓരോ കഥയും അവസാനിക്കുന്നത് സ്ത്രീകളുടെ ഉറങ്ങിക്കിടക്കുന്ന ലൈംഗീക അഭിലാഷങ്ങളുടെ ബഹിർഗമനത്തിന് ശേഷമാണ്.
ഓരോ കഥയിലും വിഭിന്ന തലങ്ങളിൽ നിൽക്കുന്നവർ തമ്മിലുള്ള വേറിട്ട ആസക്തികളാണ് വിഷയം. ആദ്യ കഥ ‘സ്വതന്ത്ര ജീവികളിൽ’ തന്നേക്കാള് പ്രായം കൂടിയ അയാളെ എയർ പോർട്ടിൽ നിന്നും സ്വീകരിച്ചു കൊണ്ട് വന്നു തിരികെ കൊണ്ടാക്കുന്നത്തിന് ഇടയ്ക്കുള്ള നാലഞ്ചു മണിക്കൂറുകൾ ആണ് വിവരിക്കുന്നത്. പ്രണയത്തിന്റെ യാതൊരു ഭാവവും അയാളിൽ ഇല്ലായിരുന്നു. എന്നാൽ അവൾക്ക് അയാളോട് തോന്നുന്ന അഭിനിവേശത്തിന് യുഗങ്ങളുടെ പഴക്കമുണ്ടെന്ന് അവൾ തിരിച്ചറിയുന്നു. പക്ഷേ അവൾ തന്റെ നിസ്സഹായതയെ ഓർത്ത് വ്യസനിക്കുകയാണ്. തുടർന്നുള്ള അരുണാചലത്തിന്റെ കഥ , ഇടനാഴികളിലെ കണ്ണാടികൾ, ചതി , വരലക്ഷ്മി പൂജ , കല്യാണി , ഉണ്ണി , വക്കീലമ്മാവൻ എന്നീ കഥകളിലെല്ലാം നഷ്ടപ്പെടുത്തുന്നതും , നഷ്ടമാകുന്നതും , ഒഴിവാക്കാൻ ശ്രമിക്കുന്നതുമായ കാമനകളുടെ വരച്ചുചേർക്കലുകളാണ്.
പുസ്തകത്തിന്റെ തലക്കെട്ടായ പക്ഷിയുടെ മണം എന്ന കഥയിൽ പതിനൊന്നു വയസു മുതൽ അവളെ വിടാതെ പിൻതുടർന്ന ഒരു നിഴൽ വരിഞ്ഞു മുറുക്കുന്നതും അവർ തമ്മിൽ സംവദിക്കുന്നതും കാണാം. എന്നാൽ ഒരു നിമിഷം കൊണ്ട് ഉണർന്ന അവളിലേക്ക് തന്റെ കുടുംബവും കുട്ടികളും കടന്നു വന്നതോടെ അവൾ കുതറി മാറുകയാണ്.എങ്കിലും അനിവാര്യമായ വിധിയിലേക്ക് അവൾ ഓടി കയറുന്നത് വായനക്കാരുടെ മനസിനെ തേങ്ങൽ കൊണ്ട് നിറയ്ക്കും.
കൊച്ചുകൊച്ചു വാക്കുകള്‍ കൊണ്ട് തീര്‍ത്ത ആ വികാര പ്രപഞ്ചത്തിന്റെ ജീവവായു സ്‌നേഹമായിരുന്നു. നാം അനുഭച്ചിട്ടില്ലാത്ത വന്യവും തീക്ഷ്ണവും തരളവുമായ ഗതിവിക്രമങ്ങളായിരുന്നു ആ സ്‌നേഹം. ചുഴലിയായും കൊടുങ്കാറ്റായും അത് വായനക്കാരുടെ മനസ്സുകളില്‍നിന്ന് പഴയ ബോധത്തിന്റെ സദാചാരച്ചപ്പുകളെ പറത്തി. തെന്നലായും കുളിര്‍കാറ്റായും മനസ്സുകളില്‍ അത് പുതുവസന്തത്തിന്റെ സൗരഭ്യം പരത്തും. പക്ഷിയുടെ മണം എന്ന പുസ്തകത്തിന്റെ ആറാം പതിപ്പാണ് ഇപ്പോൾ ഡിസി ബുക്സ് പുറത്തിറക്കിയിരിക്കുന്നത്.