മനുഷ്യ മരണവും അതെ ചൊല്ലിയുള്ള സമൂഹത്തിന്റെ അവലോകനവും പലപ്പോഴും രണ്ടു തലങ്ങളിലായിരിക്കും. കോടതി മുറിയിലെ പ്രതിക്കൂട്ടിൽ പോലും സത്യം മാത്രമേ ബോധിപ്പിക്കാവൂ എന്ന വാചകം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു മിഥ്യാസങ്കൽപ്പം മാത്രമാണ്. കാരണം പൂർണ്ണ സത്യം അയാൾക്ക് അപ്രാപ്യമാണ് എന്നത് തന്നെ. എന്നാൽ മരണം എന്ന പ്രാപഞ്ചിക പ്രതിഭാസത്തിന്റെ പൂർണ്ണ സത്യം പോസ്റ്റ് മോർട്ടം ടേബിളിലാണ് വെളിപ്പെടുന്നത്. കേരളക്കരയെ ഇളക്കി മറിച്ച പല മരണങ്ങളുടെയും കൊലപാതകങ്ങളുടെയും പൂർണ്ണ സത്യം വെളിപ്പെടുത്തുന്ന പുസ്തകമാണ് തുശൂർ ഗവ : മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി വിരമിച്ച ഡോ . ഷേർളി വാസുവിന്റെ പോസ്റ്റ് മോർട്ടം ടേബിൾ എന്ന പുസ്തകം.
അഴിച്ചുപേക്ഷിച്ച വസ്ത്രമായി ദേഹം മേശയിൽ കിടത്തി മിഴിയും മനസും അർപ്പിച്ച് രേഖപ്പെടുത്തുന്ന കാര്യങ്ങൾ സർക്കാർ കടലാസ്സിൽ രേഖപ്പെടുത്താത്ത സാക്ഷിമൊഴികളാണ്. ആ സാക്ഷിമൊഴികളാണ് ഡോ .ഷേർളി വാസു സമൂഹ കോടതിക്കു മുന്നിൽ വെളിപ്പെടുത്തുന്നത്. മരണത്തിന്റെ ചില ചോദ്യങ്ങൾക്ക് ഉത്തരം തേടലാണ് പോസ്റ്റ് മോർട്ടം പരിശോധനയും അനുബന്ധ പരിശോധനകളും. മരിച്ചതാരാണ് , എപ്പോഴാണയാൾ മരിച്ചത് , ഏതു കാരണത്താലാണ് … പ്രാഥമിക ചോദ്യങ്ങൾ ഇതെല്ലാമാണ്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പോസ്റ്റ്മോർട്ടം.
കഴിഞ്ഞ 30 വർഷത്തിലധികമായി പതിനായിരക്കണക്കിന് മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഡോ . ഷേർളി വാസുവിന്റെ അനുഭവങ്ങൾ പല നഗ്ന സത്യങ്ങളും വെളിപ്പെടുത്തുന്ന ഒന്നാണ്. 80 കളിൽ എയിഡ്സ് എന്ന രോഗം ഒരു തലമുറയെ തന്നെ കൊന്നൊടുക്കാൻ അവതരിച്ചെന്ന ഭീതിയും രോഗനിർണ്ണയം നടത്താനുള്ള വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ അമിതമായ ആശങ്കകളും കോലാഹലപ്പെടുത്തിയ ഒരു മരണത്തിന്റെ യഥാർഥ ചിത്രം പോസ്റ്റ്മോർട്ടം ടേബിൾ എന്ന പുസ്തകം തുറന്നു കാട്ടുന്നു. ദേശീയ തലത്തിൽ പോലും വാർത്താ പ്രാധാന്യം നേടിയ ആ മരണം പരിശോധിക്കാൻ പല ഡോക്ടർമാരും തയ്യാറായില്ല. മൃതദേഹത്തിൽ ADIS എന്നെഴുതിയത് ഒറ്റനോട്ടത്തിൽ AIDS എന്നാണെന്ന് സമൂഹം വിലയിരുത്തി. ഒടുവിൽ ആ ശരീരവും ഡോ. ഷേർളി വാസുവിന്റെ പോസ്റ്റ് മോർട്ടം ടേബിളിൽ വന്നെത്തി.
കേരളത്തിലെ ആദ്യത്തെ പ്രശസ്ത എയിഡ്സ് മരണം കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളിലെ ഓർത്തോ പീഡിക്സ് പ്രൊഫസ്സർ ഡോ. പി എ അലക്‌സാണ്ടറുടേതാണ്. അവിചാരിതമായി സംഭവിച്ച ആ ദുരന്തത്തിന്റെ നേർക്കാഴ്ച പോസ്റ്റ്മോർട്ടം ടേബിളിൽ തുറന്നു കാട്ടുന്നു. കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ അധ്യാപന്റെ ജീവിതത്തത്തിലെ ആ മഹാ ദുരന്തം അന്നത്തെ ഡോക്ടർമാരിൽ എയിഡ്സിനെ സംബന്ധിച്ച പരിജ്ഞാനം വളരെ വേഗം നേടാൻ കാരണമായി. അങ്ങനെ ഒരു ജനത നിശബ്ദമായി അറിയാനാഗ്രഹിക്കുന്ന പല മരണങ്ങളുടെയും ചുരുളഴിയുകയാണ് പോസ്റ്മോട്ടം ടേബിൾ എന്ന പുസ്തകത്തിലൂടെ.
ഡി സി ബുക്സ് 2008 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഏഴാമത്തെ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.